27 May Wednesday

പെരിന്തൽമണ്ണ സുസജ്ജം

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
പെരിന്തൽമണ്ണ
അടച്ചുപൂട്ടൽ കാരണം ആരും പട്ടിണിയാവില്ലെന്ന്‌ ഉറപ്പിച്ച്‌ പെരിന്തൽമണ്ണ നഗരസഭ. വീടുകളിൽ ഭക്ഷണവും മരുന്നും ലഭ്യമാക്കാൻ പ്രത്യേക കർമപദ്ധതി ആവിഷ്‌കരിച്ചു. നഗരസഭാതല റാപ്പിഡ്‌ റെസ്‌പോൺസ് ടീം (ആർആർടി) നേതൃത്വത്തിൽ സജ്ജീകരണമായി. 
      നഗരസഭയിലെ 34 വാർഡുകളെ  ആറ്‌ ക്ലസ്റ്ററാക്കി ആളുകളെ നാല്‌ കാറ്റഗറിയാക്കി തിരിച്ചാണ്‌ ഭക്ഷ്യലഭ്യത ഉറപ്പാക്കുകയെന്ന്‌ നഗരസഭാ ചെയർമാൻ എം മുഹമ്മദ്‌സലീം പറഞ്ഞു. കാറ്റഗറി എ: വൈകിട്ട്‌ അഞ്ചുവരെ അവശ്യസാധനങ്ങൾ ഷോപ്പിലെത്തി വാങ്ങാൻ സാഹചര്യമുള്ളവർ–-ഇവർക്കായി അവശ്യസാധനങ്ങൾ വിൽക്കുന്ന 30  കടകൾ കൃത്യമായി പ്രവർത്തിക്കാൻ നടപടിയെടുക്കും. കാറ്റഗറി ബി: അവശ്യസാധനങ്ങൾ വാങ്ങാൻ പണമുണ്ടെങ്കിലും പുറത്ത് പോവാൻ പ്രയാസമുള്ളവർ, മുതിർന്ന പൗരൻമാർമാത്രമുള്ള കുടുംബം, നിരീക്ഷണത്തിലിരിക്കുന്നവർ–- ഇവർക്കായി കുടുംബശ്രീ ഹോം ഡെലിവറി വിഭാഗം ആരോഗ്യ ക്രമീകരണം പാലിച്ച് പ്രവർത്തിക്കും. 759491 0000ൽ വിളിച്ച് അഞ്ച് അമർത്തി ബന്ധപ്പെടാം. കാറ്റഗറി സി: ഭക്ഷണം പാകംചെയ്യാൻ കഴിയുന്നവരും  ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ കൈയ്യിൽ പണമില്ലാത്തവർ, കൂലിവേല ചെയ്താൽ മാത്രം വരുമാനമുള്ളവർ, ദിവസങ്ങളായി ജോലിയില്ലാത്തവരായ ദരിദ്ര വിഭാഗം, നിരീക്ഷണത്തിലിരിക്കുന്നവർ, അഗതികൾ, ഒറ്റപ്പെട്ട വയോധികർ, ഇതര സംസ്ഥാന തൊഴിലാളികൾ–- ഇവർക്ക്‌ ഒരാഴ്ച ഇടവേളയിൽ  ഭക്ഷ്യധാന്യകിറ്റ് സൗജന്യമായി വീടുകളിലെത്തിക്കും. 
 കാറ്റഗറി ഡി: - നഗരത്തിൽ ഒറ്റപ്പെട്ടവർ, ഭക്ഷണമുണ്ടാക്കാൻ കഴിയാത്തവർ, തെരുവിലലയുന്നവർ, ഹോട്ടലിനെ മാത്രം ആശ്രയിച്ചുകഴിയുന്നവർ, പട്ടണത്തിലെ കൂലിവേലക്കാർ, അഗതികൾ , നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന ഷോപ്പുകൾ, ഗവ. ആശുപത്രി, നഗരസഭ, പൊലീസ്, ഫയർഫോഴ്സ്, കുടുംബശ്രീ, സിവിൽ ഡിഫൻസ് ഫോഴ്സ്, പത്രപ്രവർത്തകർ ,സന്നദ്ധ പ്രവർത്തകർ, അവശ്യ സർവീസിൽ ജോലി ചെയ്യുന്നവർ–- ഇവർക്കായി നഗരസഭാങ്കണത്തിൽ കമ്യൂണിറ്റി കിച്ചണിൽ പാകംചെയ്ത ഭക്ഷണമെത്തിക്കും.
പ്രധാന വാർത്തകൾ
 Top