25 August Sunday

വർധിച്ച ജനപിന്തുണ ആവേശകരം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019
മലപ്പുറം
ജില്ലയിലെ തദ്ദേശ വാർഡുകളിലേക്ക‌് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് മികച്ച വിജയം സമ്മാനിച്ച വോട്ടർമാരെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അഭിവാദ്യംചെയ്തു. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലം വന്നപ്പോൾ ഇടതുപക്ഷം  ഒലിച്ചുപോയെന്നും ജില്ല പച്ചക്കോട്ടയായെന്നുമാണ‌് മുസ്ലിംലീഗ‌ും യുഡിഎഫും പറഞ്ഞത‌്. എന്നാൽ ഈ അവകാശവാദങ്ങൾക്ക‌് കേവലം ഒരുമാസത്തെ ആയുസേ ഉള്ളൂവെന്ന‌് ഉപതെരഞ്ഞെടുപ്പ‌് ഫലം തെളിയിച്ചു. യുഡിഎഫ‌്–- ബിജെപി കുപ്രചാരണങ്ങളുടെ യാഥാർഥ്യം തിരിച്ചറിഞ്ഞ ജനം ഇടതുപക്ഷത്തിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു. 
  പരപ്പനങ്ങാടിയിലെ കീഴ‌്ച്ചിറ വാർഡിൽ എൽഡിഎഫിന‌് ആവേശകരമായ വിജയമാണ‌് ജനം നൽകിയത‌്.  യുഡിഎഫ‌് മൂന്നാം സ്ഥാനത്തായി. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഊർങ്ങാട്ടിരി പഞ്ചായത്തിലെ 18ാം വാർഡിൽ യുഡിഎഫിന‌് 235 വോട്ടിന്റെ ലീഡുണ്ടായിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ ഈ ലീഡും മറികടന്ന‌് 106 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ‌് എൽഡിഎഫ‌് സ്ഥാനാർഥി വിജയിച്ചത‌്. 
ലീഗ‌് കോട്ടയെന്ന‌് അറിയപ്പെട്ടിരുന്ന മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗൺ വാർഡിൽ  ലോക‌്സഭാ തെരഞ്ഞെടുപ്പിൽ അവർക്ക‌് 370 വോട്ടിന്റെ ലീഡുണ്ടായിരുന്നു. ഇത‌് 106 വോട്ട‌ായി കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ 187 വോട്ടായിരുന്നു ലീഗിന്റെ ലീഡ‌്. ആനക്കയം പഞ്ചായത്തിലെ പത്താം വാർഡ‌് നരിയാട്ടുപാറയിൽ ഇടതുപക്ഷം മികച്ച മുന്നേറ്റമുണ്ടാക്കി. 39 വോട്ട‌ാണ‌്  കൂടിയത‌്. ലീഗ‌ിന‌് നിർണായക സ്വാധീനമുള്ള ആലിപ്പറമ്പിലെ എട്ടാം വാർഡിൽ ലോക‌്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച‌് എൽഡിഎഫ‌് വോട്ടിൽ 70 എണ്ണത്തിന്റെയും വർധനവുണ്ട‌്.
  ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലം വന്നപ്പോൾ ഇടതുപക്ഷം അപ്രസക്തമായി എന്നുപറഞ്ഞ‌് അഹങ്കരിച്ചവർക്ക‌് കനത്ത തിരിച്ചടിയാണ‌് ഈ തെരഞ്ഞെടുപ്പ‌് ഫലം. മോഡിയുടെ ഭരണത്തുടർച്ച ഉയർത്തുന്ന ആശങ്ക നേരിടാൻ ഇടതുപക്ഷ മതനിരപേക്ഷത  കരുത്താർജിക്കേണ്ടതിന്റെ ആവശ്യകത മലപ്പുറത്തിന്റെ  മനസ്സ‌് തിരിച്ചറിഞ്ഞിരിക്കുന്നു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന‌്  വിശ്വസിപ്പിച്ച‌്  വോട്ടുതട്ടിയവർ കബളിപ്പിച്ചുവെന്ന യാഥാർഥ്യം ബോധ്യമായ സമ്മതിദായകർ ഉയർന്ന രാഷ‌്ട്രീയബോധത്തോടെ ആ കൈയബദ്ധം തിരുത്താൻ തയ്യാറായി. 
എൽഡിഎഫിന് വോട്ടർമാർ നൽകിയ പിന്തുണ  വർഗീയതക്ക‌് യഥാർഥ ബദലായ ഇടതുപക്ഷ മതനിരപേക്ഷ ചേരിക്ക‌് ആവേശം പകരുന്നതാണെന്നും ജനവിശ്വാസം കരുത്താക്കി മുന്നേറുമെന്നും ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ‌് പ്രസ‌്താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top