06 December Monday

ഡീസൽ വിലവർധനവിൽ നടുവൊടിഞ്ഞ് മത്സ്യമേഖല

പി എ സജീഷ്Updated: Wednesday Oct 27, 2021

കുറിയ മൊയ്തീൻ കാക്കാനകത്ത് കോയയും തൊഴിലാളികളും മത്സ്യബന്ധനത്തിനിടെ

പൊന്നാനി
ദിവസേനയുള്ള ഡീസൽ വില വർധനവിൽ നട്ടംതിരിഞ്ഞ് മത്സ്യമേഖല. ‌മത്സ്യതൊഴിലാളികളും അനുബന്ധ തൊഴിലാളികളടക്കം പതിനായിരങ്ങളുടെ ജീവിതം വിലവർധന പ്രതിസന്ധിയിലാക്കി.
ഒരുദിവസം മത്സ്യബന്ധനം നടത്താൻ ബോട്ടുകൾക്ക് 500 ലിറ്റർവരെ ഡീസൽ വേണം. ഒരുദിവസത്തിൽ കൂടുതൽ കടലിൽ നിൽക്കേണ്ട സാഹചര്യമുണ്ടായാൽ അത് ഇരട്ടിയാകും. ഇന്ധന വില ഓർത്ത് മീൻ കിട്ടിയാലും ഇല്ലങ്കിലും ഒരുദിവസത്തിനപ്പുറം കടലിൽ നിൽക്കാൻ കഴിയാതെ തീരത്തടുപ്പിക്കേണ്ട അവസ്ഥയാണ്. കടലിൽ പോയി തിരിച്ചുവന്നാൽ പലർക്കും ഡീസൽ വിലപോലും കിട്ടാത്ത സാഹചര്യമാണ്.
ഡീസൽ വില 102 കടന്നതോടെ ജീവിതംവഴിമുട്ടുന്ന അവസ്ഥയിലെത്തിയെന്ന് മത്സ്യതൊഴിലാളിയും ബോട്ടുടമയുമായ കുറിയ മൊയ്തീൻ കാക്കാനകത്ത് കോയ പറഞ്ഞു. നാൽപ്പത് വർഷത്തിലേറെയായി കടലാണ് ജീവിതം. വിലവർധനവ് മൂലം കടൽ ജീവിതത്തോട് വിട പറയേണ്ട അവസ്ഥയിലാണ് –  മൊയ്തീൻ പറഞ്ഞു.
നഷ്ടം സഹിച്ച് ബോട്ടിറക്കേണ്ടെന്ന് പല ബോട്ടുടമകളും തീരുമാനിച്ചതോടെ തീരം കഷ്ടതയുടെ നടുവിലാണ്. ചിലരെല്ലാം ബോട്ടുകൾ കിട്ടിയ വിലയ്ക്ക് നൽകി ബാധ്യതകൾ തീർക്കുകയാണ്. പലരും മറ്റ് ജോലികളിലേക്ക് ചുവട് മാറ്റി. ഇന്ധന വിലവർധനയാണ് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
പ്രതികൂല കാലാവസ്ഥകളും അപകടങ്ങളും പതിവായ തീരത്തിന് ഇന്ധന വില വർധനവ് താങ്ങാവുന്നതിലും അപ്പുറമാണ്. സബ്സിഡി ഇല്ലെങ്കിലും മത്സ്യതൊഴിലാളികൾക്ക് ഡീസലിന്റെ സെസ് ചാർജെങ്കിലും ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top