28 November Sunday

ഫാൾസ്‌ നമ്പറിടാതെ മൂല്യനിർണയം: പ്രചാരണം രാഷ്‌ട്രീയം ലക്ഷ്യംവച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

 

തേഞ്ഞിപ്പലം 

കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഉത്തരക്കടലാസുകൾ ഫാൾസ്‌ നമ്പർ ഇടാതെ മുല്യനിർണയത്തിനയച്ചെന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യംവച്ച്‌.  മുസ്ലിംലീഗുകാരനായ സിൻഡിക്കറ്റംഗം ഉൾപ്പെടെ പങ്കെടുത്ത യോഗത്തിന്റെ ഐകകണ്ഠ്യേനയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്തരത്തിൽ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിന്‌ അയച്ചത്‌. സെപ്തംബർ ഒമ്പതിന് ചേർന്ന പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗമാണ്‌ ബിഎ, ബിഎസ്‌സി, ബികോം രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ ഫാൾസ് നമ്പറിടാതെ മൂല്യനിർണയത്തിനായി ക്യാമ്പുകളിലേക്ക് അയക്കാൻ തീരുമാനമെടുത്തത്‌. യോഗത്തിൽ പങ്കെടുത്ത ലീഗ് സിൻഡിക്കറ്റംഗമായ ഡോ. പി റഷീദ് അഹമ്മദ്  ഉൾപ്പെടെ ഈ തീരുമാനം അംഗീകരിച്ചിരുന്നു. എന്നാൽ മൂല്യനിർണയം ആരംഭിച്ചതോടെയാണ് റഷീദ് അഹമ്മദും അദ്ദേഹത്തിന്റെ സംഘടയായ സികെസിടിയും രാഷ്ട്രീയ താല്‍പ്പര്യത്തോടെ വിവാദത്തിനിറങ്ങിയത്. എതിർപ്പുണ്ടായിരുന്നെങ്കിൽ യോഗത്തിൽതന്നെ വിയോജന കുറിപ്പ് രേഖപ്പെടുത്താമായിരുന്നു. വിദ്യാർഥികൾക്ക് എത്രയും വേഗം പരീക്ഷാഫലം നൽകേണ്ടതിനാൽ അധ്യാപകരെ വിശ്വാസത്തിലെടുത്ത്‌ ഫാൾസ് നമ്പറില്ലാതെതന്നെ മൂല്യനിർണയം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പരീക്ഷാ സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ ഡോ. ജി റിജുലാൽ പറഞ്ഞു. അധ്യാപകരിൽ സർവകലാശാലക്ക് പൂർണ വിശ്വാസമുണ്ട്. ഇക്കാര്യത്തിൽ   ആശങ്കയുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ തങ്ങളെ സംശയനിഴലിലാക്കുന്ന  വാർത്തകൾ വരുന്നതിൽ അധ്യാപകർക്കിടയിൽ കടുത്ത അമർഷമുണ്ട്. സർവകലാശാലക്കുകീഴിലുള്ള ഓട്ടോണമസ് കോളേജുകളുടെ പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും യാതൊരു നിയന്ത്രണവും ഇല്ലെന്നിരിക്കെ മറ്റ് കോളേജുകളിലെ മൂല്യനിർണയത്തിൽമാത്രം കാണിക്കുന്ന അമിത താല്‍പ്പര്യം പരീക്ഷാ ഫലം വൈകിപ്പിക്കാനാണെന്ന സംശയവും ഉയർന്നിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top