15 May Saturday

ഉയരുന്നു വിജയാരവം

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

ഒറ്റപ്പാലം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ പ്രേംകുമാർ കൂട്ടിലക്കടവിൽ വോട്ട് അഭ്യർഥിക്കുന്നു

 കെ പ്രേംകുമാർ 

ഒറ്റപ്പാലം 
ഒറ്റപ്പാലം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ പ്രേംകുമാർ ശനിയാഴ്ച റോഡ്ഷോ നടത്തി. രാവിലെ തച്ചനാട്ടുകര പഞ്ചായത്തിലെ പാലോടുനിന്ന്‌ തുടങ്ങി കൊടുന്നോട്, കൂട്ടിലക്കടവ്, പുലാപ്പറ്റ, കടമ്പഴിപ്പുറം, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ്, അമ്പലപ്പാറ, മലപ്പുറം, മുരക്കുംപറ്റ, മുളഞ്ഞൂർ,  പത്തിരിപ്പാല, പഴയ ലെക്കിടി, ലെക്കിടി, പാലപ്പുറം,ഒറ്റപ്പാലം, കണ്ണിയംപുറം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച്‌ വരോടിൽ സമാപിച്ചു. 
പി ഉണ്ണി എംഎൽഎ, എം ഹംസ, കെ സുരേഷ്, എൻ ഹരിദാസൻ, വി പി ജയപ്രകാശ്, പി മൊയ്തീൻകുട്ടി, കെ രാമചന്ദ്രൻ, കുന്നത്ത് മുഹമ്മദ്‌, പി അരവിന്ദാക്ഷൻ, എം മോഹനൻ, കെ രാമകൃഷ്ണൻ, കെ രാമചന്ദ്രൻ, കെ എസ് മധു, കെ ജയദേവൻ, വി എ മുരുകൻ, പി സജീവ്കുമാർ, എം സി വാസുദേവൻ, എ കെ ഷീലാദേവി എന്നിവർ ഒപ്പമുണ്ടായി.
പി മമ്മിക്കുട്ടി 
ഷൊർണൂർ
എൽഡിഎഫ് ഷൊർണൂർ മണ്ഡലം സ്ഥാനാർഥി പി മമ്മിക്കുട്ടി ശനിയാഴ്ച തൃക്കടീരി, വാണിയംകുളം എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. നിരവധി ആളുകളോട്‌ നേരിട്ട്‌ വോട്ടഭ്യർഥിച്ചു. തുടർന്ന്, വാണിയംകുളം -മനിശീരിയിൽ റോഡ്ഷോയിൽ പങ്കെടുത്തു. കാറൽമണ്ണ ലോക്കൽ റാലിയിലും പങ്കെടുത്തു.
മുഹമ്മദ് മുഹസിൻ  
പട്ടാമ്പി 
എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹസിൻ വിളയൂർ, കൊപ്പം പഞ്ചായത്തുകളിൽ പര്യടനം നടത്തി. രാവിലെ വിളയൂർ പഞ്ചായത്തിലെ പടിഞ്ഞാക്കര, ഉടുങ്ങാൻപുറം, വൈദ്യർപടി, പേരടിയൂർ ലക്ഷംവീട്, ഉരുത്തിയാം പുലാക്കൽ, പാലോളികുളമ്പ്, കൈപ്പുറത്തൊടി, കുരാച്ചിപ്പടി, ആലിക്കപ്പള്ള്യാൽ, വി പി മുക്ക് പൊറ്റന്മൽ, വിയറ്റ്നാംപടി, പാലക്കാവ്, ഭാവന, ഉളംപുലങ്ങാട്, കുന്നത്തുപടി, മേൽമുറി, പന്നിയാംകുന്ന്, കോൽക്കുണ്ട്, വാഴപ്പുറം, പുത്തംകുളം എന്നിവങ്ങൾ സന്ദർശിച്ചു. 
എൽഡിഎഫ് നേതാക്കളായ ടി ഗോപാലകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, കെ മുരളി, ടി ഷാജി, യു അജയകുമാർ, പി സുബ്രഹ്മണ്യൻ, എ സോമൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. വൈകിട്ട് വല്ലപ്പുഴ, കുലുക്കല്ലൂർ, പട്ടാമ്പി, നടുവട്ടം, പെരുമുടിയൂർ എന്നിവിടങ്ങളിലെ റാലികളിലും പങ്കെടുത്തു.
കെ പി സുരേഷ്‌രാജ്
മണ്ണാർക്കാട് 
എൽഡിഎഫ് സ്ഥാനാർഥി കെ പി സുരേഷ്‌രാജ് അട്ടപ്പാടിയിലെ ഷോളയൂർ പഞ്ചായത്ത്, ശിങ്കമ്പാറ ആദിവാസി കോളനി,
