15 May Saturday
എലപ്പുള്ളി പഞ്ചായത്തിൽ അന്യായ പുറത്താക്കൽ

ജീവിതം വഴിമുട്ടിയ ജാനു 
ഒറ്റയാൾ സമരത്തിൽ

സ്വന്തം ലേഖകൻUpdated: Tuesday May 4, 2021
എലപ്പുള്ളി
പത്തുവർഷമായി എലപ്പുള്ളി പഞ്ചായത്ത്‌ ഓഫീസിൽ തൂപ്പുകാരിയായി  ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്ത ജീവനക്കാരിയെ അകാരണമായി പുറത്താക്കിയതായി ആക്ഷേപം. കോൺഗ്രസ്‌ ഭരിക്കുന്ന എലപ്പുള്ളി പഞ്ചായത്ത്‌ ഓഫീസിലാണ് അന്യായ  പുറത്താക്കല്‍. 
എലപ്പുള്ളി മണ്ണുകാട്‌ സ്വദേശി  ജാനു(55)വിനെയാണ് പുറത്താക്കിയത്. തന്നെയും മറ്റൊരു ജീവനക്കാരനെയും അകാരണമായാണ് കോൺഗ്രസ്‌ ഭരണസമിതി പുറത്താക്കിയതെന്ന് ജാനു പറഞ്ഞു. അവിവാഹിതയായ  ജാനു സഹോദരന്റെ കൂടെയാണ്‌ താമസം. അസുഖ ബാധിതനായ സഹോദരന്റെ ചികിൽസാചെലവിനും നിത്യവൃത്തിക്കും ഏക ആശ്രയം പഞ്ചായത്തിലുണ്ടായിരുന്ന തൊഴിലായിരുന്നു.  തൂപ്പുകാരുടെ  ഉള്‍പ്പെടെയുള്ള കരാർതസ്തികയിൽ കോൺഗ്രസ്‌ പ്രവർത്തകരെ  നിയമിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്. 
ജോലിയിൽ തിരിച്ചെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജാനു തിങ്കളാഴ്ച പഞ്ചായത്ത്‌ ഓഫീസിനുമുന്നിൽ കുത്തിയിരിപ്പ്‌സമരം നടത്തി. പ്രതിഷേധം തുടരുമെന്നും അറിയിച്ചു‌.
കോൺഗ്രസ്‌, -ബിജെപി കൂട്ടുകെട്ട്‌ പരസ്യമായ എലപ്പുള്ളി പഞ്ചായത്തിനെതിരെ   ധാരാളം ആരോപണങ്ങൾ ഉയര്‍ന്നിട്ടുണ്ട്‌. പട്ടികജാതി ഫണ്ട്‌, കോൺഗ്രസ്‌, -ബിജെപി പ്രവർത്തകർ കൂടുതലുള്ള പ്രദേശങ്ങളിൽ വകമാറ്റി ചെലവഴിക്കുക,  വികസന പ്രവർത്തനം  തങ്ങളുടെ പ്രവർത്തകർമാത്രമുള്ള പ്രദേശങ്ങളിൽ നടപ്പാക്കുക എന്നിവ അവയിൽ ചിലതാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top