08 December Wednesday

ആക്രമണം ആസൂത്രിതമെന്ന്‌ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

കൊണ്ടോട്ടി
കൊട്ടുക്കര കോടങ്ങാട്‌ പെൺകുട്ടിക്കുനേരെയുണ്ടായ ബലാത്സംഗ ശ്രമം ആസൂത്രിതമെന്ന്‌ പൊലീസ്‌. പെൺകുട്ടിയുടെ നീക്കങ്ങൾ തുടർച്ചയായി നിരീക്ഷിച്ച പ്രതി ഉചിത സ്ഥലം നേരത്തെ നിശ്‌ചയിച്ചുറപ്പിച്ചാണ്‌ ആക്രമണം നടത്തിയത്‌. പെൺകുട്ടിയെ ആക്രമിക്കാൻ പ്രതി സ്വീകരിച്ച രീതികൾ ഇത്‌ തെളിയിക്കുന്നു. പ്രതി വഴിയരികിലെ കടകളിൽ നിന്നിരുന്നതായി പെൺകുട്ടിയും മൊഴി നൽകിയിട്ടുണ്ട്‌.
പെൺകുട്ടിയുടെ വീട്ടിൽനിന്ന്‌ ഒന്നര കിലോമീറ്റർ അകലെവച്ചാണ്‌ സംഭവം. കോടങ്ങാട്‌ മദ്രസ കഴിഞ്ഞ്‌ ഇടവഴിയിലേക്ക്‌ ഇറങ്ങിയ ഉടനെയായിരുന്നു ആക്രമണം. ആളൊഴിഞ്ഞ പറമ്പിലേക്കാണ്‌ പെൺകുട്ടിയെ വലിച്ചിഴച്ചത്‌. മതിലിനുമുകളിലൂടെ തന്നെ പൊക്കിയെറിഞ്ഞു എന്നാണ്‌ പെൺകുട്ടിയുടെ മൊഴി. ജൂഡോ മുറകൾ പഠിച്ച പ്രതി പെൺകുട്ടിയെ ക്രൂരമായാണ്‌ ആക്രമിച്ചത്‌. കല്ലുകൊണ്ട്‌ തലയ്‌ക്കടിച്ച്‌ അപായപ്പെടുത്താനും ശ്രമമുണ്ടായി.  പ്രത്യാക്രമണത്തിൽ പ്രതി പതറിയതുകൊണ്ടുമാത്രമാണ്‌ പെൺകുട്ടിക്ക്‌ രക്ഷപ്പെടാനായത്‌. പ്രതിക്ക്‌ ക്രിമിനൽ പശ്‌ചാത്തലമില്ലെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.
സമൂഹമാധ്യമങ്ങളുടെ നിരന്തര ഉപയോഗമാകാം പ്രതിയെ കുറ്റകൃത്യത്തിലേക്ക്‌ നയിച്ചതെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌.  പഴുതടച്ച അന്വേഷണത്തിലൂടെയാണ്‌ പൊലീസ്‌  24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയത്‌. കൊണ്ടോട്ടി ഡിവൈഎസ്‌പി  കെ അഷ്റഫ്, സിഐ എം സി പ്രമോദ്, എസ്ഐമാരായ പി കെ അഹമ്മദ്കുട്ടി, എം അജാസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top