10 August Monday

22 ആരോഗ്യപ്രവർത്തകർക്കും‌ സമ്പർക്കം 50

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
 
പാലക്കാട്‌
ജില്ലയിൽ‌ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 50 ആയി. 532 പേർക്ക്‌ രോഗം‌ സ്ഥിരീകരിച്ചപ്പോഴാണ്‌ സമ്പർക്കത്തിലൂടെ ഇത്രയും പേർ രോഗബാധിതരായത്‌. രോഗികളുടെ എണ്ണം വർധിക്കുന്നതോടൊപ്പം സമ്പർക്കരോഗികളുടെ എണ്ണം കൂടുന്നതും ആശങ്കയുണ്ടാക്കുന്നു. 22 ആരോഗ്യപ്രവർത്തകർക്കും‌ രോഗം സ്ഥിരീകരിച്ചു. 
മാർച്ച്‌‌ 24നാണ്‌ ജില്ലയിൽ ആദ്യം കോവിഡ്  സ്ഥിരീകരിക്കുന്നത്‌.  സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തുന്നത്‌ മെയ്‌ 14ന്‌ മുതലമട സ്വദേശിക്കാണ്‌. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാൾക്ക്‌ എവിടെനിന്ന്‌ രോഗം ലഭിച്ചുവെന്ന്‌ വ്യക്തമല്ല. മെയ്‌ 23ന്‌ ആദ്യമായി ആരോഗ്യപ്രവർത്തകർക്കും രോഗം കണ്ടെത്തി. ജില്ലാ ആശുപത്രിയിലെ രണ്ട്‌ ജീവനക്കാർക്കും വാളയാർ ചെക്ക്‌പോസ്‌റ്റിലെ ആരോഗ്യ പ്രവർത്തകയ്‌ക്കുമായിരുന്നു രോഗം‌. ലക്കിടിയിലെ ഒരു കുടുംബത്തിലെ ആറുപേർക്കാണ് സമ്പർക്കത്തിലൂടെ‌ രോഗം സ്ഥിരീകരിച്ചത്‌‌. 
കോയമ്പത്തൂരിൽനിന്ന്‌ എത്തിയ ആളിൽനിന്നാണ്‌ മറ്റ്‌ അഞ്ചുപേർക്ക്‌ രോഗമുണ്ടായത്‌. ജൂൺ 26ന്‌ പറളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത്‌ നേഴ്‌സിന്‌ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതാണ്‌ ഏറ്റവും ഒടുവിൽ ആശങ്കയ്‌ക്ക്‌ വഴിതെളിച്ചത്‌. ഇവർക്ക്‌ എവിടെനിന്ന്‌ രോഗം ബാധിച്ചെന്ന്‌ വ്യക്തമല്ല. ഇവരുടെ സമ്പർക്കപ്പട്ടികയിൽ 144 പേരുണ്ട്‌. ഇവർ കുത്തിവയ്‌പ്പെടുത്ത 40 കുഞ്ഞുങ്ങളുടെയും അവരുടെ അമ്മമാരുടെയും സ്രവം പരിശോധിച്ചു. 30ന്‌ എലപ്പുള്ളി കൊല്ലങ്കാനം സ്വദേശിനിയായ ഫ്ലോർമിൽ ജീവനക്കാരിക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഉറവിടമറിയാതെ രോഗികളായവരും ജില്ലയിലുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top