22 January Saturday

ഏഷ്യൻ സോഫ്റ്റ്‌ ബേസ് ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തിന്റെ കരുത്തിൽ ഇന്ത്യക്ക് കിരീടം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

താനൂർ

നേപ്പാളിൽ നടന്ന ഏഷ്യൻ സോഫ്റ്റ്‌ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം. ഫൈനലിൽ ഇന്ത്യൻ പുരുഷ ടീം ആതിഥേയരായ നേപ്പാളിനെ 35-–-20 നും വനിതാ ടീം ഭൂട്ടാനെ (25–--15)നും തോൽപ്പിച്ചു.‌ മലയാളി താരങ്ങളായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കെ എം ജവാദ് പുരുഷ ടീമിനെയും താനൂർ മോര്യ സ്വദേശി എം സാന്ദ്ര വനിതാ ടീമിനെയും നയിച്ചു. ജവാദിന്റെയും സാന്ദ്രയുടെയും കരുത്തിലാണ് ടീം ഉന്ത്യ ഓവറോൾ ചാമ്പ്യന്‍മാരായത്‌.   നേപ്പാളിലെ പൊഖാറയിലെ രംഗശാല അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ 22 മുതൽ 25 വരെയായിരുന്നു മത്സരം. ഏഷ്യൻ സോഫ്റ്റ് ബേസ് ബോൾ ഫെഡറേഷൻ കൗൺസിലിന്റെ കീഴിലായിരുന്നു ചാമ്പ്യൻഷിപ്പ്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ എന്നീ അഞ്ച് രാജ്യങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്‌. ഇന്ത്യൻ ടീമിൽ മലപ്പുറത്ത് നിന്നാണ് ഏറ്റവും കൂടുതൽ താരങ്ങൾ.  താനൂരിൽനിന്നുമാത്രം 14 പേരാണുള്ളത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തെലങ്കാന, യുപി, പോണ്ടിച്ചേരി, കർണാടകം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് മറ്റു താരങ്ങൾ. കേരള ടീമിന്റെ പരിശീലകനും താനൂർ കുന്നുംപുറം സ്വദേശിയുമായ അസി. പ്രൊഫ. കെ ഹംസയുടെ നേതൃത്വത്തിലുള്ള കുന്നുംപുറം സോഫ്റ്റ് ബോൾ അക്കാദമിയിലെ പ്രതിഭകളാണ് താനൂരിൽനിന്നുള്ള മുഴുവൻ പേരും.  സോഫ്റ്റ് ബോളിന്റെയും ബേസ് ബോളിന്റെയും മിക്സഡ് രൂപമാണ് പുതിയ കായിക ഇനമായ സോഫ്റ്റ് ബേസ്ബോൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top