23 August Friday

ആദ്യ വോട്ടറായി വി പി സാനു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 24, 2019
മലപ്പുറം
"സാനുവെത്തും കൃത്യസമയത്തിനുതന്നെ' സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷവും പര്യടനദിനങ്ങളിലും എൽഡിഎഫ‌് പ്രവർത്തകർ ആവർത്തിച്ച വാക്ക‌്. സഹപ്രവർത്തകർ ക്യാമ്പയിനാക്കിയ ആ ചൊല്ലിനെ യാഥാർഥ്യമാക്കി മലപ്പുറം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി പി സാനു.  കുറ്റിപ്പുറം പഞ്ചായത്തിലെ പാണ്ടികശാല ഹയാത്തുൽ ഇസ്ലാം മദ്രസയിൽ കൃത്യസമയത്തിനുമുമ്പേ എത്തി, ഒന്നാമതായി  വോട്ട‌് രേഖപ്പെടുത്തി. 
    പൊന്നാനി ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ ഒതായി പെരകമണ്ണ മദ്രസയിൽ രാവിലെ 7.45നും വയനാട‌് ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീർ  പൊന്നാനി മാറഞ്ചേരി പരിച്ചകം എഎംഎൽപി സ‌്കൂളിലും രാവിലെ എട്ടരയോടെയെത്തി വോട്ടുചെയ‌്തു. 
മുതിർന്ന സിപിഐ  എം നേതാവും മുൻമന്ത്രിയുമായ ടി ശിവദാസമേനോൻ മഞ്ചേരി വായപ്പാറപ്പടി ജിഎൽപി സ‌്കൂളിൽ വോട്ടുചെയ‌്തു. കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ‌്റ്റി ഡോ. പി കെ വാരിയർ കോട്ടക്കൽ ജിഎംയുപി സ‌്കൂളിൽ വോട്ടുചെയ‌്തു.
 മന്ത്രി കെ ടി ജലീൽ വളാഞ്ചേരിയിലെ മൂച്ചിക്കൽ ഗവ. എൽപി സ‌്കൂളിലും സ‌്പീക്കർ പി ശ്രീരാമകൃഷ്ണൻ പെരിന്തൽമണ്ണ ഖാദർ മൊല്ല എയുപി സ‌്കൂളിലും വോട്ടുചെയ‌്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി പി വാസുദേവൻ ഒലിങ്കര വള്ളുവനാട‌് വിദ്യാനികേതൻ സ‌്കൂളിലും പി കെ സൈനബ ചുങ്കത്തറ ജിഎൽപി സ‌്കൂളിലും  സമ്മതിദാനാവകാശം വിനിയോഗിച്ചു. 
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ‌് കോഡൂർ ചെമ്മങ്കടവ‌് ജിഎംഎൽപി സ‌്കൂളിലും ഇമ്പിച്ചിബാവയുടെ പത്നി ഫാത്തിമ ഇമ്പിച്ചിബാവ പുതുപൊന്നാനി എഎംയുപി സ‌്കൂളിലും മുൻ മന്ത്രി ടി കെ ഹംസ  മഞ്ചേരി മുള്ളമ്പാറ എൽപി സ‌്കൂളിലും വോട്ടുചെയ‌്തു. മലപ്പുറം ലോക‌്സഭാ മണ്ഡലം യുഡിഎഫ‌് സ്ഥാനാർഥി  പി കെ കുഞ്ഞാലിക്കുട്ടി പാണക്കാട‌് സികെഎംഎംഎഎൽപി സ‌്കൂളിലും പൊന്നാനി ലോക‌്സഭാ മണ്ഡലം യുഡിഎഫ‌് സ്ഥാനാർഥി ഇ ടി മുഹമ്മദ‌് ബഷീർ കൊണ്ടോട്ടി വാഴക്കാട‌് മപ്രം ജിഎംഎൽപി സ്കൂളിലും വോട്ടുരേഖപ്പെടുത്തി. 
പാണക്കാട‌് ഹൈദരലി ശിഹാബ‌് തങ്ങൾ സികെഎംഎംഎഎൽപി സ‌്കൂളിലും കോൺഗ്രസ‌് നേതാവ‌് ആര്യാടൻ മുഹമ്മദ‌് വീട്ടിക്കുത്ത‌് ജിഎൽപി സ്കൂളിലും വോട്ട‌് ചെയ‌്തു.
പ്രധാന വാർത്തകൾ
 Top