മലപ്പുറം
ഒന്നിച്ച് പഠിച്ചും അറിവുപകർന്നും കുട്ടികൾ. കുടുംബശ്രീ നേതൃത്വത്തിൽ ‘കണക്ട് ടു ചിൽഡ്രൻ’ പദ്ധതി വീണ്ടും സജീവമായി. ബാലസഭാ അംഗങ്ങളുടെ ആശയ വിനിമയശേഷിയും ഭാഷാനൈപുണിയും മെച്ചപ്പെടുത്തുക പാഠ്യ–-പാഠ്യേതര വിഷയങ്ങളിൽ മികവ് ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. വിദ്യാഭ്യാസവകുപ്പിനുകീഴിലെ അസാപ്പ് കേരളയുമായി ചേർന്നാണ് പരിപാടി.
ബ്ലോക്കിൽ ഒരു കേന്ദ്രം എന്ന രീതിയിൽ 15 ബ്ലോക്കുകളിലെ 500 ബാലസഭാംഗങ്ങൾക്കാണ് 30 മണിക്കൂർ പരിശീലനം. ഒരുകേന്ദ്രത്തിൽ പരമാവധി 35 പേർക്കാണ് പ്രവേശനം. ഓരോ സെന്ററും പ്രവർത്തിക്കാൻ ആവശ്യമായ അടിസ്ഥാനസൗകര്യം കുടുംബശ്രീ ജില്ലാ മിഷൻ സഹായത്തോടെ അതത് സിഡിഎസുകൾ ഒരുക്കുകയും കോഴ്സ് ഫീസ് ജില്ലാ മിഷൻ അടയ്ക്കുകയുംചെയ്യുന്ന രീതിയിലാണ് പദ്ധതി. ശനി, ഞായർ ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലുമാണ് പരിശീലനം.
കോവിഡ് കാലത്ത് സ്കൂൾ അടച്ച സാഹചര്യത്തിലാണ് 2021-–- 22ൽ 600 ബാലസഭാംഗങ്ങൾക്ക് 60 മണിക്കൂർ നീണ്ടുനിന്ന കണക്ട് ടു ചിൽഡ്രൻ പദ്ധതി ആരംഭിച്ചത്. അതിന് രക്ഷിതാക്കളിൽനിന്നും കുട്ടികളിൽനിന്നും ലഭിച്ച സ്വീകാര്യതയാണ് ഈ വർഷവും ‘ കണക്ട് ടു ചിൽഡ്രൻ’ സംഘടിപ്പിക്കാൻ പ്രേരണയെന്ന് കുടുംബശ്രീ ജില്ലാ കോ- ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..