25 July Sunday

നടുക്കമൊഴിയാതെ പന്തല്ലൂർ

സി ശ്രീകാന്ത്‌Updated: Friday Jun 25, 2021

ആനക്കയം പന്തല്ലൂർ മില്ലുംപടിയിൽ കടലുണ്ടിപ്പുഴയിൽ കാണാതായ കുട്ടികൾക്കുവേണ്ടി ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തുന്നു

 മലപ്പുറം

മഴമാറിയ ഇടവേളയിൽ പുഴ കാണാനുള്ള കുട്ടികളുടെ യാത്ര ദുരന്തത്തിൽ അവസാനിച്ചതിന്റെ നടുക്കത്തിലാണ്‌ പന്തല്ലൂർ. ബന്ധുക്കളായ മൂന്ന്‌ പെൺകുട്ടികളുടെ ജീവനാണ്‌ കടലുണ്ടിപ്പുഴ കവർന്നത്‌. ഒഴുക്കിൽപ്പെട്ട നാലുപേരിൽ ഒരാൾമാത്രമാണ്‌ രക്ഷപ്പെട്ടത്‌. വ്യാഴാഴ്‌ച പകൽ 12–-നാണ്‌ അയൽവാസികളും ബന്ധുക്കളുമായ കുട്ടികൾ കരിങ്കയം കടവിലേക്ക് പോയത്‌. കടവിൽ ഇരിക്കുന്നതിനിടെ കുത്തനെയുള്ള പാറയിൽ കാൽവച്ച രണ്ടുപേർ വെള്ളത്തിലേക്ക് വഴുതിവീണു. ഇവരെ പിടിച്ചുകയറ്റാൻ ഫാത്തിമ ഇസ്രത്തും ഫസ്മിയ ഷെറിനും ഇറങ്ങുകയായിരുന്നു. എന്നാൽ, അടിയൊഴുക്ക്‌ കാരണം ഇവർക്ക്‌ കുട്ടികളെ രക്ഷിക്കാനായില്ല.
കുട്ടികൾ പുഴ കാണാൻ പോയതറിഞ്ഞ്‌ കടവിലെത്തിയ അബ്ദുറഹിമാൻ കണ്ടത്‌ നാലുപേരും പുഴയിൽ മുങ്ങുന്ന കാഴ്‌ചയാണ്‌. വെള്ളത്തിലേക്ക് ചാടി നാലുപേരെയും പിടിച്ചുയർത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക്‌ ശ്രമം തടഞ്ഞു. ഒഴുക്ക്‌ ശക്തമായതോടെ പിടിവിട്ട് കുട്ടികൾ പുഴയിലേക്ക് അകന്നു. കരയിലുണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മറുകരയിലുണ്ടായിരുന്ന ഫാം തൊഴിലാളികളും പുഴയിലേക്ക് ചാടി. തുടർന്ന്‌ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ്‌ മരക്കൊമ്പിൽ പിടിച്ചുനിന്ന അൻഷിദയെ  കരയ്‌ക്കെത്തിച്ചത്‌. മൂന്നടി താഴ്ചയിലെ കയത്തിന് മുകളിൽവച്ച്‌ ഫാത്തിമ ഫിദയെയും ഫാത്തിമ ഇഫ്റത്തി നെയും മുങ്ങിയെടുത്ത്‌  മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം, മഞ്ചേരി ഫയർ ഫോഴ്സ് യൂണിറ്റുകൾ, എമർജൻസി റെസ്ക്യൂ ഫോഴ്സ്, ട്രോമാ കെയർ, പൊലീസ് ഡിഫൻസ്‌, നാട്ടുകാർ എന്നിവർ നടത്തിയ  തെരച്ചിലിനൊടുവിൽ  രാത്രി ഏഴോടെ അങ്ങാടിത്തറ കെട്ടിന് സമീപത്തുനിന്ന്‌ ഫസ്‌മിയ ഷെറിന്റെ മൃതദേഹവും കണ്ടെടുത്തു. കലക്ടർ കെ ഗോപാലകൃഷ്‌ണനും തഹസിൽദാറും സംഭവസ്ഥലം സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top