13 May Thursday

തൃത്താലയ്ക്ക് പക്വത കൈവരും

വേണു കെ ആലത്തൂർUpdated: Sunday Apr 4, 2021

എം ബി രാജേഷ്

 
പാലക്കാട്‌ 
ഏതാനും ദിവസംമുമ്പ്, ശ്രീ എം ബി രാജേഷ് എന്നെ വിളിച്ചു. ‘‘ തൃത്താലയില്‍ പ്രചാരണത്തിനിടയില്‍ ഒരു പെണ്‍കുട്ടിയെ കണ്ടു. നല്ല വായനക്കാരിയാണ്. എഴുത്തുകാരിയുമാണ്. എനിക്കു വളരെ മതിപ്പുതോന്നി.  ഇഷ്ടപ്പെട്ട എഴുത്തുകാരെക്കുറിച്ചു ചോദിച്ചപ്പോള്‍ ഏറ്റവും ഇഷ്ടം കെ ആര്‍ മീരയെയാണെന്നു പറഞ്ഞു. തീര്‍ത്തും സാധാരണകുടുംബത്തിലെ കുട്ടിയാണ്. പക്ഷേ, അവള്‍ നിങ്ങളുടെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ഞാന്‍ ആ കുട്ടിയുടെ നമ്പര്‍ തരട്ടെ? തിരക്കൊഴിയുമ്പോള്‍ അവളെ ഒന്നുവിളിച്ചു സംസാരിക്കാമോ? അത് ആ കുട്ടിക്കു വലിയ പ്രചോദനമാകും. ’’
സൈബര്‍സെല്ലുകളെ‍ ഉപയോഗിച്ച് എന്നെ തെറിവിളിച്ച എംഎല്‍എയുടെ മണ്ഡലമാണല്ലോ  തൃത്താല. ഒരാള്‍ തെറി വിളിക്കുന്നു; മറ്റേയാള്‍ പുതുതലമുറയിലെ ഒരു കുട്ടിക്കു പ്രചോദനമായി‍ രണ്ടുവാക്കു സംസാരിക്കാമോ എന്ന് അഭ്യര്‍ഥിക്കുന്നു. രണ്ടുതരം ജനാധിപത്യ ബോധ്യങ്ങള്‍; രണ്ടുതരം ജനപ്രതിനിധികള്‍–- തൃത്താലയിലെ എൽഡിഎഫ്‌, യുഡിഎഫ്‌ സ്ഥാനാർഥികളെ വിലയിരുത്തി എഴുത്തുകാരി കെ ആർ മീരയുടെ ഫേയ്‌സ്‌ബുക്ക്‌ കുറിപ്പാണിത്‌.     
പരസ്‌പരബഹുമാനം ലവലേശമില്ലാതെ  എന്തും പറയുന്നവർക്ക്‌  കാലം കാത്തുവച്ച മറുപടിയുണ്ട്‌. അത്‌ ഇത്തവണ തൃത്താലയിൽ കാണാം. മഹാനായ കമ്യൂണിസ്‌റ്റ്‌നേതാവ്‌ എകെജിയെ വ്യക്തിപരമായി ആക്ഷേപിച്ച വി ടി ബൽറാം എന്ന ജനപ്രതിനിധിയുടെ അപക്വസമീപനം മണ്ഡലത്തിൽ പ്രധാനചർച്ചകളിലൊന്നാണ്‌‌. മൂന്നാംതവണയും ജനവിധി തേടുന്ന കോൺഗ്രസിലെ  വി ടി ബൽറാമിനെതിരെ എൽഡിഎഫ്‌ രംഗത്തിറക്കിയിരിക്കുന്നത്‌ രണ്ട്‌ തവണ പാർലമെന്റിൽ പാലക്കാടിന്റെ ശബ്ദമായ എം ബി രാജേഷിനെയാണ്‌. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗംകൂടിയായ രാജേഷ്‌ പ്രചാരണത്തിൽ മണ്ഡലത്തിന്റെ ഹൃദയം കവർന്നു. പ്രചാരണരംഗത്ത്‌ വേറിട്ട മാതൃകയും സാംസ്‌കാരിക–- സിനിമാ മേഖലയിലുള്ളവരുടെ സാന്നിധ്യവുംകൊണ്ട് ശ്രദ്ധേയമകുകയും ചെയ്‌തു.  
ജാലിയൻ വാലാബാഗ്‌ കൂട്ടക്കുരുതിയെ തെറ്റായി വ്യാഖ്യാനിച്ച ബ്രിട്ടീഷ്‌ സർക്കാരിനെക്കൊണ്ട്‌ മാപ്പ്‌ പറയിപ്പിച്ച എം ബി രാജേഷിന്റെ ഇടപെടൽ ഇതിനകം വോട്ടർമാരിൽ ചർച്ചയായിട്ടുണ്ട്‌. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ബെമൽ വിൽപ്പനയ്‌ക്കെതിരെ പാർലമെന്റിലും പുറത്തും പോരാടി കേന്ദ്രസർക്കാരിനെ അതിൽനിന്ന്‌ പിന്തിരിപ്പിച്ച  മികവാർന്ന ഇടപെടലും നാട് ചർച്ച ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് മണ്ഡലത്തില്‍ നടന്ന റാലി വൻ ജനമുന്നേറ്റമായി. 
ഇടതുപക്ഷകോട്ടയായ തൃത്താലയിൽ 2011മുതലാണ്‌ വി ടി ബൽറാം ജയിക്കാൻ തുടങ്ങിയത്‌. രണ്ട്‌ തവണ ജയിച്ചു. ഇത്തവണ കൈപൊള്ളുമെന്ന് വോട്ടർമാരും പറയുന്നു. പൊന്നാനി ലോക്‌സഭാ മണഡലത്തിൽ ഉൾപ്പെട്ട തൃത്താലയിൽ പൊന്നാനി ഈശ്വരമംഗലം സ്വദേശി ശങ്കു ടി ദാസാണ്‌ എൻഡിഎ സ്ഥാനാർഥി. 
കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 6,333വോട്ടിന്‌ എൽഡിഎഫ്‌ മുന്നിലാണ്‌. എട്ട്‌ പഞ്ചായത്തുകളിൽ നാല്‌ എൽഡിഎഫും നാല്‌ യുഡിഎഫുമാണ്‌ ഭരിക്കുന്നത്‌. കപ്പൂർ, നാഗലശേരി, തിരുമിറ്റക്കോട്‌, തൃത്താല പഞ്ചായത്തുകളിലാണ്‌ എൽഡിഎഫ്. ആനക്കര, ചാലിശേരി, പരുതൂർ, പട്ടിത്തറ പഞ്ചായത്തുകളാണ്‌ യുഡിഎഫ്‌ ഭരിക്കുന്നത്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനിൽ ആകെയുള്ള 14 ൽ 12ഉം എൽഡിഎഫിനാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top