31 October Saturday

പടപ്പാട്ടിന്റെ സ്‌മരണയിൽ ആദ്യ പ്രതിഷേധ സന്ദേശം

സ്വന്തം ലേഖകൻUpdated: Saturday Sep 26, 2020

ചരിത്രഹത്യക്കെതിരെ ജനകീയ കൂട്ടായ്മയുടെ ഭാഗമായി കമ്പളത്ത് ഗോവിന്ദൻ നായരുടെ മകൾ പി കെ ബാലാമണിയമ്മ പ്രധാനമന്ത്രിക്ക് ആദ്യ മെയിൽ അയക്കുന്നു. ഇ എം എസ് പഠന ഗവേഷണകേന്ദ്രം സെക്രട്ടറി ഇ എൻ മോഹൻദാസ് സമീപം

മലപ്പുറം
പടപ്പാട്ടുകൊണ്ട്‌ ബ്രിട്ടീഷ്‌ പട്ടാളത്തെ വിറപ്പിച്ച കമ്പളത്ത്‌ ഗോവിന്ദൻ നായരുടെ മകൾ പി കെ ബാലാമണിയമ്മ പ്രതിഷേധത്തിന്റെ ആദ്യസന്ദേശമയച്ചു. ചരിത്രഹത്യക്കെതിരെ  പ്രധാനമന്ത്രിക്കയച്ച ആദ്യ ഇ മെയിലിലൂടെ ഉയർന്നത്‌‌ പുതിയ സമരകാഹളം. മലബാർ സമരനായകരായ വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി, ആലി മുസ്‌ലിയാർ അടക്കമുള്ളവരെ രക്തസാക്ഷി അമരകോശത്തിൽനിന്ന്‌ ഒഴിവാക്കാനുള്ള നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ ഇ മെയിൽ അയക്കൽ ക്യാമ്പയിന്‌ തുടക്കം. 
മലബാർ സമരത്തെയും രക്തസാക്ഷികളെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽനിന്ന്‌ വെട്ടിമാറ്റാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തിന്‌ കരുത്തേകിയാണ്‌‌ സ്വാതന്ത്ര്യ സമരസേനാനിയും അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവുമായ കമ്പളത്തിന്റെ കുടുംബം പോരാട്ടത്തിൽ പങ്കുചേർന്നത്‌. 
തിരുവാലിയിലെ വീട്ടിൽ നടന്ന ചടങ്ങിൽ ഇ എം എസ്‌ പഠന ഗവേഷണകേന്ദ്രം സെക്രട്ടറി ഇ എൻ മോഹൻദാസ്‌, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എ കെ കൃഷ്‌ണപ്രദീപ്‌, പി കെ ബാലാമണിയമ്മയുടെ മക്കളായ കെ വിജയകുമാർ, കെ ശ്രീജ, മരുമക്കളായ സി എം ഗോപകുമാർ, കെ പി സോഫി, കൊച്ചുമക്കളായ കെ നിവേദിത, നീരജ, കെ അജയ്‌ എന്നിവർ പങ്കാളികളായി. 
ഇ എം എസ്‌ പഠന ഗവേഷണം ആഭിമുഖ്യത്തിൽ 30ന്‌ വൈകിട്ട്‌ നാലിന്‌ കോട്ടക്കുന്നിൽ നടക്കുന്ന ‘മായ്‌ക്കാനാകില്ല മലബാർ സമരചരിത്രം–- ചരിത്രഹത്യക്കെതിരെ ബഹുജന കൂട്ടായ്‌മ’യുടെ ഭാഗമായാണ്‌ ഇ മെയിൽ ക്യാമ്പയിൻ. ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ രണ്ടുവരെയുള്ള ക്യാമ്പയിനിൽ ചരിത്രകാരന്മാർ, ചരിത്രവിദ്യാർഥികൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, കവികൾ, എഴുത്തുകാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കാളികളാകും. 
 
ചരിത്രത്തെ ഇല്ലാതാക്കാനാകില്ല
ചരിത്രസംഭവങ്ങളെ ഒരിക്കലും വെട്ടിമാറ്റാൻ കഴിയില്ലെന്ന്‌ പി കെ ബാലാമണിയമ്മ പറഞ്ഞു. ചരിത്രത്തിലെ നല്ല കാര്യങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ പ്രതിഷേധം ഉയരണം. പത്താം ക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തിൽ ഇപ്പോഴും അച്ഛൻ എഴുതിയ പടപ്പാട്ട്‌ പഠിപ്പിക്കുന്നുണ്ട്‌. നാളെ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന്‌ ആരെങ്കിലും പറഞ്ഞാൽ അത്‌ അംഗീകരിക്കാൻ കഴിയില്ല. നടന്ന സംഭവങ്ങൾ സത്യമാണ്‌‌. അതിന്‌ തെളിവുകളുമുണ്ട്‌. ചരിത്രസംഭവങ്ങളെ ആര്‌ തിരുത്തിക്കുറിക്കാൻ ശ്രമിച്ചാലും കഴിയില്ലെന്നും അവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top