18 September Wednesday

അമ്പതിന്റെ നിറവില്‍ കലിക്കറ്റ് സർവകലാശാല

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018
കെ പി പ്രവീഷ്
 മലപ്പുറം ജില്ലക്ക് മുന്നെ ഇ എം എസ് സർക്കാരിന്റെ സമ്മാനം. കലിക്കറ്റ് സർവകലാശാല. വിദ്യാഭ്യാസ രംഗത്ത് മലബാറിന്റെ സ്വപ്‌നങ്ങൾക്ക് ചിറകേകിയ മലപ്പുറത്തിന്റെ മികവ്. കോഴിക്കോട് തൃശൂർ ദേശീയപാതയോരത്ത് തേഞ്ഞിപ്പലത്താണ് മലബാറിന്റെ വാഴ്സിറ്റിയുടെ ആസ്ഥാനം. 1968 ആഗസ്ത് 12നായിരുന്നു സർവകലാശാലയുടെ തുടക്കം. ഉത്തരകേരളത്തിൽ ഉന്നതവിദ്യാഭ്യാസം വ്യാപിപ്പിക്കലും  ഗവേഷണം പ്രോത്സാഹിപ്പിക്കലുമായിരുന്നു ലക്ഷ്യം. അന്നുവരെയുണ്ടായിരുന്ന കേരള സർവകലാശാലയിൽനിന്ന് വേർപെടുത്തി മലബാറിലെ അഞ്ച് ജില്ലകൾക്ക് വേണ്ടിയായിരുന്നു പുതിയ സർവകലാശാല. മിഠായിത്തെരുവിൽ ഇന്ന് എസ് കെ പൊറ്റക്കാടിന്റെ പ്രതിമ സ്ഥിതിചെയ്യുന്ന ഇടത്തെ വേദിയിൽ കേന്ദ്രമന്ത്രി തൃഗുൺസെൻ സർവകലാശാല ഉദ്ഘാടനംചെയ്തു. 
സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരുവിതാംകൂർ, മദ്രാസ് സർവകലാശാലകളായിരുന്നു ഈ മേഖലയിൽ ഉണ്ടായിരുന്നത്. സംസ്ഥാന പുനഃസംഘടനാ കമീഷൻ തെക്കേ ഇന്ത്യയിൽ കേന്ദ്രസർവകലാശാല രൂപീകരിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മലബാർ സർവകലാശാല എന്ന ആശയം 1955ൽ ഡോ. കെ എം ജോർജ് മുന്നോട്ടുവച്ചു. 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയും കോഴിക്കോട് കേന്ദ്രീകരിച്ച് സർവകലാശാല വേണമെന്ന ആശയത്തെ പിന്തുണച്ചു. 
വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശേരി ഇതിൽ തൽപ്പരനായിരുന്നു. കേരളത്തിൽ പുതിയ സർവകലാശാല രൂപീകരണം നിർദേശങ്ങൾ സമർപ്പിക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. സാമുവൽ മത്തായി അധ്യക്ഷനായി 1967ൽ ഇ എം എസ് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. കെ പി കേശവമേനോൻ, പി പി ഹസൻകോയ, പി കെ അബ്ദുൾ ഗഫൂർ, പി ഗോവിന്ദപ്പിള്ള, ഡോ. കെ സി ചാക്കോ എന്നിവരായിരുന്നു അംഗങ്ങൾ. കോഴിക്കോട്, കൊച്ചിൻ സർവകലാശാലകൾ രൂപീകരിക്കണമെന്നായിരുന്നു ശുപാർശ. ഇതേ തുടർന്ന് കോഴിക്കോട് സർവകലാശാല രൂപീകരിക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ സി ചാക്കോയെ സ്‌പെഷൽ ഓഫീസറായും മുനിസിപ്പൽ കമീഷണർ എം അബ്ദുൾ റഹ്മാനെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായും സർക്കാർ നിയമിച്ചു. പ്രാഥമിക പ്രവർത്തനത്തിനായി 20 ലക്ഷം രൂപ നീക്കിവച്ചു. വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ച് കേരളത്തിന്റെ ആവശ്യം ചർച്ചചെയ്തു. പുതിയ സർവകലാശാലകളുടെ രൂപീകരണത്തെ കുറിച്ച് പഠിക്കാൻ ഉസ്മാനയ സർവകലാശാല വൈസ് ചാൻസലർ ഡോ. പി എസ് റെഡ്ഡി അധ്യക്ഷനായി സർവകലാശാല ഗ്രാന്റ്‌സ് കമീഷൻ (യുജിസി) പ്രത്യേക സമിതിയെ നിയോഗിച്ചു. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1968 ജൂലൈ മൂന്നിന് ചെയർമാൻ ഡോ. കോത്താരിയുടെ അധ്യക്ഷതയിൽ ചേർന്ന യുജിസി പുതിയ സർവകലാശാലക്ക് അനുമതി നൽകി.    
