23 November Monday

തൊഴിലുറപ്പിൽ തളിർത്തു 274.57 ഹെക്ടർ തരിശിടം

രാഹുൽ രാജ്‌Updated: Friday Oct 30, 2020

 

 
മലപ്പുറം
ലോക്‌ഡൗണിന്‌ ശേഷം തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ കൃഷിയോഗ്യമാക്കിയത്‌ 274.57 ഹെക്ടർ തരിശ്‌ഭൂമി. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണിത്‌. 468 പ്രവൃത്തികളാണ്‌ ഏറ്റെടുത്തത്‌. 
ഗ്രാമസഭയിൽ തെരഞ്ഞെടുക്കുന്ന ഭൂമി‌ പഞ്ചായത്തിന്റെ അംഗീകാരത്തോടെയേ പദ്ധതിയിൽ ഉൾപ്പെടുത്തൂ. തെരഞ്ഞെടുക്കുന്നത്‌ തരിശ്‌ നിലമാണെന്ന്‌‌ കൃഷി ഓഫീസറുടെ സാക്ഷ്യപ്പെടുത്തലും ആവശ്യമാണ്‌. ഇതിന്‌ ശേഷമാണ്‌ എസ്റ്റിമേറ്റ്‌ തയ്യാറാക്കി തൊഴിലുറപ്പ്‌ തൊഴിലാളികളെ ഉപയോഗിച്ച് ‌ കൃഷിയോഗ്യമാക്കുന്നത്‌. 
കോവിഡ്‌ കാലത്ത് കൂടുതൽ പേർക്ക്‌‌ തൊഴിൽ ലഭ്യമാക്കാൻ‌ ജീവനോപാധികൾ വർധിപ്പിക്കുന്ന പദ്ധതികളും കൂടുതലായി ഏറ്റെടുക്കുന്നു‌. കാലിത്തൊഴുത്ത്‌–- 590, ആട്ടിൻ കൂട്‌–- 452, കോഴിക്കൂട്‌–- 300, കുളങ്ങൾ–- 106 എന്നിവയും നിർമിച്ചു. 31 ഹെക്ടറിൽ തീറ്റപ്പുല്ല്  കൃഷിയുമുണ്ട്‌‌. ശുചിത്വ കേരളം പദ്ധതിയിൽ 635 സോഫ്റ്റ്‌ ബിറ്റും 325 കമ്പോസ്റ്റ്‌ ബിറ്റും നിർമിച്ചിട്ടുണ്ട്‌. 
പുതുതായി 9707 കുടുംബങ്ങൾ
ലോക്‌ഡൗൺ സൃഷ്ടിച്ച പ്രതിസന്ധികൾക്ക്‌ ശേഷം 9707 കുടുംബങ്ങൾ ജില്ലയിൽ തൊഴിലുറപ്പ്‌ പദ്ധതിയിൽ പുതുതായി രജിസ്റ്റർ ചെയ്തു.
 ഒരു കുടുംബത്തിന്റെ കാർഡിൽ ആ വീട്ടിലെ ആർക്കും തൊഴിൽ ചെയ്യാം. ഇതോടെ യുവാക്കൾ ഉൾപ്പെടെ നിരവധി പേർക്ക്‌ പദ്ധതിയുടെ ഗുണം കിട്ടും. 65 വയസ്സിന്‌ മുകളിലുള്ളവർക്ക് തൊഴിൽ ചെയ്യാൻ‌ ഇളവ്‌ നൽകിയതോടെ 8000 പേർ കൂടി വീണ്ടും തൊഴിലിടത്തിലേക്ക്‌ എത്തും.
ആദിവാസി കോളനികളിലേക്ക്‌ മൂന്ന്‌ റോഡുകൾ
ആദിവാസി കോളനികളിലേക്കുള്ള റോഡുകളുടെ നിർമാണവും ഈ വർഷം തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം കോളനി പാതയുടെ‌ നിർമാണം തുടങ്ങി. 63 ലക്ഷത്തിന്റേതാണ്‌ പദ്ധതി‌. വഴിക്കടവ്‌ പഞ്ചായത്തിലെ ആനമുറി –- പുഞ്ചക്കൊല്ലി റോഡ്‌ (92 ലക്ഷം), കരുളായി പഞ്ചായത്തിലെ വട്ടിക്കല്ല്‌ കോളനി റോഡ്‌ (50 ലക്ഷം) എന്നിവയുടെ നിർമാണവും ഉടൻ തുടങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top