28 November Sunday

കൂടെയുണ്ട്‌ ‘കാവൽ’

സ്വന്തം ലേഖകൻUpdated: Thursday Oct 28, 2021

 മലപ്പുറം

കുറ്റകൃത്യങ്ങളിൽ അകപ്പെടുന്ന കുട്ടികളെ നേർവഴിക്ക്‌ നടത്താനുള്ള വനിതാ ശിശുവികസന വകുപ്പിന്റെ പദ്ധതിയാണ്‌ ‘കാവൽ’. 2018ൽ തുടങ്ങിയ പദ്ധതിയിൽ ജില്ലയിൽ ഇതിനകം 164 കുട്ടികൾ പദ്ധതിയുടെ ഭാഗമായി. നിലവിൽ 93 പേർക്ക്‌  പദ്ധതിയുടെ സഹായം ലഭിക്കുന്നു. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളുടെ മാനസികവും സാമൂഹികവും കുടുംബപരവുമായ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ്‌  ലക്ഷ്യം. കുട്ടികളെ കുറ്റവാളികളായി കാണാതെയെുള്ള സ്വഭാവ നവീകരണമാണ്‌ ലക്ഷ്യം. 2016ൽ ഒന്നാം പിണറായി സർക്കാർ തുടങ്ങിവച്ച പദ്ധതിക്ക്‌ വലിയ സ്വീകാര്യതയാണ്‌ ലഭിച്ചത്‌.  21 വയസിനുതാഴെയുള്ള കുട്ടികളാണ്‌ പദ്ധതി ഗുണഭോക്താക്കൾ. പൊലീസ്‌ സ്‌റ്റേഷനിൽ കേസ്‌ രജിസ്‌റ്റർചെയ്യപ്പെട്ടാൽ കുട്ടിയെ ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡിനുമുന്നിൽ ഹാജരാക്കും. ശിശുസംരക്ഷണ കേന്ദ്രം കൗൺസിലർ കുട്ടിയുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി ബോർഡിന്‌ റിപ്പോർട്ട്‌ നൽകും. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പദ്ധതിക്ക്‌ തെരഞ്ഞെടുക്കുക.   കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ, പടിഞ്ഞാറ്റുമുറി എംഎഎഫ്‌എം ചാരിറ്റബിൾ ട്രസ്‌റ്റ്‌  എന്നീ സന്നദ്ധ സംഘടനകളാണ്‌ ജില്ലയിലെ പദ്ധതിയുടെ നോഡൽ ഓഫീസർ. 35 പൊലീസ്‌ സ്‌റ്റേഷനെ രണ്ട്‌ സോണുകളായി തിരിച്ചാണ്‌ കേസ്‌ കൈകാര്യംചെയ്യുക. കുട്ടികൾക്ക്‌ കൗൺസിലിങ്‌ നൽകിയും നിരന്തരം നിരീക്ഷിച്ചും സ്വഭാവമാറ്റത്തിന്‌ ശ്രമിക്കും.  പ്രശ്‌നത്തിന്റെ സ്വഭാവം മനസ്സിലാക്കി രക്ഷിതാക്കൾക്കും കമ്യുണിറ്റിക്കും കൗൺസിലിങ് നൽകും. ഭക്ഷണം, വീട്‌, പഠനസൗകര്യം, നിയമസഹായം, പാസ്‌പോർട്ട്‌ സേവനം എന്നിവ ഉറപ്പാക്കും. ലഹരിക്ക്‌ അടിപ്പെട്ടവരെ വിമുക്തി പദ്ധതിയിലൂടെ ചികിത്സിക്കും.  വിവിധ വകുപ്പുകൾ ഏകോപിച്ചാണ്‌ പദ്ധതി നടത്തിപ്പ്‌. ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക്‌ കീഴിൽ ലീഗൽ പ്രൊബേഷൻ ഓഫീസർക്കാണ്‌ നടത്തിപ്പ്‌ ചുമതല.  എല്ലാ മാസവും പ്രിൻസിപ്പൽ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയിൽ യോഗം ചേരും. സ്‌പെഷ്യൽ ജുവനൈൽ യൂണിറ്റ്‌ മേധാവിയായ എസ്‌പിക്കു പുറമെ  വിവിധ വകുപ്പ്‌ മേധാവികളും പങ്കെടുത്ത്‌ യോഗം ചേരും. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ കേസ്‌ രജിസ്‌റ്റർചെയ്യും. നിരവധി കുട്ടികളെ നേർവഴിയിലേക്ക്‌  നടത്താൻ പദ്ധതിക്കായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top