29 February Saturday

മനസ്സുകളിലേക്ക്‌ പടർന്ന്‌...

ജോബിൻസ് ഐസക്Updated: Tuesday Jan 28, 2020

മലപ്പുറത്ത് ശൃംഖലക്കെത്തിയ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി കുരുന്നിനോട് കുശലംപറയുന്നു. കേന്ദ്ര കമ്മിറ്റിയം​ഗം പി കെ ശ്രീമതി സമീപം

 
മലപ്പുറം
താഴ്‌വരയിലെ കൊടുംതണുപ്പിനും തടവറയ്‌ക്കും തളർത്താനാകാത്ത പോരാട്ടവീര്യവുമായി തരിഗാമി. പിറന്ന മണ്ണിലെ വേരറുക്കുന്ന പൗരത്വനിയമം ഉലച്ച മനസ്സുകളിൽ ആത്മവിശ്വാസവും അഗ്‌നിയും നിറച്ച്‌ പ്രസംഗം. മലബാർ സമരനായകൻ വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ഹാജി രക്തസാക്ഷിയായ കോട്ടക്കുന്നിന് അഭിമുഖമായി ടൗൺ ജുമാമസ്‌ജിദിന്‌ മുന്നിലാണ്‌ അദ്ദേഹം കണ്ണിയായത്‌. ഭഗത്‌സിങ്ങിന്റെയും അശ്‌ഫാഖുല്ലഖാന്റെയും രാം പ്രസാദ്‌ ബിസ്‌മലിന്റെയും സാമ്രാജ്യത്വവിരുദ്ധ സമരങ്ങളെ വാക്കുകളിൽ ശൃംഖലയ്‌ക്കൊപ്പം ചേർത്തു. 
പ്രകൃതിരമണീയവും സമ്പന്നവുമായ കശ്‌മീരിനെ വെട്ടിമുറിച്ച്‌ നേതാക്കളെ തടവിലിട്ട്‌ പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശവും നിഷേധിച്ച കേന്ദ്ര ഇടപെടൽ വിശദീകരിച്ചാണ്‌ തരിഗാമി പ്രസംഗം തുടങ്ങിയത്‌.  ‘എന്റെ കശ്‌മീർ, നിങ്ങളുടെ കശ്‌മീർ, നമ്മുടെ കശ്‌മീർ‘ എന്ന്‌  പറയുമ്പോൾ വികാരാധീനനായി. കേരളത്തിന്റെയും കശ്‌മീരിന്റെയും സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക്‌ സമാനതകളുണ്ട്‌. മതനിരപേക്ഷമായിരുന്നു ആ സമരങ്ങൾ. ജാതിയുടെയും മതത്തിന്റെയും പേരിൽ സാമ്രാജ്യത്വത്തിന്‌ നമ്മളെ പിന്തിരിപ്പിക്കാനാവില്ലെന്ന്‌ പ്രഖ്യാപിക്കുമ്പോൾ മലപ്പുറം ആരവങ്ങളോടെ അതേറ്റെടുത്തു. 
370ാം വകുപ്പ്‌ റദ്ദാക്കി കശ്‌മീരിനെ വിഭജിച്ച്‌ കേന്ദ്രസർക്കാർ തടവറയിലാക്കിയ നേതാക്കളിൽ തരിഗാമിയുണ്ടായിരുന്നു. കശ്‌മീരിൽ എത്തിയ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്‌ സുപ്രീം കോടതിയെ സമീപിച്ച്‌ അദ്ദേഹത്തെ പുറത്തെത്തിച്ചത്‌. കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിലാണിപ്പോൾ.
 
രാജ്യത്തെ ഭിന്നിപ്പിക്കാനാകില്ല: തരിഗാമി 
മലപ്പുറം 
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുമിച്ച്‌ പൊരുതിയ മനുഷ്യരെ ഭിന്നിപ്പിക്കാമെന്ന്‌ കരുതേണ്ടെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി.  കശ്‌മീരിൽ ചെയ്‌തതുപോലെ രാജ്യത്തെയാകെ വെട്ടിമുറിക്കാനും വിഭജിക്കാനുമുള്ള കേന്ദ്രത്തിന്റെ ഗൂഢനീക്കം ജനങ്ങൾ നേരിടും. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാക്കാൻ ഒരിഞ്ചുപോലും നാം പിന്നോട്ട്‌ പോകില്ല–- മലപ്പുറം കുന്നുമ്മലിൽ മനുഷ്യ മഹാശൃംഖല പൊതുയോഗം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  
ജെഎൻയു, ജാമിയ, അലിഗഡ്‌ എന്നിവിടങ്ങളിലുൾപ്പെടെ വിദ്യാർഥികൾ നടത്തുന്ന പ്രതിരോധം ആവേശകരമാണ്‌. സിഎഎക്കെതിരെ കേരള നിയമസഭയുടെ പ്രമേയവും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പോരാട്ടങ്ങളും രാജ്യത്തിന്‌ മാതൃകയാണ്‌. ഏത്‌ ഭരണാധികാരി വന്നാലും ജനങ്ങളാണ്‌ പരമാധികാരികൾ. പ്രക്ഷോഭകാരികളെ  വേഷത്താൽ തിരിച്ചറിയാമെന്ന്‌ പറഞ്ഞ മോഡിക്ക്‌ തെറ്റി. എല്ലാ വിഭാഗക്കാരും ഒന്നായിനിന്ന്‌ ഭരണഘടനയുടെ നിലനിൽപ്പിനായി പൊരുതുകയാണ്‌–- തരിഗാമി പറഞ്ഞു.  
പ്രധാന വാർത്തകൾ
 Top