1968 ആഗസ്ത് 12ന് സർവകലാശാല ഉദ്ഘാടനംചെയ്യപ്പെട്ടെങ്കിലും കോഴിക്കോട് ദേവഗിരി, ഗുരുവായൂരപ്പൻ കോളേജുകളിലായിരുന്നു സെന്ററുകൾ പ്രവർത്തിച്ചിരുന്നത്. ഗുരുവായൂരപ്പൻ കോളേജിൽ ചരിത്രം, രസതന്ത്രം വിഭാഗങ്ങളായിരുന്നു. ഗുരുവായൂരപ്പൻ കോളേജിൽ എകെപിസിടിഎ നേതൃത്വത്തിൽ നടന്ന സമരത്തെ കലിക്കറ്റിന്റെ  ഭാഗമായ അധ്യാപകർ പിന്തുണച്ചതിനാൽ സെന്ററുകൾ ഒഴിവാക്കപ്പെട്ടു. പിന്നീട് മലബാർ ക്രിസ്ത്യൻ കോളേജിലേക്ക് മാറ്റി. ദേവഗിരി കോളേജിലെ  കെട്ടിടം വാടകയ്‌ക്കെടുത്താണ് ബോട്ടണി, സുവോളജി ക്ലാസുകൾ നടത്തിയിരുന്നത്. വെസ്റ്റ്ഹില്ലിൽ ഗവ. പോളിടെക്‌നിക് കോളേജ് കെട്ടിടത്തിലായിരുന്നു പിവിസിയുടെ ഓഫീസ്. സർവകലാശാല തേഞ്ഞിപ്പലത്ത് സ്ഥാപിക്കാൻ തീരുമാനിച്ചപ്പോൾ ഭൂമി കണ്ടെത്താൻ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടായി. ഭൂപരിഷ്‌കരണം നിലവിൽ വന്നതിനാൽ ജന്മിമാർ ഭൂമി വിട്ടുനൽകാൻ സ്വയം മുന്നോട്ടുവന്നു. ഭരണകാര്യാലയമാണ് ആദ്യം നിർമിച്ചത്. പിന്നീട്, താൽക്കാലിക ക്ലാസ് മുറികളും ക്വാർട്ടേഴ്‌സും നിർമിച്ചു. 1969 ഒക്‌ടോബറിൽ തേഞ്ഞിപ്പലം ക്യാമ്പസിലേക്ക് സർവകലാശാല മാറ്റി. ജൂൺ 16ന് മലപ്പുറം ജില്ലയും നിലവിൽവന്നിരുന്നു. സർവകലാശാലയും ഒപ്പം ജില്ലയും മലപ്പുറത്തിന് ഇരട്ടിമധുരമായി. 
സ്‌പെഷൽ ഓഫീസറായിരുന്ന ഡോ. കെ സി ചാക്കോയെയാണ് പിവിസിയായി നിയമിച്ചത്. പ്രൊഫ. എം എം ഗിനി വൈസ് ചാൻസലറും. തുടർന്ന്, ഡോ. നൂർ മുഹമ്മദ്, പ്രൊഫ. കെ എ ജലീൽ, ഡോ. ടി എൻ ജയചന്ദ്രൻ, പ്രൊഫ. ടി കെ രവീന്ദ്രൻ, ഡോ. എ എൻ പി ഉമ്മർകുട്ടി, ഡോ. കെ കെ എൻ കുറുപ്പ്, പ്രൊഫ. സയ്യിദ് ഇഖ്ബാൽ ഹസ്‌നെയിൻ, ഡോ. അൻവർ ജഹാൻ സുബേരി, ഡോ. എം അബ്ദുൾ സലാം എന്നിവർ വിസിമാരായി. ഡോ. കെ മുഹമ്മദ് ബഷീറാണ് ഇപ്പോൾ വൈസ് ചാൻസലർ. 
56 കോളേജുകൾ, അരലക്ഷം വിദ്യാർഥികൾ. തുടക്കത്തിൽ കലിക്കറ്റ് സർവകലാശാലയിലെ കോളേജുകളുടെയും വിദ്യാർഥികളുടെയും എണ്ണം ഇങ്ങനെയായിരുന്നു. 430 ഏക്കറായിരുന്നു സർവകലാശാല വളപ്പിന്റെ വിസ്തൃതി. 
ഇപ്പോൾ 427 അഫിലിയേറ്റഡ് കോളേജുകളും 34 അധ്യാപന പരിശീലന കേന്ദ്രങ്ങളുമായി വാഴ്‌സിറ്റി ഏറെ വളർന്നു. 2013ൽ രാജ്യത്തെ മികച്ച 26 സർവകലാശാലകളുടെ പട്ടികയിൽ ഇടംനേടി. നാക് എ ഗ്രേഡും കരസ്ഥമാക്കി. നിർമായ കർമണശ്രീയാണ് സർവകലാശാലയുടെ ആപ്തവാക്യം.
പ്രധാന വാർത്തകൾ
 Top