25 August Sunday
കേന്ദ്ര സർക്കാർ ഉത്തരവ്

മികവ‌് കുറഞ്ഞാൽ നിർബന്ധിത വിരമിക്കൽ

വേണു കെ ആലത്തൂർUpdated: Tuesday Jul 2, 2019
പാലക്കാട‌്
കേന്ദ്രസർക്കാർ സർവീസിൽ 30 വർഷം പൂർത്തിയാക്കുകയോ, 55 വയസ്സ‌് ‌തികയുകയോ ചെയ‌്ത ജീവനക്കാരെ പ്രവർത്തനമികവ‌് വിലയിരുത്തി നിർബന്ധിത പെൻഷൻ അനുവദിക്കാൻ കേന്ദ്രസര്‍ക്കാരിന്റെ പേഴ‌്സണൽ മന്ത്രാലയം ഉത്തരവിറക്കി. സർക്കാർ സർവീസ‌് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ‌് നടപടിയെന്നാണ‌് ഉത്തരവ്. ഈ മാസം 15ന‌് മുമ്പ‌് ഓരോ വകുപ്പിലെയും റിപ്പോർട്ട‌് നൽകണമെന്ന‌്   ജുൺ 20ന് ഇറങ്ങിയ ഉത്തരവില്‍ പറയുന്നു. 
 കേന്ദ്രസർക്കാർ വകുപ്പുകൾ, റെയിൽവേ ഉൾപ്പെടെയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവയിലെല്ലാം നിർബന്ധിത വിരമിക്കൽ നടപ്പാക്കും. 30 വർഷം പൂർത്തിയാക്കിയ ജീവനക്കാർ, പരിശോധനയ‌്ക്ക‌് വിധേയമാക്കേണ്ടവർ, നിർബന്ധിത പിരിച്ചുവിടലിന‌് ശുപാർശ ചെയ്യേണ്ടവർ, വിരമിക്കൽ പ്രായം അടുത്തവർ എന്നിങ്ങനെയുള്ള വിവരങ്ങളാണ‌് നൽകേണ്ടത്.  ജീവനക്കാരുടെ എ, ബി, സി ഗ്രൂപ്പ‌് അടിസ്ഥാനത്തിൽ പ്രത്യേകം ലിസ‌്റ്റ‌് നൽകണമെന്നാണ‌് ആവശ്യപ്പെട്ടിരിക്കുന്നത‌്.   
  റെയിൽവേയിലാണ‌് ഉത്തരവ‌് പ്രകാരമുള്ള നിർബന്ധിത വിരമിക്കൽ ആദ്യം നടപ്പാക്കുന്നത‌്. റായ‌്ബറേലി റെയിൽവേ കോച്ച‌് ഫാക്ടറിയിലാണ‌് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുക. മോഡി സർക്കാർ രണ്ടാമതും അധികാരമേറ്റയുടൻ തയ്യാറാക്കിയ നൂറുദിന കർമ പരിപാടിയിലാണ‌് നിർബന്ധിത വിരമിക്കൽ ഉൾപ്പെടുത്തിയിരിക്കുന്നത‌്. 
റെയിൽവേ പ്രൊഡക‌്ഷൻ യൂണിറ്റുകൾ ഒരു പ്രത്യേക റെയിൽവേ റോളിങ് സ്റ്റോക്ക് കമ്പനി രൂപീകരിച്ച് അതിലേക്ക‌് മാറ്റും. പിന്നീട‌് ഇവയോരൊന്നും കോർപറേറ്റുകൾക്ക് കൈമാറും. പാസഞ്ചർ ട്രെയിനുകൾ സ്വകാര്യവൽക്കരിക്കുന്നതിന് മുന്നോടിയായി രണ്ട് പ്രധാന വണ്ടികൾ ഐആർസിടിസിക്ക‌് കൈമാറാനും തീരുമാനിച്ചിട്ടുണ്ട‌്. അധികം വരുന്ന ജീവനക്കാരെ അവരുടെ പ്രവര്‍ത്തനമികവ് വിലയിരുത്തി നിർബന്ധിത പെൻഷൻ നൽകും. 
റായ്ബറേലി മോഡേൺ കോച്ച് ഫാക്ടറിയിൽ 1,700 സ്ഥിരം തൊഴിലാളികളും 800 കരാർ തൊഴിലാളികളുമുണ്ട‌്. പ്രവർത്തനമികവിൽ ലോകോത്തര നിലവാരം പുലർത്തുന്ന കോച്ച‌് ഫാക്ടറി ഈവർഷം 2,184 കോച്ചുകൾ നിർമിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഏറ്റവും കുറഞ്ഞ ചെലവിൽ ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം കോർപറേറ്റ് വൽക്കരിക്കുന്നതിന് ഒരു കാരണവും നിരത്താനില്ല. മെട്രോ കോച്ചുകളും സൈന്യത്തിന‌് ആധുനിക വാഹനങ്ങളും നിർമിക്കുന്ന മിനി നവരത‌്ന കമ്പനിയായ ‘ബിഇഎംഎൽ’ സ്വകാര്യവൽക്കരിക്കുന്നതിന‌് കഴിഞ്ഞ മോഡി സർക്കാർ നിരത്തിയ കാരണവും ജീവനക്കാരുടെ പ്രവർത്തനമികവായിരുന്നു. ജീവനക്കാർക്ക‌് കാര്യശേഷിയില്ലെന്ന കാരണം പറഞ്ഞാണ‌് 56,000 കോടി രൂപ വിലവരുന്ന സ്ഥാപനം 518 കോടി രൂപയ‌്ക്ക‌് വിൽക്കാൻ തീരുമാനിച്ചത‌്. ഇതിനെതിരെ എം ബി രാജേഷ‌് പാർലമെന്റിലും സിഐടിയു നേതൃത്വത്തിൽ കേന്ദ്ര പൊതുമേഖലാ സംരക്ഷണ മുന്നണിയുണ്ടാക്കി കേരളത്തിലും ശക്തമായ സമരം നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തിൽ ഇടപെട്ടു. തുടര്‍ന്നാണ‌് വിൽപ്പന ഉപേക്ഷിച്ചത‌്.
പ്രധാന വാർത്തകൾ
 Top