25 May Monday

സാധനങ്ങള്‍ വീട്ടിലെത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
മലപ്പുറം
ലോക്ക് ഡൗണായതോടെ അവശ്യ സാധനങ്ങള്‍ക്ക് ഹോം ഡെലിവറിയൊരുക്കി ജില്ലാ ഭരണകൂടം. മൊബൈൽ ഫോണിൽ വാട്‌സ്‌ ആപിലൊരു സന്ദേശം അയച്ചാൽ മതി, വേണ്ടതെല്ലാം വീട്ടിലെത്തും. ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത്‌ ഒഴിവാക്കാനാണ് സംവിധാനമൊരുക്കിയത്‌. ജില്ലയിലെ 83 സൂപ്പർ മാർക്കറ്റുകളുമായി സഹകരിച്ചാണ്‌ ഹോം ഡെലിവറി. സൂപ്പർ മാർക്കറ്റുകളുടെ വിവരങ്ങൾ കലക്ടറുടെ ഔദ്യോ​ഗിക  ഫെയ്സ് ബുക്ക് പേജില്‍  പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. 
സാധനങ്ങൾ എത്തിക്കാൻ ജില്ലാ ഭരണസംവിധാനം ഓട്ടോ ഡ്രൈവർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. സ്വന്തം വാഹനങ്ങളുമായി വരുന്നവർക്ക്‌ കടയിലേക്ക്‌ കയറാതെ സാധനങ്ങൾ പുറത്ത്‌ എത്തിച്ച്‌ നൽകും. പണം ഓൺലൈനായും നേരിട്ടും അടയ്ക്കാം. വിലയിൽ യാതൊരു വ്യത്യാസവുമില്ലാതെയാണ്‌ സാധനങ്ങൾ എത്തിച്ചുനൽകുന്നത്‌. 
സൂപ്പർ മാർക്കറ്റുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. ഒരേസമയം അഞ്ച്‌ പേരെമാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ജീവനക്കാർക്ക്‌ മാസ്‌ക്കുകളും സാനിറ്റൈറുകളും നിർബന്ധമാക്കി. തിരക്ക്‌ നിയന്ത്രിക്കാനായുള്ള കമ്പിവേലികളും പുറത്ത്‌ സ്ഥാപിച്ചിട്ടുണ്ട്‌. ഇതുവഴി സൂപ്പർ മാർക്കറ്റുകളിലെ തിരക്ക്‌ കുറക്കാനായെന്നും കച്ചവടം കുറവില്ലാതെ തുടരുന്നുണ്ടെന്നും വ്യാപാരികൾ പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top