മണ്ണാർക്കാട് നഗരസഭ എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. മുൻകൂട്ടി അറിയിക്കാതെ എത്തിയിട്ടും വൻ സ്വീകരണമാണ് ശിങ്കമ്പാറ കോളനിയിൽ സുരേഷ്‌രാജിന് ലഭിച്ചത്. കോളനിയിലെ എല്ലാ വീടുകളിലും സുരേഷ്‌രാജും സംഘവുമെത്തി. പൂക്കൾ നൽകിയും മധുരം വിളമ്പിയും ചായ സൽക്കാരം നടത്തിയും പ്രിയനേതാവിനെ ഗോത്രജനത വരവേറ്റു. എൽഡിഎഫ് നേതാക്കളായ പി ശിവദാസ്, ഷൈജു, റെജി, ബാബു, ഷാജി, റിജോ  ഊരുനിവാസികളായ ഷണ്മുഖൻ, പഴണി എന്നിവരും ഒപ്പമുണ്ടായി. വൈകിട്ട് നഗരസഭയിൽ വ്യക്തികളെ കണ്ട്‌ വോട്ടഭ്യർഥിച്ചു. തുടർന്ന് ഇടതുപക്ഷ യുവജന സംഘടനകൾ സംഘടിപ്പിച്ച യൂത്ത് വാക്കിൽ പങ്കെടുത്തു. കുന്തിപ്പുഴമുതൽ നെല്ലിപ്പുഴവരെ നടന്ന യൂത്ത് വാക്ക് നഗരത്തെ ത്രസിപ്പിച്ച യുവജന പരേഡായി മാറി.
കെ ഡി പ്രസേനൻ
ആലത്തൂർ
എൽഡിഎഫ് സ്ഥാനാർഥി കെ ഡി പ്രസേനൻ എരിമയൂർ പഞ്ചായത്തിൽ പര്യടനം നടത്തി. എരിമയൂർ ജങ്ഷനിൽനിന്ന്‌ ആരംഭിച്ച്‌ തൃപ്പാളൂരിൽ സമാപിച്ചു. പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തിലായിരുന്നു യാത്ര. സ്ഥാനാർഥിയെ ഗ്രാമങ്ങളിലെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. കുട്ടികളും വീട്ടമ്മമാരും മുതിർന്നവരും വഴിയിൽ കാത്തുനിന്നു. നിറഞ്ഞ പുഞ്ചിരിയാൽ എല്ലാവരോടും കെ ഡി പ്രസേനൻ വോട്ട്‌ അഭ്യർഥിച്ചു.
പി പി സുമോദ്‌
തരൂർ
വികസന നായകർ മന്ത്രി എ കെ ബാലനൊപ്പം എൽഡിഎഫ്‌ സ്ഥാനാർഥി പി പി സുമോദ്‌ റോഡ്ഷോ നടത്തി. വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്തുനിന്ന്‌ ആരംഭിച്ച പര്യടനം കോട്ടായിയിൽ സമാപിച്ചു. തുറന്ന ജീപ്പിൽ തരൂർ മണ്ഡലത്തിലൂടെ നീങ്ങുമ്പോൾ റോഡരികിൽ നിന്നവർ അഭിവാദ്യം അർപ്പിച്ചു. മുദ്രാവാക്യം വിളിച്ചും പുക്കൾ നൽകിയും ആളുകൾ സ്ഥാനാർഥിയെ വരവേറ്റു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി കെ ചാമുണ്ണി, ഏരിയ സെക്രട്ടറി കെ ബാലൻ എന്നിവർ നേതൃത്വം നൽകി.
കെ ശാന്തകുമാരി
കോങ്ങാട്‌ 
എൽഡിഎഫ് സ്ഥാനാർഥി കെ ശാന്തകുമാരി കേരളശേരി, മണ്ണൂർ, മങ്കര പഞ്ചായത്തുകളിൽ പര്യടനം നടത്തി. ഓരോ സ്വീകരണ കേന്ദ്രത്തിലും തിങ്ങിനിറഞ്ഞ ജനക്കൂട്ടം ഉറപ്പാണ് എൽഡിഎഫ് എന്ന് ആർത്തുവിളിച്ചു. സ്ഥാനാർഥിക്കൊപ്പം എൽഡിഎഫ് നേതാക്കളും വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
എ പ്രഭാകരൻ
മലമ്പുഴ
എൽഡിഎഫ്‌ സ്ഥാനാർഥി എ പ്രഭാകരൻ ശനിയാഴ്ച എലപ്പുള്ളി വെസ്റ്റ്‌ പ്രദേശത്ത്‌ ഗൃഹസമ്പർക്ക പരിപാടി നടത്തി. സംസ്ഥാന സീനിയർ ബോക്സിങ് 57 കിലോ വിഭാഗം വിജയി എലപ്പുള്ളി സ്വദേശിനി അഞ്ജനയെ വീട്ടിലെത്തി അനുമോദിച്ചു. ശേഷം മലമ്പുഴയിലെ വിവിധ വീടുകൾ, കടകൾ എന്നിവിടങ്ങളിൽ ചെന്ന് വോട്ടഭ്യർഥന നടത്തി. മലമ്പുഴ എസ്‌എൻ നഗർ ഗുരുമന്ദിരത്തിൽ എ പ്രഭാകരനെ പൊന്നാടയണിയിച്ച്‌ സ്വീകരിച്ചു. തുടർന്ന് അകത്തേത്തറ പഞ്ചായത്തിലെ വിവിധ കുടുംബ യോഗങ്ങളിൽ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം കൊടുമ്പ് പഞ്ചായത്തിലെ വിവിധ കുടുംബ യോഗങ്ങളിൽ പങ്കെടുത്തു. വൈകിട്ട്‌ ആറിന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത എൽഡിഎഫ്‌ വാളയാർ ലോക്കൽ റാലിയിൽ പങ്കെടുത്തു സംസാരിച്ചു. വിവിധയിടങ്ങളിൽ സിപിഐ എം പുതുശേരി ഏരിയ കമ്മിറ്റിയംഗം കെ ഹരിദാസ്‌, മുണ്ടൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ സദാശിവൻ, രാമാനുജൻ, സിപിഐ എം അകത്തേത്തറ ലോക്കൽ സെക്രട്ടറി ജോസ് മാത്യു, മലമ്പുഴ ലോക്കൽ സെക്രട്ടറി കെ കെ പ്രമോദ്, കൊടുമ്പ് ലോക്കൽ സെക്രട്ടറി കെ ആർ കുമാരൻ എന്നിവർ പങ്കെടുത്തു.
കെ കൃഷ്ണൻകുട്ടി
ചിറ്റൂർ
എൽഡിഎഫ്‌ സ്ഥാനാർഥി കെ കൃഷ്ണൻകുട്ടിക്ക് പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിൽ ആവേശോജ്വല സ്വീകരണം. വറുതിക്കാലത്ത് ഒപ്പം നിന്ന സർക്കാരിനുള്ള അനുഭാവം പ്രകടിപ്പിക്കുന്നതായിരുന്നു ഓരോ കേന്ദ്രത്തിലെയും ജനക്കൂട്ടം. വാദ്യമേളം, കരിമരുന്ന്‌, താലപ്പൊലി, പുഷ്പാർച്ചന എന്നിവ സ്വീകരണ കേന്ദ്രങ്ങളിലുണ്ടായി. പുതിയ പൊൻപുലരിക്കായി കണിക്കൊന്നയുമായി മുത്തശ്ശിമാരും തെരഞ്ഞെടുപ്പ്‌ ചിഹ്നമായ കറ്റയേന്തിയ കർഷക സ്ത്രീയായി കുരുന്നുകളും ഓരോ കേന്ദ്രങ്ങളിലും അണിനിരന്നു. പെരുമാട്ടിയിൽ അണ്ണാക്കോട്, ഇരളംപുള്ളി, വവ്വാക്കോട്, കൈതറവ്, അലയാർ, ഏന്തൽപ്പാലം, നറണി, തിമ്മിച്ചെട്ടി എന്നിവിടങ്ങളിൽ ആവേശകരമായ സ്വീകരണം നൽകി.
 ഉച്ചയ്ക്കുശേഷം പട്ടഞ്ചേരിയിലായിരുന്നു പര്യടനം. കവറത്തോട്, മൂപ്പൻചള്ള, കേയോട്, പള്ളത്താംപുള്ളി, വിളക്കനാംകോട്, ചേരിങ്കൽ, അമ്പലപ്പറമ്പ്, പീലിയോട്, ചാത്തപ്പാടം, മുട്ടുചിറ, വടകര, കരിപ്പാലി, മേട്ടുക്കട, തുരുശുമൊക്ക്, പറക്കോട്, അമ്പാട്ടുപറമ്പ്, കാവിൽക്കളം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ആറാംപാടത്ത് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ആർ ശിവപ്രകാശ്, പാലോട് സന്തോഷ്, ജി ആശീഷ്, ആർ ജയദേവൻ, കെ ഷാജഹാൻ, ഷാഹിദ്, അഡ്വ. കെ വിജയൻ എന്നിവർ സംസാരിച്ചു.
സി പി പ്രമോദ് 
പാലക്കാട്‌
 വോട്ടുറപ്പിച്ച് മുന്നേറി പാലക്കാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി പി പ്രമോദ് ശനിയാഴ്ച വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. രാവിലെ കണ്ണാടി പഞ്ചായത്തിലെ കടുന്തുരുത്തി, മമ്പറം, ഗ്രീൻസ് വില്ല, ചെമ്മൻകാട് എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർഥിച്ചു. കൊന്നപ്പൂക്കൾ നൽകിയും ചുവപ്പുഹാരമണിയിച്ചും സ്ഥാനാർഥിയെ ജനങ്ങൾ സ്വീകരിച്ചു. ഉച്ചയ്‌ക്കുശേഷം വലിയങ്ങാടി, ഒലവക്കോട് ലോക്കൽ കമ്മിറ്റികൾക്ക് കീഴിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാർ നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top