13 May Thursday

ആര്യങ്കാവിൽ 
പൂരം വിരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

ആരിയങ്കാവ് പൂരത്തിന്റെ ഭാഗമായി നടന്ന കുതിരകളി

ഷൊർണൂർ
കവളപ്പാറ ആര്യങ്കാവ് പൂരം വർണാഭമായി. ഞായറാഴ്ച രാവിലെ രാവണവധംകൂത്ത്‌ കഴിഞ്ഞതും 101 കതിനവെടികൾ മുഴങ്ങിയതോടെയാണ് പൂരാഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന്, ക്ഷേത്രത്തിനുചുറ്റും കാത്തുനിൽക്കുന്ന പൂതൻ, തിറകൾ തിരുനടയിൽ കളിച്ച് വീടുകളിലേക്ക് പോയി. 
96 ദേശങ്ങളിലും പൂതൻ,- തിറ, -കുമ്മാട്ടി എന്നീ വിവിധ കലാരൂപങ്ങൾ തിമിർത്താടുമ്പോൾ നാടും നഗരവും പൂര മേളത്തിലായി. ദേവിയുടെ തോഴി എന്നറിയപ്പെടുന്ന പെൺകുതിര മുണ്ടായ കുതിര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്കുപുറത്ത് കുടിയിരുത്തി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കവളപ്പാറ- കാരക്കാട് ദേശക്കുതിരകൾ  ക്ഷേത്രത്തിലെത്തി. ഈ രണ്ടു കുതിരകളും ക്ഷേത്രമുറ്റത്ത് കളിച്ചുകയറുന്നതിനിടെ അച്ഛൻ കുതിര എന്ന ചെറുകാട്ടുപുലം കുതിരയെത്തി. പുറകെ ത്രാങ്ങാലി കുതിര വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി. 
പഞ്ചവാദ്യം, പൂക്കാവടി, തകിൽ, പൂതൻ, -തിറ എന്നിവയുടെ അകമ്പടിയോടെ കൂനത്തറ തെക്കുംമുറി,- വടക്കുംമുറി ദേശം കുതിരകളെത്തി തൊഴുതു കയറിയതോടെ മുണ്ടായ കുതിരയുടെ എഴുന്നള്ളിപ്പാണ്. 
തുടർന്ന്‌ പറയവേല ഇണക്കാളകളുമായി ക്ഷേത്രത്തിലെത്തി. വെടിക്കെട്ടോടെ പകൽ പൂരം സമാപിച്ചു. വൈകിട്ട് നാഗസ്വര കച്ചേരി, തായമ്പക എന്നിവയുണ്ടായി. തിങ്കളാഴ്ച രാവിലെ  ഏഴുമുതൽ രണ്ടു ദിവസങ്ങളിലായി ക്ഷേത്രത്തിലെത്തിയ കുതിരകൾ ഓരോന്നോരോന്നായി ക്ഷേത്രത്തിൽ എത്തുന്നതോടെ 21 ദിവസം നീണ്ടുനിന്ന പൂരാഘോഷങ്ങൾക്ക് സമാപനമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top