15 May Saturday
മരിച്ചത്‌ തമിഴ്‌നാട്‌ സ്വദേശി

​ഗ്യാസ് ടാങ്കറും ലോറിയും 
കൂട്ടിയിടിച്ച്‌ ഡ്രൈവർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 2021

പാലക്കാട്–കോഴിക്കോട് ദേശീയപാതയില്‍ പൊന്നങ്കോടിന് സമീപം ഗ്യാസ് ടാങ്കര്‍ ലോറിയും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം

 
മണ്ണാർക്കാട്
പാലക്കാ‌ട് –-കോഴിക്കോട് ദേശീയപാതയിൽ പൊന്നങ്കോട് ​ഗ്യാസ് ടാങ്കർലോറിയും ടോറസ് ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ തമിഴ്നാട് കരൂർ പുകലൂർ പുതുർപ്പട്ടി നല്ലപ്പന്റെ മകൻ മുനിസ്വാമി(49)യാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ്‌ അപകടമുണ്ടായത്. ഡീസൽടാങ്ക്‌ പൊട്ടിത്തെറിച്ച്‌ ടോറസ്‌ ലോറി പൂർണമായും കത്തിനശിച്ചു. 
തമിഴ്നാട്ടിൽനിന്ന്‌ ഡോളോമെറ്റ് ലോഡുമായി മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ടോറസ്‌ ലോറിയും മംഗളൂരുവിൽനിന്ന്‌ മണ്ണാർക്കാട്‌വഴി പാലക്കാട് ഭാഗത്തേക്കു പോകുകയായിരുന്ന ഗ്യാസ് നിറച്ച ടാങ്കർ ലോറിയുമാണ്‌ കൂട്ടിയിടിച്ചത്. പൊന്നങ്കോട് എടായ്ക്കൽ മുകൾവളവ് തിരിയുന്നതിനിടെ ചരക്ക്‌ലോറി നിയന്ത്രണം വിട്ട് ടാങ്കർ ലോറിക്കുപിന്നിൽ ഇടിക്കുകയായിരുന്നു. 
തീയണച്ചതിനുശേഷം ഏറെ പ്രയത്‌നിച്ചാണ്‌ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഗ്യാസ് ടാങ്കർലോറിയുടെ മുൻഭാഗവും കത്തി. ഡ്രൈവർ നാമക്കൽ സ്വദേശിക്ക് നിസ്സര പരിക്കേറ്റു. 
അപകടമുണ്ടായ ഉടനെ ടാങ്കർലോറിയിലെ ഡ്രൈവർ പുറത്തിറങ്ങി പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അ​ഗ്നിരക്ഷാസേന 18 ടൺ ഗ്യാസുണ്ടായിരുന്ന ലോറിയിലേക്ക് തീ പടരാതിരിക്കാൻ സമയോചിതവും ധീരവുമായി ഇടപെട്ടപ്പോൾ വൻ ദുരന്തമൊഴിവായി. 
മണ്ണാർക്കാട്, കോങ്ങാട്, പാലക്കാട് എന്നിവിടങ്ങളിൽനിന്ന്‌ എത്തിയ അ​ഗ്നിരക്ഷാസേന കഠിനമായി പ്രയത്നിച്ചാണ്‌  തീയണച്ചത്. കല്ലടിക്കോട്, മണ്ണാർക്കാട് പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇരുവശത്ത്നിന്നുമുള്ള വാഹനങ്ങളെ വഴിതിരിച്ചു വിട്ടു. രാവിലെ ഒമ്പതോടെയാണ്‌ ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ദേശീയപാതയിൽ തച്ചമ്പാറയ്‌ക്കും മുണ്ടൂരിനുമിടയിൽ ഏഴോളം അപകടങ്ങളാണുണ്ടായത്. 
അശ്രദ്ധയും അമിതവേഗവുമാണ് അപകടങ്ങൾ സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top