22 September Friday
നെല്ല്‌ സംഭരണം

തുക വിതരണം വേഗത്തിൽ; അക്കൗണ്ടിലെത്തിയത്‌ 62.51 കോടി

സ്വന്തം ലേഖികUpdated: Thursday Jun 1, 2023
പാലക്കാട്
രണ്ടാംവിളയ്‌ക്ക്‌ സപ്ലൈകോവഴി നെല്ലളന്ന കർഷകരുടെ അക്കൗണ്ടിലേക്കെത്തിയത്‌ 62.51 കോടി രൂപ. കനറാ ബാങ്ക്‌, സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്നീ ബാങ്കുകൾ വഴിയാണ്‌ തുക വിതരണം ചെയ്യുന്നത്‌. ഫെഡറൽ ബാങ്കുമായി അടുത്തദിവസം കരാർ ഒപ്പിടും. സംസ്ഥാനത്താകെ കനറാ ബാങ്കുവഴി 230 കോടിയും എസ്‌ബിഐ വഴി 280 കോടി രൂപയുമാണ്‌ വിതരണം ചെയ്യുക. ഈ ആഴ്‌ച തന്നെ തുക കർഷകരുടെ അക്കൗണ്ടിലെത്തും. 700 കോടി രൂപയാണ്‌ കൺസോർഷ്യത്തിൽനിന്ന്‌ വായ്‌പയെടുക്കുന്നത്‌. കനറാ ബാങ്ക്‌ 8.7 ശതമാനവും എസ്‌ബിഐ ഒമ്പത്‌ ശതമാനവും പലിശയ്‌ക്കാണ്‌ വായ്‌പ നൽകുന്നത്‌. കർഷകരുടെ പേരിൽ പിആർഎസ്‌ വായ്‌പയായാണ്‌ തുക നൽകുന്നത്‌. എന്നാൽ, പലിശ കർഷകരിൽനിന്ന്‌ ഈടാക്കാതെ സർക്കാർ നേരിട്ട്‌ ബാങ്കുകൾക്ക്‌ നൽകും.  
 
സംഭരിച്ചത്‌ 1.58 ലക്ഷം മെട്രിക്‌ ടൺ നെല്ല്‌ 
ജില്ലയിൽനിന്ന്‌ ഇത്തവണ 1.58 ലക്ഷം മെട്രിക്‌ ടൺ നെല്ലാണ്‌ സംഭരിച്ചത്‌. 60,579 കർഷകർക്കായി 448.36 കോടി ലഭിക്കണം. 9,523 കർഷകർക്കാണ്‌ ഇതുവരെ തുക ലഭിച്ചത്‌. 51,056 കർഷകർക്ക്‌ 385.84 കോടി ലഭിക്കാനുണ്ട്‌. മാർച്ച്‌ വരെ സംഭരിച്ച നെല്ലിന്റെ തുക നൽകിക്കഴിഞ്ഞു. ഏപ്രിൽ മുതലുള്ള തുക വിതരണമാണ്‌ ഇപ്പോൾ നടക്കുന്നത്‌. കേന്ദ്ര സർക്കാരിൽനിന്നുള്ള താങ്ങുവിലയും സംസ്ഥാന സർക്കാരിന്റെ ഇൻസെന്റീവ്‌ ബോണസും ലഭിച്ചാൽ അടുത്ത വിളയ്ക്ക്‌ ബുദ്ധിമുട്ടുണ്ടാവാതെ മുഴുവൻ തുകയും കർഷകർക്ക്‌ നൽകാനാകും. ഒന്നാംവിളയ്‌ക്ക്‌ കർഷകർ പാടങ്ങൾ ഒരുക്കുകയാണ്‌. വേനൽമഴ കിട്ടിയ  പ്രദേശങ്ങളിൽ പൊടിവിത നടത്തും. മറ്റിടങ്ങളിൽ ഞാറ്റടി തയ്യാറാക്കി പറിച്ചുനടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top