29 May Friday

ആശങ്കവേണ്ട, ‘റൂട്ട്‌മാപ്പ്‌’ ഫെയ്സ്‌ബുക്കിലുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

സവാദ്‌

മലപ്പുറം
ദുബായിൽനിന്നെത്തി വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്ന മാറഞ്ചേരി സ്വദേശിയുടെ ഫെയ്സ്‌ബുക്ക്‌ കുറിപ്പ്‌ വൈറലാകുന്നു. ഹുജൈറയിലെ ദിബ്ബയിൽ ഫാർമസിസ്റ്റായ സവാദ്‌ മാറഞ്ചേരിയാണ്‌ എന്റെ റൂട്ട്‌ മാപ്പ്‌ എന്ന്‌ തുടങ്ങുന്ന കുറിപ്പിൽ ദുബായിൽനിന്ന്‌ യാത്ര ആരംഭിച്ചപ്പോൾമുതൽ വീട്ടിൽ എത്തിയതുവരെയുള്ള കാര്യങ്ങൾ ഫെയ്സ്‌ബുക്കിൽ കുറിച്ചത്‌. 
‘‘19ന്‌ നാട്ടിലേക്ക്‌ പുറപ്പെടുന്നതിനുമുമ്പ്‌ വീട്ടിൽ വിളിച്ച്‌ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും സ്വീകരിക്കാനായി ആരും വരേണ്ടതില്ലെന്നും അറിയിച്ചു. 20ന്‌ എമിറൈറ്റ്‌സ്‌ ഫ്ലൈറ്റ് ഇകെ 532ൽ കൊച്ചിയിൽ ഇറങ്ങിയപ്പോൾതന്നെ ആരോഗ്യ വകുപ്പ്‌ അധികൃതരെയും വിവരം അറിയിച്ചു.  മാസ്‌കും സാനിറ്റൈസറും ഉപയോഗിച്ചായിരുന്നു വീട്ടിലേക്കുള്ള യാത്ര. ഡ്രൈവർക്കുള്ളതും കൈയ്യിൽ കരുതിയിരുന്നു. 20ന്‌ രാവിലെ ആറിന്‌ വീട്ടിൽ എത്തി. മുകളിൽ പ്രത്യേകം ഒരുക്കിയ മുറിയിലാണ്‌ താമസം. ഭക്ഷണം വീട്ടുകാർ റൂമിന്‌ പുറത്ത്‌ എത്തിച്ചുനൽകും. എല്ലാ ദിവസവും ആരോഗ്യ വകുപ്പ്‌ ജീവനക്കാർ ഫോണിൽ വിളിച്ച്‌ വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്‌. 
കോവിഡ് നേരിടാൻ മാതൃകാപരമായ പ്രവർത്തനമാണ്‌ കേരള സർക്കാരിന്റേത്’’–- സവാദ്‌ കുറിപ്പിൽ പറയുന്നു. എല്ലാം നമ്മൾ അതിജീവിക്കും, ആശങ്ക വേണ്ട ജാഗ്രത മതി എന്നുപറഞ്ഞാണ്‌ കുറിപ്പ്‌ അവസാനിക്കുന്നത്‌. പോസ്റ്റ്‌ വൈറലായതോടെ നിരവധി പേരാണ്‌ ദിവസവും അഭിനന്ദനവുമായി വിളിക്കുന്നത്‌. ഭാര്യയും വിദ്യാർഥികളായ മൂന്നുമക്കളുമാണ്‌ വീട്ടിലുള്ളത്‌. ഇവർക്കുള്ള മുൻകരുതലുകളേക്കുറിച്ചും സവാദ്‌ നിർദേശം നൽകിയിട്ടുണ്ട്‌. പലരും വിവരങ്ങൾ മറച്ചുവയ്ക്കുമ്പോഴാണ്‌ താൻ സഞ്ചരിച്ച റൂട്ട്‌ മാപ്പ്‌ ഫെയ്സ്‌ബുക്കിൽ കുറിച്ച്‌ സവാദ്‌ മാതൃകയായത്‌.
പ്രധാന വാർത്തകൾ
 Top