07 April Tuesday
മറ്റ്‌ ചികിത്സകൾ ജില്ല, താലൂക്ക്‌ ആശുപത്രികളിൽ

മെഡിക്കൽ കോളേജ്‌ കോവിഡിന്‌ മാത്രം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
സ്വന്തം ലേഖകൻ
മലപ്പുറം
മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി  ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമാക്കിയതോടെ  ചികിത്സയുൾപ്പെടെ ഇതര സേവനങ്ങൾ മറ്റ് സർക്കാർ ആശുപത്രികളിലേക്ക്‌ പുനഃക്രമീകരിച്ചു. പ്രസവം ഉൾപ്പെടെ മഞ്ചേരിയിൽ ലഭ്യമായിരുന്ന ആരോഗ്യ, ചികിത്സാ സേവനങ്ങൾ തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ ജില്ലാ ആശുപത്രികൾ, മലപ്പുറം, പൊന്നാനി താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലേക്കാണ് ക്രമീകരിച്ചതെന്ന്  കലക്ടർ ജാഫർ മലിക് അറിയിച്ചു. 
ഇതിനായി ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ സേവനങ്ങളും ഈ കേന്ദ്രങ്ങളിൽ ലഭ്യമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന പറഞ്ഞു. 
കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രത്തിൽ പരിശീലനം ലഭിച്ച വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കും. 
  നിരോധനാജ്ഞ നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാർക്ക് പ്രത്യേക യാത്രാസൗകര്യവും ഏർപ്പെടുത്തി. കലക്ടറുടെ നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പാണ് സംവിധാനം ഒരുക്കിയത്. 
മലപ്പുറം, കിഴിശേരി, കൊണ്ടോട്ടി, പെരിന്തൽമണ്ണ, മേലാറ്റൂർ, കാളികാവ്, വഴിക്കടവ്, അരീക്കോട് എന്നിവിടങ്ങളിൽനിന്ന് ജീവനക്കാർക്കായി പ്രത്യേക വാഹനങ്ങളുണ്ടാകും. രാവിലെ 6.30ന് യാത്രതിരിച്ച് 7.30ന് മഞ്ചേരിയിൽ വാഹനങ്ങളെത്തും. രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന ജീവനക്കാരെ ഇതേ വാഹനങ്ങളിൽ തിരികെ കൊണ്ടുപോകും. വൈകിട്ട്‌  ആറിന്‌ ഇതേ കേന്ദ്രങ്ങളിൽനിന്ന് രാത്രി ഡ്യൂട്ടിക്കുള്ള യാത്ര തുടങ്ങി മെഡിക്കൽ കോളേജിൽ എത്തും.
 7.30ന് പകൽ ഡ്യൂട്ടി പൂർത്തിയാക്കിയവരെ തിരികെ കൊണ്ടുപോകും.
പ്രധാന വാർത്തകൾ
 Top