13 May Thursday

കുതിരകളി ആഘോഷിച്ചു: ആര്യങ്കാവ്‌പൂരം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

ആര്യങ്കാവ് പൂരത്തിന്റെ ഭാഗമായി പനയൂർ ദേശക്കുതിരക്ക് തല വയ‍്ക്കുന്നു

ഷൊർണൂർ
ആഹ്ലാദാരവമായി കവളപ്പാറ ആര്യങ്കാവ് ക്ഷേത്രത്തിൽ കുതിരകളി നടന്നു. പൂരം ഞായറാഴ്‌ച ആഘോഷിക്കും. ദേശങ്ങളുടെ കരുത്തിന് മാറ്റേകി വര്‍ണാലംകൃതമായ കുതിരകള്‍ ക്ഷേത്രത്തിന് വലംവച്ച് മുറ്റത്ത് നിരന്നു. രാത്രി ത്രാങ്ങാലി ദേശക്കുതിരയുടെ വരവോടെ കുതിരകളി ആരംഭിച്ചു. മാന്നന്നൂര്‍, കവളപ്പാറ, കരേക്കാട്, ചുഡുവാലത്തൂര്‍, നെടുങ്ങോട്ടൂര്‍, ഷൊർണൂര്‍, പനയൂര്‍ ദേശക്കുതിരകൾ പിന്നീടെത്തി. പനയൂർ കുതിര കളിച്ചുകയറുന്നതോടെ കുതിരകളിക്ക് സമാപനമാകും. പഞ്ചവാദ്യം, ശിങ്കാരിമേളം, കുംഭക്കളി, പൂക്കാവടി എന്നിവയുടെ അകമ്പടിയോടെ ദേവീദേവന്മാരുടെ രൂപങ്ങള്‍പേറിയെത്തിയ കുതിരകള്‍ രാത്രിപ്പൂരത്തിന്റെ വര്‍ണക്കാഴ്ചയൊരുക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു കുതിരകളി. 
വള്ളുവനാട്ടിലെ 96 ദേശക്കാരുടെ ക്ഷേത്രമാണ്‌ ആര്യങ്കാവ്‌. ഞായറാഴ്‌ച പകൽ 11ന് ദേവിക്ക് തിരുവാഭരണം ചാര്‍ത്തും. തുടര്‍ന്ന് മുണ്ടായക്കുതിര പടിഞ്ഞാറേ നടയിലെത്തുന്നതോടെ പൂരത്തിന് തുടക്കമാകും. ശേഷം നായരുവേല, വിവിധ ദേശക്കുതിരകളുടെയും ദേശവേലകളുടെയും എഴുന്നള്ളത്ത്‌ എന്നിവ നടക്കും. പകല്‍പ്പൂരത്തിനുശേഷം വൈകിട്ട് വിവിധ ദേശക്കുതിരകള്‍, ത്രാങ്ങാലി വേല, മുണ്ടായക്കുതിര, ഇണക്കാളകള്‍ എന്നിവ ക്ഷേത്രത്തിലെത്തും. മാര്‍ച്ച് 15 മുതല്‍ നടക്കുന്ന തോൽപ്പാവക്കൂത്തും ഞായറാഴ്‌ച സമാപിക്കും. 
സമ്പൂര്‍ണ രാമായണം തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്ന അപൂര്‍വ ക്ഷേത്രമാണ് ആര്യങ്കാവ്. പുലര്‍ച്ചെ കുതിരകളുടെ വിടവാങ്ങല്‍ കഴിഞ്ഞ് ശ്രീരാമ പട്ടാഭിഷേകം കൂത്ത് കഴിയുന്നതോടെ ഇക്കൊല്ലത്തെ പൂരം സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top