30 March Thursday

ബജറ്റിൽ താങ്ങുവില കൂട്ടി
കേരകർഷകന്‌ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023
പാലക്കാട്‌
ബജറ്റിൽ നാളികേരത്തിന്റെ സംഭരണ വില കൂട്ടിയത്‌ നാളികേര കർഷകർക്ക്‌ ആശ്വാസം പകരുന്നതായി. നിലവിലെ സംഭരണവിലയിൽനിന്ന്‌ രണ്ട്‌ രൂപയാണ്‌ വർധിപ്പിച്ചത്‌. ഇതോടെ 34 രൂപ കർഷകന്‌ ലഭിക്കും. നാളികേര കർഷകർക്കായി 69.5 കോടിയും അനുവദിച്ചു. 
   കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി നയങ്ങൾ നാളികേര കർഷകന്‌ ദുരിതമാകുമ്പോൾ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച താങ്ങുവില ഏറെ ആശ്വാസം നൽകും. പാംഓയിലിന്‌ നികുതി കുറച്ച കേന്ദ്ര നടപടിയും പാം ഓയിൽ കയറ്റുമതിക്ക്‌ ഇന്തോനേഷ്യ ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചതുമാണ്‌ നാളികേരത്തിന്‌ വില കുറയാൻ ഇടയാക്കിയത്‌. കൊപ്രയുടെ ഇറക്കുമതിയും വിലയിടിവിന്‌ കാരണമാണ്‌. പൊതുവിപണിയിൽ 29 രൂപയാണ്‌ കർഷകന്‌ ലഭിക്കുന്നത്‌. കൂലി മുതൽ വാഹനച്ചെലവുവരെയുള്ള കേരകൃഷിയുടെ ചെലവ്‌ കൂടുതലാണ്‌. താങ്ങുവില കൂട്ടിയതിൽ ജില്ലയിലെ കേര കർഷകർക്ക്‌ സന്തോഷമുണ്ട്‌. എന്നാൽ, നാളികേര സംഭരണത്തിന്‌ മതിയായ കേന്ദ്രങ്ങൾ ഇല്ലാത്തത്‌ പ്രതിസന്ധിയാണ്‌. വാങ്ങാനാളില്ലാതെ മാസങ്ങളോളം തേങ്ങ കൂട്ടിയിടുന്ന കർഷകരുണ്ട്‌. തമിഴ്‌നാട്ടിൽനിന്നെത്തുന്ന വ്യാപാരികൾ കുറഞ്ഞ വിലയ്‌ക്ക്‌ നാളികേരം വാങ്ങിപ്പോകുന്നുണ്ട്‌. നഷ്‌ടം സഹിച്ചിട്ടായാലും ഇവർക്ക്‌ വിൽക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്‌. 
നാളികേരത്തിന്റെയും കൊപ്രയുടെയും ഭൂരിഭാഗവും തമിഴ്‌നാട്ടിലെ കാങ്കയത്തേക്കും കർണാടകത്തിലേക്കും കയറ്റിപ്പോകുന്നതിനാൽ അവിടത്തെ വിപണി വിലയെ ആശ്രയിച്ചാകും  ഇവിടത്തെ നാളികേരത്തിന്റെ വില. 2019 ജൂലൈയിൽ കേരകൃഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ‘കേരകേരളം സമൃദ്ധ കേരളം’ പദ്ധതിക്ക്‌ എൽഡിഎഫ്‌ സർക്കാർ തുടക്കമിട്ടത്‌. പത്ത്‌ വർഷത്തേക്ക്‌ വിഭാവനം ചെയ്‌ത പദ്ധതിയുടെ ലക്ഷ്യങ്ങൾ തകർക്കാനാണ്‌ കേന്ദ്രശ്രമം.
കേരകർഷകർക്ക്‌ ആശ്വാസം
നാളികേരത്തിന്റെ താങ്ങുവില ഉയർത്തിയത് കേര കർഷകർക്ക് വലിയ ആശ്വാസമാണ്. ഒപ്പംതന്നെ സംഭരണം കാര്യക്ഷമമാക്കിയാൽ മാത്രമേ മേഖലയിലെ ചൂഷണത്തിന് പരിഹാരം കാണാനാകൂ. പഞ്ചായത്ത് അടിസ്ഥാനത്തിൽ സംഭരണകേന്ദ്രം ആരംഭിക്കണം.
വി രാജൻ
അരണ്ടപ്പള്ളം
നല്ലേപ്പിള്ളി
കേരകർഷകൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top