14 November Thursday

ഈ ‘ദിവ്യ’നേട്ടം കാണാൻ അച്ഛനില്ല

എം സനോജ‌്Updated: Sunday Jun 30, 2019
 
നിലമ്പൂർ 
അച്ഛന്റെ ഓർമയിൽ കണ്ണീർ പൊഴിക്കുമ്പോഴും അവൾ പറഞ്ഞു–- ഞാൻ ഡോക്ടറാകും; അച്ഛന്റെ ആഗ്രഹം നിറവേറ്റും. നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത‌് പട്ടികവർഗ വിഭാഗത്തിൽ ഒന്നാം റാങ്ക്  നേടി ദിവ്യ എംബിബിഎസ‌് പ്രവേശനത്തിന‌് യോഗ്യത നേടുമ്പോൾ അതുകാണാൻ അച്ഛൻ ഉണ്ണികൃഷ‌്ണൻ ഇല്ലെന്ന ദുഃഖം ബാക്കി. പരീക്ഷയിൽ ഉന്നത വിജയം നേടിയതറിഞ്ഞപ്പോഴും പൊളിഞ്ഞുവീഴാറായ വീടുനോക്കി അവൾ കണ്ണീർ പൊഴിക്കുകയായിരുന്നു. 
  മകളെ ഡോക്ടറാക്കണമെന്നും നാട്ടിലെ പാവപ്പെട്ടവർക്കായി ആതുരസേവനം ചെയ്യണമെന്നുമായിരുന്നു ദിവ്യയുടെ അച്ഛന്റെ  ആഗ്രഹം. കഴിഞ്ഞ വർഷം ദിവ്യയുടെ എൻട്രൻസ് പരിശീലന സമയത്താണ‌് ഉണ്ണികൃഷ‌്ണൻ ഹൃദയാഘാതംമൂലം മരിച്ചത്. അച്ഛന്റെ ആഗ്രഹം നടത്തിക്കൊടുക്കുകയാണ് ഇനി ദിവ്യയുടെ ലക്ഷ്യം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേരാൻ തയ്യാറെടുക്കുകയാണ‌് ദിവ്യ.   
  പണിയ വിഭാഗത്തിൽപ്പെട്ട ദിവ്യ രണ്ടാം പരിശ്രമത്തിലാണ് നേട്ടം കരസ്ഥമാക്കിയത്.  കൂലിപ്പണിക്കാരിയായ ലീലയുടെ നാലുമക്കളിൽ മൂന്നാമത്തെയാളാണ് ദിവ്യ. മഹിളാ സമഖ്യയെന്ന സ്ഥാപനമാണ് ഈ വിജയത്തിനുപിന്നിലെ പ്രേരണാശക്തി. മഹിളാ സമഖ്യ ജില്ലാ കോ–- ഓഡിനേറ്ററായിരുന്ന റജീനയായിരുന്നു പിന്തുണ നൽകിയത‌്. 
കുറുമ്പലങ്ങോട് സർക്കാർ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദിവ്യയുടെ വിദ്യാഭ്യാസ ജീവിതത്തിലെ വഴിത്തിരിവ‌്.  ജവഹർ നവോദയ വിദ്യാലയത്തിലേക്കുള്ള  പരീക്ഷ എഴുതി ആറുമുതൽ പന്ത്രണ്ടുവരെ മലപ്പുറം ഊരകത്തെ നവോദയ വിദ്യാലയത്തിൽ പഠിച്ചു. പത്താംക്ലാസിൽ മിന്നുന്ന ജയവും ഹയർ സെക്കൻഡറി പരീക്ഷയിൽ 91.6 ശതമാനം മാർക്കും നേടി. നീറ്റ‌് പരീക്ഷയിൽ ദേശീയതലത്തിൽ 778ാം റാങ്ക‌് (കാറ്റഗറി) നേടി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top