03 July Friday

മൺതരികൾപോലും ചുവന്ന കാലം

എ രാധാകൃഷ്‌ണൻUpdated: Saturday May 30, 2020

 

സിഐടിയു  രൂപീകരിച്ചിട്ട്‌ ഇന്ന്‌ അമ്പതുവർഷം. 
പോരാട്ടങ്ങളുടെ, സമരത്തിന്റെ അരനൂറ്റാണ്ട്‌. 
പോയകാലത്തിന്റെ ഓർമയിലൂടെ സഞ്ചരിക്കുകയാണ് കുഞ്ഞിബാവയും കറുപ്പുണ്ണിയും
 
 
പെരിന്തൽമണ്ണ
ചെത്തുതൊഴിലാളിയായ കീഴാറ്റൂർ പാണ്ടത്ത് കറുപ്പുണ്ണിയുടെ മനസ്സിൽ ഇരമ്പുകയാണ്‌ പോരാട്ട സ്‌മരണകൾ. സിഐടിയു കൊടിക്കീഴിൽ അടിയന്തരാവസ്ഥയിലെ കാളരാത്രികളിലുൾപ്പെടെ നടന്ന സമരങ്ങൾ തിളയ്‌ക്കുന്നുണ്ടിപ്പോഴും. 
ചെത്തുതൊഴിലാളിയായിരുന്ന അച്ഛന്റെ പകരക്കാരനായാണ് കീഴാറ്റൂർ പാണ്ടത്ത് കറുപ്പുണ്ണി ഈ തൊഴിലിലേക്കെത്തുന്നത്‌. പാലോളി മുഹമ്മദ്കുട്ടി പ്രസിഡന്റും ആർ രാജപ്പൻ സെക്രട്ടറിയുമായി 1967–-ലാണ് ചെത്ത്‌ തൊഴിലാളി യൂണിയൻ പെരിന്തൽമണ്ണയിൽ പ്രവർത്തനം തുടങ്ങുന്നത്‌. കള്ളുഷാപ്പ് മുതലാളിമാരുടെ ഹുങ്കും അവരുടെ താൽപ്പര്യത്തിനനുസരിച്ച്‌ തുള്ളിയിരുന്ന എക്‌സൈസ്‌ ഉദ്യോഗസ്ഥരുടെ തേർവാഴ്ചയും നിറഞ്ഞ കാലം. അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത ചെറുത്തുനിൽപ്പ്‌ സംഘടിപ്പിച്ചാണ് താലൂക്കിലെ  കെട്ടുറപ്പുള്ള  പ്രസ്ഥാനമായി ചെത്ത് തൊഴിലാളി യൂണിയൻ മാറുന്നത്‌. തിരൂർക്കാട് കള്ളുഷാപ്പ്‌ കോൺട്രാക്ടർ  17 പൈസ കള്ളുവിലയും ഡിഎയും വെട്ടിക്കുറച്ചതിനെതിരെ നടന്ന സമരം തൊഴിലാളികൾക്ക്‌ വർധിത ആവേശമാണ്‌ നൽകിയത്‌‌.  രണ്ടുമാസം നീണ്ട സമരം താലൂക്കിലാകെ വ്യാപിച്ചു. കൂലി കൂടുതൽ നേടിയെടുത്താണ്‌ അത്‌ അവസാനിച്ചത്‌.
1974-–-75 കാലത്ത് കള്ളുകൂലി അഞ്ച് പൈസ കൂട്ടിക്കിട്ടാൻ തൊഴിലാളികൾ നടത്തിയ സമരവും വൻ ചെറുത്തുനിൽപ്പിനിടയാക്കി. ലിറ്ററിന് രണ്ട് പൈസയാണ്‌ തൊഴിലാളികൾ കൂടുതലായി നേടിയത്‌. ചെത്ത് തൊഴിലാളികൾ ചെത്തുന്ന വൃക്ഷത്തിന്റെ കുല വെട്ടിയറുക്കുന്നതും തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതും‌ അക്കാലത്ത്‌ പതിവായിരുന്നു. മക്കരപ്പറമ്പ് ഷാപ്പിലെ തൊഴിലാളിയായ കോലോതൊടി ഉണ്ണാമനെ അറസ്റ്റ് ചെയ്യാൻ എക്‌സൈസ്‌ ഇൻസ്‌പെക്ടർ എത്തിയപ്പോൾ  ഉണ്ണാമൻ പനയുടെ മുകളിലായിരുന്നു.  കുല വെട്ടിയറുക്കാൻ കൂലിക്കാരെ കൂട്ടിയായിരുന്നു ഷാപ്പ്‌ മുതലാളിയും  അധികൃതരും എത്തിയത്. എന്നാൽ,  ഉണ്ണാമൻ പനയിൽനിന്ന്‌ ഇറങ്ങാൻ തയ്യാറായില്ല. യൂണിയൻ സെക്രട്ടറി രാജപ്പൻ വന്നാലെ ഇറങ്ങൂവെന്ന് ശഠിച്ചു. അതോടെ കുല വെട്ടാനും അറസ്റ്റ് ചെയ്യാനും വന്നവർ തിരിച്ചുപോയി. അവകാശ പോരാട്ടങ്ങളിൽ അരയിൽ ചേറ്റുകത്തിയും കെട്ടി ചെങ്കൊടി പിടിച്ച് പെരിന്തൽമണ്ണ ടൗണിൽ നടത്തിയ ഒട്ടേറെ  പ്രകടനങ്ങളുടെ കഥയും 61–-കാരനായ കറുപ്പുണ്ണിക്ക് പറയാനുണ്ട്‌. 1967–--80 കാലത്ത്‌ എടപ്പറ്റ, ആലിപ്പറമ്പ്, വെട്ടത്തൂർ, പുഴക്കാട്ടിരി, കുരുവമ്പലം, തിരൂർക്കാട്, മക്കരപ്പറമ്പ് എന്നിവിടങ്ങളിൽ ഒട്ടേറെ സമരങ്ങളാണ്‌ യൂണിയൻ നടത്തിയത്‌. 
 യൂണിയന്റെ രൂപീകരണശേഷമാണ് ചക്കര ചെത്ത് അവസാനിപ്പിച്ച് കള്ള് ചെത്ത് തുടങ്ങിയത്. ഇപ്പോൾ 232 അംഗങ്ങളുണ്ട്‌‌.  താലൂക്ക്‌ എക്സിക്യൂട്ടീവ് അംഗമാണ് കറുപ്പുണ്ണി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top