22 May Sunday

പന്തിയിലെ പ്രാകൃതം ; പ്രതികരിച്ചാൽ പുറത്ത്‌

വിനോദ് പായംUpdated: Monday Nov 29, 2021


ബെള്ളൂരിലെ ക്ഷേത്രോത്സവ സമയത്തെ പന്തിവിവേചനത്തിനെതിരെ പ്രതികരിച്ച  പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവിന്റെ പൊള്ളിക്കുന്ന അനുഭവം ഇതാണ്‌: (തൊഴിൽപരമായ കാരണങ്ങളാൽ  പേര്‌ വെളിപ്പെടുത്തുന്നില്ല)

‘ജീപ്പ്‌ ഡ്രൈവറാണ്‌ ഞാൻ.  കിന്നിംഗാറിലെ ദേവസ്ഥാനത്ത്‌ ഓട്ടം പോയതാണ്‌. ഒപ്പമുണ്ടായിരുന്ന ബല്ലാൾ സമുദായക്കാരനെ ഭക്ഷണം കഴിക്കാൻ സംഘാടകർ ക്ഷണിച്ചിരുത്തി. എന്നെ തടഞ്ഞു. നിനക്കുള്ളത്‌ പുറത്താണെന്ന്‌ പറഞ്ഞു. ജാതി വിവേചനം ശീലമായിരുന്നെങ്കിലും അതെന്നെ ചിന്തിപ്പിച്ചു. പിന്നാലെ,  നാട്ടിലെ ക്ഷേത്ര ഉത്സവത്തിലും ഇതേ അവഗണനയിൽ ശ്വാസംമുട്ടി. ‘ഉയർന്ന സമുദായ’ക്കാർ കഴിച്ച്‌ കഴിയുംവരെ കാത്തിരിക്കുന്നവരെ കണ്ട്‌ നീറി. ആ അപമാനം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഇത്‌ ചില മാധ്യമങ്ങൾ വാർത്തയാക്കി. വിവേചനമില്ലെന്നും കാലങ്ങളായി തുടരുന്ന രീതിമാത്രമാണിതെന്നും പറഞ്ഞ്‌ കമ്മിറ്റിക്കാർ തലയൂരി. വേണ്ടവർക്ക്‌ കൂടിയിരുന്ന്‌ ഭക്ഷണം കഴിക്കാമെന്നും വിലക്കില്ലെന്നും പ്രസ്‌താവനയും. എന്റെ പ്രശ്‌നം അവിടെ തുടങ്ങി. ഒരാളും ജീപ്പ്‌ ഓട്ടം വിളിക്കാതായി. ജാതി പറഞ്ഞ്‌ പ്രശ്‌നം സൃഷ്ടിച്ചയാളായി ചാപ്പകുത്തി. കുടുംബത്തിലും സമ്മർദം. തദ്ദേശ തെരഞ്ഞെടുപ്പിൽ എന്റെ നിലപാട്‌ സംഘപരിവാർ തെറ്റായ രീതിയിൽ   പ്രചരിപ്പിച്ച്‌ പഞ്ചായത്ത്‌ ഭരണം അവർ പിടിച്ചു.  ഒറ്റപ്പെട്ടതോടെ ജീപ്പ്‌ വിറ്റ്‌ മറ്റുജോലിക്കിറങ്ങി. ക്ഷേത്രത്തിൽ പ്രത്യക്ഷമായ പന്തിഭോജനം അവസാനിച്ചെങ്കിലും മനസ്സുകളിൽ അത്‌ തുടരുന്നുണ്ട്‌. ഞങ്ങൾ വിളമ്പിയാൽ കഴിക്കാത്ത വിശ്വാസികളുണ്ട്‌’–- അയാൾ പറഞ്ഞുനിർത്തി.

ജീവിതശീലംപോലെ സ്വാഭാവികമായാണ്‌ ചിലയിടങ്ങളിലിത്‌. എന്തിനെതിർക്കണമെന്നുപോലും ചോദിക്കുന്നവരുണ്ട്‌.
സിപിഐ എം ബെള്ളൂർ ലോക്കൽ കമ്മിറ്റിയംഗം ശശിധര ഗോളിക്കട്ട, ദൈന്യത വിവരിക്കുന്നതിങ്ങനെ: ‘മൊഗേർ, നാൽക്കദായ, മാവിലർ തുടങ്ങി അതിർത്തിദേശത്തിലെ കീഴ്‌ജാതിക്കാർക്ക്‌ ഇപ്പോഴും സവർണ വീടുകളിൽ പ്രവേശനമില്ല. കൃഷിപ്പണിക്കും മറ്റും പോയാൽ, കഴിക്കാൻ പ്രത്യേകം പാത്രം കരുതും. ഭക്ഷണം തരുന്നതും ഇരുത്തുന്നതും ‘ഷെഡിലാണ്‌’. ഭക്ഷണം കഴിച്ചാൽ പാത്രം കഴുകിവയ്‌ക്കണം. പ്രായമായവരെ പേരുചൊല്ലിയാണ്‌ സവർണ സമുദായത്തിലെ കുട്ടികൾപോലും വിളിക്കുക. കല്യാണത്തിനോ ചടങ്ങുകൾക്കോ വിളിച്ചാൽ എല്ലാവർക്കുമൊപ്പം ഇരുത്തില്ല. അത്‌ വിവേചനമാണെന്ന തിരിച്ചറിവ്‌ ഇവർക്കില്ല. വിവേചനം അഭിമാനത്തോടെ അംഗീകരിക്കുന്നവരും ഇവിടെയുണ്ട്‌. അതാണ്‌ വലിയ പ്രശ്‌നവും’.

കീഴാളരുടെ ഉയിർപ്പിന്റെ ഗാഥയാണ്‌ മിക്ക തെയ്യങ്ങളുടെയും മിത്ത്‌.തുളുത്തെയ്യമെന്ന പേരിൽ അതിർത്തി ഗ്രാമങ്ങളിൽ കെട്ടിയാടുന്ന ദൈവസങ്കൽപ്പങ്ങളിലും പടരുന്നുണ്ട്‌, കടുത്ത ജാതിവിവേചനം.
അതേപ്പറ്റി നാളെ...
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top