29 July Thursday
പഞ്ചായത്ത് അധികൃതര്‍ എന്‍ഒസി നൽകിയില്ല

വീടെന്ന സ്വപ്‌നം പൂവണിയാതെ ആദിവാസി കോളനിവാസികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

ചോക്കാട് നെല്ലിയാമ്പാടം കോളനിയില്‍ തകര്‍ച്ചാ ഭീഷണിയിലായ വീടുകള്‍

ചോക്കാട്
ലൈഫ് പദ്ധതിയിൽ ഫണ്ട് അനുവദിച്ചിട്ടും പഞ്ചായത്ത് അധികൃതരിൽനിന്ന്‌ എൻഒസി ലഭിക്കാത്തതിനാൽ വീട് നിർമിക്കാനാവാതെ നെല്ലിയാമ്പാടം ആദിവാസി കോളനിയിലെ നാല് കുടുംബങ്ങൾ.  കൃഷ്ണൻ, മാധവി, ചെറിയ നീലി, രാമൻ എന്നിവർക്കാണ്‌ പഞ്ചായത്ത്‌ അധികൃതരുടെ അനാസ്ഥ കാരണം വീടെന്ന സ്വപ്‌നം പൂവണിയാൻ സാധിക്കാത്തത്‌. ലൈഫ് ഭവന പദ്ധതിയിൽ ഫണ്ട് അനുവദിച്ചത് സംബന്ധിച്ച രേഖകൾ ഐടിഡിപി അധികൃതരിൽനിന്ന്‌ വിഇഒക്ക് സമർപ്പിച്ചിരുന്നു.  
 കോളനിയിലെ താമസക്കാരാണെന്നതിന് രേഖകൾ സമർപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടതു പ്രകാരം ഐടിഡിപിയിൽനിന്ന്‌ രേഖകളും ഗുണഭോക്താവിന്റെ സത്യപ്രസ്താവനയും സമർപ്പിച്ചതായി ഇവർ പറയുന്നു. എന്നാൽ ഈ രേഖകൾ പോരെന്നും കൈവശ രേഖകൾ സമർപ്പിച്ചാൽമാത്രമേ പുതിയ വീട് വയ്ക്കാൻ ആവശ്യമായ എൻഒസി നൽകുകയുള്ളൂവെന്നാണ്‌ അധികൃതരുടെ നിലപാട്‌.  
ഇവരുടെ കുടുംബം തലമുറകളായി ഇവിടെയാണ് താമസിക്കുന്നത്. കൈവശരേഖകളൊന്നും ഇവരുടെ പക്കലില്ല.  കുടുംബങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കാൻ കോളനി സന്ദർശിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതിയോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. രേഖകൾ സംബന്ധിച്ച അനിശ്ചിതത്വത്തിന് ഉടൻ പരിഹാരം കാണാൻ അധികൃതർ തയ്യാറാവണമെന്ന്‌ പഞ്ചായത്തംഗം കെ ടി സലീന പറഞ്ഞു. കനത്ത മഴയിലും തകരാനായ വീടുകളിൽ ഭീതിയോടെയാണ്‌ ഈ കുടുംബങ്ങൾ അന്തിയുറങ്ങുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top