29 February Saturday

പെറ്റമണ്ണ് കാക്കാൻ

സ്വന്തം ലേഖകൻUpdated: Tuesday Jan 28, 2020
 
മലപ്പുറം
വെള്ളക്കാരന്റെ വിഭജനതന്ത്രങ്ങളെയും നിറതോക്കുകളെയും കൂസാത്ത മലപ്പുറത്തിന്റെ സാമ്രാജ്യത്വവിരുദ്ധ സമരപൈതൃകം അതേ ബ്രിട്ടീഷുകാരന്റെ പാദസേവകർക്കും കീഴടങ്ങില്ലെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചു.  
ഐക്കരപ്പടിമുതൽ പുലാമന്തോൾ വരെ 67 കിലോമീറ്ററിൽ അഞ്ചുലക്ഷംപേർ ഭിന്നിപ്പിന്റെ ശക്തികൾക്കെതിരെ ചേർന്നുനിന്നു. അവരുടെ പത്തുലക്ഷം കൈകകൾ കൊരുത്ത കോട്ടയിൽ അതിജീവനത്തിന്റെ, ഐക്യത്തിന്റെ പുതിയ സമരഗാഥ. മതത്തിന്റെ പേരിൽ പൗരത്വം നിഷേധിച്ച്‌ ആട്ടിയോടിക്കാൻ ശ്രമിക്കുന്നവരോട്‌ അവർ വിളിച്ചുപറഞ്ഞു–-ഭയപ്പെടില്ല, നാടുവിടില്ല. രാജ്യത്തെയും ഭരണഘടനയെയും ഒരുമിച്ചുനിന്ന്‌ കാക്കുമെന്ന്‌ പ്രഖ്യാപിച്ചു. 
 കശ്‌മീരിന്റെ ജനകീയ പോരാളി മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയെയും മന്ത്രി കെ ടി ജലീലിനെയും നേതാക്കളെയും സാക്ഷിയാക്കി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഭരണഘടനയുടെ ആമുഖവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.   ‘മനുസ്‌മൃതികൊണ്ട്‌ ഭരണഘടനയേയും ചാതുർവർണ്യംകൊണ്ട്‌ ജനാധിപത്യക്രമത്തേയും മതാധിഷ്‌ഠിത ഭരണംകൊണ്ട്‌ മതനിരപേക്ഷതയേയും പകരംവയ്‌ക്കാനുള്ള കുടിലനീക്കങ്ങളെ ജീവൻ നൽകിയും ചെറുക്കുമെന്ന പ്രഖ്യാപനം ഗർജനമായി അവസാനിക്കുമ്പോൾ കാണാനെത്തിയവരും ഏറ്റുവിളിച്ചു. വാഹനങ്ങൾ നിർത്തിയിട്ട്‌ ആദരം.  വിചാരിച്ചതിലുമധികം ആളുകൾ ഒഴുകിയെത്തിയതോടെ രണ്ടും മൂന്നും വരിയായി മനുഷ്യ മഹാശൃംഖല. പ്രായമായവരും കുഞ്ഞുങ്ങളും കണ്ണികളായി. 
സിവിൽസ്‌റ്റേഷൻ പരിസരത്ത്‌ പൊതുയോഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി ഉദ്‌ഘാടനംചെയ്‌തു.  ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. എ പി അബ്ദുൾ വഹാബ്‌ പ്രസംഗം പരിഭാഷപ്പെടുത്തി. മന്ത്രി  കെ ടി ജലീൽ അധ്യക്ഷനായി. പി കെ ശ്രീമതി, ആലങ്കോട് ലീലാകൃഷ്‌ണൻ, ഫാദർ സെബാസ്‌റ്റ്യൻ ചെമ്പുകണ്ടത്തിൽ, കെ എൻഎം സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൾ മജീദ്‌ സ്വലാഹി, ഇ പി അഷ്‌റഫ്‌ ബാഖവി (കേരള സംസ്ഥാന ജംഇയത്തുൽ ഉലമ), സുന്നി യുവജന ഫെഡറേഷൻ കൺവീനർ മരുത അബ്ദുൽ ലത്തീഫ്‌ മൗലവി, യു ടി എം ഷമീർ (മുസ്ലിം ജമാ അത്ത്‌ ), ഡോ. പി വി മുഹമ്മദ്‌ (മുജാഹിദ് വിസ്‌ഡം ​ഗ്രൂപ്പ്), പി എം മുസ്‌തഫ (മുസ്ലിം ജമാ അത്ത്‌ ജില്ലാ സെക്രട്ടറി), മണമ്പൂർ രാജൻബാബു, അഡ്വ. സുജാത വർമ, എൽഡിഎഫ്‌ ജില്ലാ കൺവീനർ പി പി സുനീർ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ തുടങ്ങിയവർ സംസാരിച്ചു. ഐക്കരപ്പടി, പുളിക്കൽ, കൊണ്ടോട്ടി, മോങ്ങം, ആലത്തൂർപടി, കൂട്ടിലങ്ങാടി, അങ്ങാടിപ്പുറം, പൈരിന്തൽമണ്ണ, ചെറുകര, പുലാമന്തോൾ എന്നിവിടങ്ങളിലും യോഗം ചേർന്നു. 
പ്രധാന വാർത്തകൾ
 Top