31 March Tuesday

ആ കുഞ്ഞുങ്ങൾക്ക്‌ എന്ത്‌ പറ്റി ; 9 വർഷത്തിനിടെ ഒരേ വീട്ടിൽ മരിച്ചത്‌ 6 കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020


തിരൂർ (മലപ്പുറം)
ഒമ്പതുവർഷത്തിനിടെ ദമ്പതികളുടെ ആറുകുട്ടികളും മരിച്ചതിൽ പൊലീസ്‌ അന്വേഷണം തുടങ്ങി. തിരൂർ പരന്നേക്കാട് തറമ്മൽ റഫീഖ് –-സബ്‌ന ദമ്പതികളുടെ മക്കളാണ് മരിച്ചത്‌. 93 ദിവസം പ്രായമുള്ള കുഞ്ഞ്‌ മുഹമ്മദ് ചൊവ്വാഴ്ച രാവിലെ മരിച്ചതോടെ നാട്ടുകാരാണ്‌ പൊലീസിൽ പരാതി നൽകിയത്‌. തുടർച്ചയായ മരണത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ്‌ കേസ്‌.

മരിച്ചവരിൽ നാലര വയസ്സുകാരിയൊഴികെ ബാക്കിയെല്ലാവരും 90 ദിവസം മുതൽ എട്ടുമാസത്തിനുതാഴെ പ്രായമുള്ളവരാണ്. 2009ലാണ് റഫീഖും- സബ്നയും വിവാഹിതരായത്. എട്ടുമാസം പ്രായമുള്ള ആദ്യ പെൺകുട്ടി 2011ലാണ്‌ മരിച്ചത്‌. പിന്നീട് ജനിച്ച പെൺകുട്ടി രണ്ടുമാസത്തിനുള്ളിൽ വളാഞ്ചേരി നടക്കാവ് ആശുപത്രിയിലും മരിച്ചു. അപസ്‌മാര ചികിത്സയ്‌ക്കിടെ തിരൂർ നേഴ്സിങ്‌ ഹോമിലാണ്‌ മൂന്നാമത്തെ ആൺകുട്ടിയുടെ മരണം. മരണകാരണം കണ്ടെത്താൻ  എറണാകുളം അമൃത ഹോസ്പിറ്റലിൽ ശരീരസ്രവം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.  നാലാമത്തെ കുട്ടി ദിൽഷ ഫാത്തിമ  ജീവിച്ചിരിക്കെയാണ്‌ മൂന്നുമാസം പ്രായമായ അഞ്ചാമത്തെ പെൺകുഞ്ഞ്‌ മരിച്ചത്‌. നാലര വയസ്സിലാണ്‌ ദിൽഷ ഫാത്തിമ നടക്കുന്നതിനിടെ കുഴഞ്ഞുവീണ്‌ മരിച്ചത്‌.

ആറാമത്തെ കുഞ്ഞിനെ പ്രസവശേഷം തിങ്കളാഴ്ചയാണ് സബ്‌നയുടെ വീട്ടിൽനിന്ന്‌ പരന്നേക്കാട്ടെ വീട്ടിലേക്ക് കൊണ്ടുവന്നത്. ചൊവ്വാഴ്ച പുലർച്ചെ റഫീഖ്‌ പള്ളിയിൽ പോകുമ്പോൾ മുഹമ്മദ്‌ തൊട്ടിലിൽ കിടക്കുകയായിരുന്നു. രാവിലെ 6.30ന് കുഞ്ഞ്‌ അവശനായി. തിരൂർ സിറ്റി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. 10.30ന് കോരങ്ങത്ത് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കി.

നാട്ടുകാർ പരാതിപ്പെട്ടതോടെ വൈകിട്ട്‌ അഞ്ചിന്‌ പൊലീസ്‌ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത്‌ തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടം നടത്തി. ഇതുവരെ മരിച്ച കുട്ടികളുടെ മെഡിക്കൽ രേഖകൾ ശേഖരിക്കുമെന്ന് തിരൂർ ഡിവൈഎസ്‌പി കെ എ സുരേഷ്‌ബാബു പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്ന്‌ മരിച്ച കുട്ടികളുടെ ഉപ്പ റഫീഖ്‌ പറഞ്ഞു. മക്കൾ എങ്ങനെ മരിച്ചുവെന്നത്‌ അറിയണം. നാട്ടുകാർക്കും കാര്യങ്ങൾ ബോധ്യപ്പെടണം–-റഫീഖ്‌ പറഞ്ഞു.

ദുരൂഹത തള്ളുന്നില്ല: പൊലീസ്‌
കുടുംബത്തിലെ ആറ്‌ കുട്ടികൾ മരിച്ചതിൽ ദുരൂഹത തള്ളിക്കളയുന്നില്ലെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി യു അബ്ദുൾ കരീം പറഞ്ഞു. ചൊവ്വാഴ്‌ച മരിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്‌റ്റ്‌മോർട്ടം ചെയ്‌തു. സ്വാഭാവിക മരണമെന്നാണ്‌ പ്രാഥമിക നിഗമനം.

കുഞ്ഞിന്റെ ആന്തരികാവയവങ്ങൾക്ക്‌ സാധാരണ കുട്ടികളുടേതിൽനിന്ന്‌ വ്യത്യാസമുണ്ടെന്ന്‌ പോസ്‌റ്റ്‌മോർട്ടത്തിന്‌ നേതൃത്വം നൽകിയ ഡോ. സിറിയക്‌ പറഞ്ഞു. ബലപ്രയോഗത്തിന്റെയോ അപകടത്തിന്റെയോ അടയാളങ്ങളൊന്നും  കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top