21 October Wednesday

പാതകളും ഇനി ഹൈടെക്കാകും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020

കൊയിലാണ്ടി–എടവണ്ണ സംസ്ഥാനപാതയുടെ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനംചെയ്യുന്നു

പെരിന്തൽമണ്ണ/മഞ്ചേരി
പ്രളയാനന്തര റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ജില്ലയിലെ രണ്ട്‌ പ്രധാന പാതകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക്‌ തുടക്കം. പെരുമ്പിലാവ് –-നിലമ്പൂർ സംസ്ഥാനപാതയുടെയും കൊയിലാണ്ടി–-എടവണ്ണ റോഡിന്റെയും നിർമാണ ജോലികളാണ്‌ ‌ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ്‌ വഴി ഉദ്‌ഘാടനംചെയ്‌തത്‌. രണ്ടും ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കും.  ആദ്യപാതയിൽ പെരുമ്പിലാവ് മുതൽ മേലാറ്റൂർ വരെ 30.88 കിലോമീറ്ററിലാണ്‌ റോഡ് നിർമിക്കുന്നത്. 
139.4 കോടി രൂപയുടെ സാങ്കേതിക അനുമതി ഇതിന്‌ ലഭിച്ചു.  കെഎംസി കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണ ചുമതല. ഏഴു മീറ്റർ വീതിയിൽ ഡിബിഎം, ബിസി സംവിധാനത്തിലായിരിക്കും നിർമാണം. നിലവിലെ അഞ്ചു പാലങ്ങളിൽ നാലും വീതികൂട്ടി നിർമിക്കും. ഒരു പാലം പുതുക്കിപ്പണിയും.  
കൊയിലാണ്ടി–-എടവണ്ണ പാത 189.7 കോടി ചെലവിട്ടാണ് പുനരുദ്ധരിക്കുന്നത്‌. തിരുവനന്തപുരം ആസ്ഥാനമായ ശ്രീധന്യ കമ്പനിക്കാണ് നിർമാണ ചുമതല. ജില്ലയിൽ 31.59 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ ഇരുവശത്തും ബ്രിക്‌സ് പതിപ്പിച്ച നടപ്പാതകൾ ഒരുക്കും. പാതയിലെ രണ്ട് പാലങ്ങളും നവീകരിക്കും. ഇരുചടങ്ങുകളിലും മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. പെരിന്തൽമണ്ണയിൽ മഞ്ഞളാംകുഴി അലി എംഎൽഎ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ശിലാഫലകം അനാച്ഛാദനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ന്റ് പെട്ടമണ്ണ റീന, ഏലംകുളം പഞ്ചായത്ത് പ്രസിഡ​ന്റ് കെ ആയിഷ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. 
കൊയിലാണ്ടി–-എടവണ്ണ പാത ഉദ്‌ഘാടന ചടങ്ങിൽ എംഎൽഎമാരായ എം ഉമ്മർ, പി ഉബൈദുള്ള, പി കെ ബഷീർ, അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് പറമ്പൻ ലക്ഷ്‌മി, കെ ഭാസ്‌കരൻ, പി പി സഫറുള്ള എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top