22 October Tuesday

‘കേരള ചിക്കൻ’ തകർക്കാൻ സ്വകാര്യ ലോബികൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019
മലപ്പുറം
വിപണി സാധ്യതകള്‍ക്കനുസരിച്ച് പൊതു വിപണിയിൽ  വിലകുറച്ചും വിലക്കയറ്റം സൃഷ്‌ടിച്ചും കേരള ചിക്കൻ പദ്ധതിയെ തകര്‍ക്കാന്‍ സ്വകാര്യ ലോബികൾ. കർഷകർക്കും ചെറുകിട ചില്ലറ ചിക്കൻ വ്യാപാരികൾക്കും നിശ്ചിത വരുമാനം ഉറപ്പിച്ച്‌  ഉപഭോക്താക്കൾക്ക്‌ ന്യായവിലയ്ക്ക്‌ കോഴിയിറച്ചി ലഭ്യമാക്കുന്ന പദ്ധതിയാണ്‌ ‘കേരള ചിക്കൻ’.155 മുതൽ 170 വരെയാണ്‌ പദ്ധതിയിൽ അടിസ്ഥാന വില. എന്നാൽ വിപണിയിൽ വില കുറച്ച്‌ 120 രൂപക്കാണ്‌ കേരള ചിക്കൻ ഔട്ട് ലെറ്റിൽ വിൽപ്പന നടത്തുന്നത്‌.
നോഡൽ ഏജൻസിയായ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി കർഷകർക്ക്‌ 11 രൂപ വളർത്തുകൂലി നൽകി കർഷകരെ സംരക്ഷിക്കുന്നുണ്ട്‌. 81 കർഷകർ ഫാം രജിസ്റ്റർചെയ്‌തിട്ടുണ്ട്‌. മക്കരപ്പറമ്പ്‌, കരുവാരക്കുണ്ട്‌, ആനമങ്ങാട്‌, പെരിന്തൽമണ്ണ, കരിങ്കല്ലത്താണി എന്നിവിടങ്ങളിലായി ജില്ലയിൽ ഏഴ്‌ ഔട്ട്‌ ലെറ്റുകളാണ്‌ വിൽപ്പന നടത്തുന്നത്‌. 
പെരുന്നാൾ സമയത്ത്‌ സ്വകാര്യ ലോബികൾ ചിക്കന്‍ വില വർധിപ്പിച്ച്‌ 220-–-240 രൂപക്ക്‌ വിൽപ്പന നടത്തിയപ്പോൾ 170 രൂപക്കാണ്‌ കേരള ചിക്കൻ ഔട്ട് ലെറ്റിൽ വിൽപ്പന നടത്തിയത്‌. വിപണിയിലെ പ്രതിസന്ധികളിലും കർഷകരെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്ന സമീപനമാണ്‌ ബ്രഹ്മഗിരി സ്വീകരിക്കുന്നത്‌.  തീറ്റയുടെ വില വർധിച്ചിട്ടും കോഴിയുടെ വില വർധിപ്പിച്ചിരുന്നില്ല. വിൽപ്പന സമയത്ത്‌ വില കുറയ്‌ക്കുന്നതിലൂടെ കിലോക്ക്‌ 10 രൂപമുതൽ 35 രൂപവരെ  നഷ്‌ടം വരുന്നുണ്ട്‌. കഴിഞ്ഞ രണ്ടുമാസമായി 3.75 കോടി ബ്രഹ്മഗിരി കണ്ടെത്തിയാണ്‌ പദ്ധതി മുന്നോട്ട് കൊണ്ടുപോവുന്നത്‌.
പദ്ധതി വിപുലീകരണത്തിന്  ബ്രീഡർ ഫാം സർക്കാർ സഹായത്തോടെ പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലാണ്‌ ബ്രഹ്മഗിരി. സ്വകാര്യ ലോബികളുടെ പ്രവർത്തികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും  പദ്ധതിയെ സാമ്പത്തികമായി സഹായിക്കാൻ തയാറാവണമെന്നും ബ്രഹ്മ ഗിരി പൗൾട്രി ഫാർമേഴ്‌സ്‌ ഫെഡറേഷനും ഔട്ട് ലെറ്റ്‌ വ്യാപാരി ഫെഡറേഷനും ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രിക്കും  ധനമന്ത്രിക്കും നിവേദനം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഷൗക്കത്തലി അധികാരത്ത്, സിബി തോമസ്, അഷ്റഫ് കോപ്പൻ, ഹംസ പാലക്കാട് എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top