28 October Thursday

എസ്എഫ്ഐ ജില്ലാ പഠന ക്യാമ്പിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

എസ്എഫ്ഐ ജില്ലാ പഠന ക്യാമ്പ് കലിക്കറ്റ് സർവകലാ ക്യാമ്പസിൽ എം സ്വരാജ് ഉദ്ഘാടനംചെയ്യുന്നു

 

തേഞ്ഞിപ്പലം 
എസ്എഫ്ഐ ജില്ലാ പഠന ക്യാമ്പിന് കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ തുടക്കം.  എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ്  ഉദ്ഘാടനംചെയ്തു.
ജില്ലാ പ്രസിഡന്റ് ഇ അഫ്സൽ അധ്യക്ഷനായി. "ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം'  വിഷയത്തിൽ എം സ്വരാജും "മാർക്‌സിയൻ ദർശനം'  വിഷയത്തിൽ വി ശശികുമാറും "എസ്എഫ്ഐ ഭരണഘടനയും പരിപാടികളും'  വിഷയത്തിൽ അഡ്വ. ടി പി രഹന സബീനയും  ക്ലാസെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം സജാദ്, വി വൈ ഹരികൃഷ്ണപാൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എ സക്കീർ സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം തേജസ് കെ  ജയൻ നന്ദിയും പറഞ്ഞു. 
ഞായറാഴ്‌ച "ജാതി വർഗീയത, മതേതരത്വം'– - പ്രൊഫ. എം എം നാരായണൻ, 
‘ലിംഗനീതിയുടെ രാഷ്ട്രീയം'–-  ഡോ. എം സി അബ്ദുൽ നാസർ, "ഇന്ത്യൻ വിപ്ലവപാത'–- കെ പി ശങ്കരൻ, "പുതിയ ക്യാമ്പസ് പുതിയ സംഘടന'–  അഡ്വ. സച്ചിൻ ദേവ് എംഎൽഎ  എന്നിവർ ക്ലാസെടുക്കും."മാധ്യമങ്ങളുടെ രാഷ്ട്രീയം' വിഷയത്തിൽ എ എ റഹീം സംസാരിക്കും.  
തിങ്കളാഴ്‌ച "ഇന്ത്യൻ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രവും വർത്തമാനവും'– -നിതീഷ് നാരായണൻ ‘ദേശീയ വിദ്യാഭ്യാസനയം 2020'– - സോണിയ ഇ  പ, "വായന, സർഗാത്മകത, ആവിഷ്കാരം'– -സി ജംഷീദ് അലി എന്നിവർ ക്ലാസെടുക്കും. 170 പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
 

ആശയ അടിത്തറയുള്ള സംഘടനകൾ പ്രതിസന്ധികളെ നേരിടും: എം സ്വരാജ്‌

തേഞ്ഞിപ്പലം 
ആശയപരമായ അടിത്തറയിൽ വളരുന്ന സംഘടനകൾക്ക് ഏത് പ്രതിസന്ധികളെയും നേരിടാൻ കഴിയുമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം സ്വരാജ് പറഞ്ഞു. കലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ എസ്എഫ്ഐ  ജില്ലാ പഠന ക്യാമ്പ് ഉദ്ഘാടനംചെയ്യുകയായിരുന്നു സ്വരാജ്‌. ചരിത്രമെന്നത് വർത്തമാനകാലത്തെ അഭിമുഖീകരിക്കാനുള്ള ഊർജമാണ്. ചരിത്രത്തിൽനിന്നുള്ള ആയുധങ്ങളാണ് രാഷ്ട്രീയത്തിൽ ഉപയോഗിക്കേണ്ടത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന ഐതിഹാസിക പോരാട്ടമാണ്‌ മലബാർ സമരം. കോൺഗ്രസിന്റെ അന്നത്തെ സവർണ നേതൃത്വം  മലബാർ സമരത്തെ വഴിയിലുപേക്ഷിച്ചു. ഒന്നാം സ്വാതന്ത്ര്യസമരത്തെ ശിപായി ലഹളയെന്നും വാഗൺ കൂട്ടക്കൊലയെ വാഗൺ ട്രാജഡിയെന്നുമാക്കി ചിത്രീകരിച്ച ബ്രിട്ടീഷുകാർ തന്നെയാണ് മലബാർ സമരത്തെ മാപ്പിള ലഹളയാക്കിയതെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top