04 June Sunday

ഒറ്റബെല്ലിൽ തീരാത്ത രംഗപാഠം

യു വിനയൻUpdated: Monday Mar 27, 2023

ശാന്തമ്മയും മക്കളും കൊച്ചുമക്കളും

മലപ്പുറം
നാൽപ്പത്തിയഞ്ചുവർഷംമുമ്പ്‌  മാവേലിക്കര അച്യുതനും ഭാര്യ ശാന്തമ്മ മാവേലിയും മലബാറിലേക്ക്‌ വണ്ടികയറുമ്പോൾ രണ്ട്‌ ഇഷ്ടങ്ങൾ അവർക്കുള്ളിൽ കൂടുകൂട്ടിയിരുന്നു–- നാടകവും മതനിരപേക്ഷതയും. മുണ്ടേരി ഫാമിലായിരുന്നു അച്യുതന് ജോലി. അവിടെ 45 പേരെ നാടകവും ബാലെയും പഠിപ്പിച്ചു. വീനസ്‌ നൃത്തകലാക്ഷേത്രമെന്ന ട്രൂപ്പുണ്ടാക്കി.
അച്യുതന്റെയും ശാന്തമ്മയുടെയും ആദ്യ മകന്റെ പേരാണ്‌ വീനസ്‌. മതമില്ലാത്തവനായി വീനസിനെ വളർത്തി. രണ്ടാമത്തെ മകൾ ഫൂലൻദേവി. മൂന്നാമത്തേത്‌ ജാൻസി. ജാൻസിയെ പള്ളിയിൽ വിട്ടു. ബൈബിളും ക്രിസ്‌തീയ ആചാരങ്ങളും പരിചയപ്പെടുത്തി. മറ്റൊരു മകൾ കുൽസു അറബിയും ഖുറാനും പഠിച്ചു. മുസ്ലിം മതസ്ഥനെ വിവാഹംകഴിച്ചു. മൈത്രിയുടെ പാതയിൽ മുന്നേറിയ മക്കളെയെല്ലാം  കലയുടെ മാലയിൽ മുത്തുകളായിക്കോർത്തു. ഭിന്നശേഷിക്കാരനെങ്കിലും വീനസിനെയും നാടക, മിമിക്രി, മോണോ ആക്ട്‌ വേദികളിൽ എത്തിച്ചു.
വീനസ്‌ കലാക്ഷേത്ര കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും നാടകവും ബാലെയും അവതരിപ്പിച്ചു. നിലമ്പൂരിന്‌ അന്ന്‌ അപരിചിതമായ ബാലെയെ പരിചയപ്പെടുത്തിയതും ഇവരാണ്‌. 
ജീവിതവും നാടകവും ഇഴചേർന്ന നാളുകളുടെ ഓർമകളുമായി ശാന്തമ്മ കരിമ്പുഴ പാത്തിപ്പാറ മുതലക്കുഴിയിലെ മാവേലി വീട്ടിൽ ഇന്നുമുണ്ട്‌. 
‘‘ഒരേ നാട്ടുകാരായിരുന്നു ഞങ്ങൾ’’–- അച്യുതനെപ്പറ്റി പറയുമ്പോൾ ശാന്തമ്മയുടെ ഉള്ളിൽ പോയകാലത്തിന്റെ രംഗപടം. 
‘‘കോവിലകത്ത്‌ മുറിയിലായിരുന്നു ആദ്യം താമസം. നിലമ്പൂർ ബാലനെയും നിലമ്പൂർ ആയിഷയെയുമെല്ലാം അവിടെവച്ചാണ്‌ പരിചയപ്പെടുന്നത്‌. സൂര്യനെല്ലി, കറുത്തരക്തം, ശ്രീകുരുമ്പക്കാവ്‌, താമ്രപത്രം എന്നീ നാടകങ്ങളും കഥാപ്രസംഗങ്ങളും അച്യുതൻ എഴുതി അവതരിപ്പിച്ചു. പാലക്കാടുവച്ച്‌ നാടകംകണ്ട ഐ വി ശശി ഇരുവരെയും സിനിമയിലേക്ക്‌ ക്ഷണിച്ചിരുന്നു. രണ്ടുവർഷംമുമ്പാണ്‌ അച്യുതൻ മരിച്ചത്‌.
കുഞ്ഞായിരുന്നപ്പോഴേ നൃത്തം ഇഷ്‌ടമായിരുന്നു. അമ്മാവൻമാരെ പേടിച്ച്‌ ആഗ്രഹം ഉള്ളിലൊതുക്കി. മാവേലിക്കര അറുനൂറ്റിംഗലത്ത്‌ വീടിനടുത്ത്‌ ഒരു ആശാൻ നൃത്തം പഠിപ്പിച്ചിരുന്നു. ഒഴിവുവേളകളിൽ അവിടെയെത്തി ജനലിലൂടെ നോക്കി പഠിക്കും. ഒമ്പതാം ക്ലാസിൽ ഏലിയാമ്മ, ലീലാമ്മ എന്നിങ്ങനെ രണ്ട്‌ കൂട്ടുകാരുണ്ടായിരുന്നു. അവർ പാട്ടും ഡാൻസും പഠിക്കുന്നവരാണ്‌. ഒരിക്കൽ അവരോട്‌ എനിക്കും കളിക്കണമെന്ന്‌ പറഞ്ഞു. കൂടെക്കളിച്ചപ്പോൾ അവർക്കും അത്‌ഭുതം. പിന്നെ അവരുടെ കൂടെ സ്ഥിരമായി കളിച്ചു.  അവധിക്കാലത്ത്‌ അവർതന്നെയാണ്‌ വീട്ടിലെത്തി അമ്മയോടും അച്ഛനോടും എന്നെയും ട്രൂപ്പിൽ വിടാൻ ആവശ്യപ്പെട്ടത്‌. അങ്ങനെ അമ്മാവൻമാർ അറിയാതെ ട്രൂപ്പുകളിൽ പരിപാടിക്ക്‌ പോയിത്തുടങ്ങി. കൈയിൽ കാശില്ലാത്തതിനാൽ കൂട്ടുകാരികൊണ്ടുവന്ന അഞ്ചുരൂപ വാങ്ങി ദക്ഷിണകൊടുത്തതൊക്കെ ഇന്നലെയെന്നതുപോലെ ഓർമയുണ്ട്‌’’ –-ശാന്തമ്മ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും ഇപ്പോഴും ഭരതനാട്യംചെയ്യാറുണ്ട്‌. കഴിഞ്ഞവർഷം നില
മ്പൂർ നഗരസഭ സംഘടിപ്പിച്ച സംഗമത്തിൽ നൃത്തം അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top