06 December Monday

കൂട്ടായ്‌മയുടെ കരുത്തിൽ 
കുതിച്ചുയർന്ന്‌ സ്നേഹ ബാഗ്സ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

സ്‌നേഹ ബാഗ്‌സ് യൂണിറ്റ്‌ പ്രവർത്തകരായ ഗീത, സുബെെദ, സരിത എന്നിവർ പുതിയ കെട്ടിടത്തിന്‌ മുന്നിൽ

 

പൊന്നാനി

സ്വയംതൊഴിലായി തുടങ്ങിയ പേപ്പർ ബാഗ് നിർമാണം നാട്ടിലെ പ്രധാന തൊഴിൽ സംരംഭമായി മാറിയതിന്റെ പേരാണ്‌ പെരുമ്പടപ്പിലെ സ്നേഹ ബാഗ്സ്. 2018ൽ പെരുമ്പടപ്പ് പാറ സ്വദേശിയായ കാക്കരാട്ട് ഗീതയും ഭർത്താവ് ശിവദാസനും ചേർന്ന്‌ ആരംഭിച്ച സംരംഭം നിലവിൽ നാൽപ്പതോളം പേർക്ക് തൊഴിൽ നൽകുന്ന കുടുംബശ്രീ യൂണിറ്റാണ്‌.  ഗീതയുടെ ഭർത്താവ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതോടെയാണ്‌ വീട്ടിൽ ബാഗ് നിർമാണ യൂണിറ്റ് എന്ന ആശയത്തിന്റെ തുടക്കം. പേപ്പർ ബാഗിനും തുണിസഞ്ചിക്കും ധാരാളം ഓർഡറുകൾ എത്തിയതോടെ 2019ൽ കുടുംബശ്രീ യൂണിറ്റാക്കി മാറ്റി. ഗീത ശിവദാസ്, സുബൈദ, സി കമറുന്നീസ, സി ഫാത്തിമ, എം സരിത എന്നീ അഞ്ച് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പിന്നീടുള്ള പ്രവർത്തനം.  കൂട്ടയ്‌മയുടെ കരുത്തിൽ കുതിച്ച സ്നേഹ ബാഗ്സ് ആധുനിക സൗകര്യങ്ങളുള്ള സ്വന്തം കെട്ടിടത്തിലേക്ക്‌ മാറുകയാണ്‌. വർക്കിങ്‌ ഷെഡ് നിർമിക്കാൻ പെരുമ്പടപ്പ് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ആറ് ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് നിർമാണ സാമഗ്രികൾക്കായി നാലര ലക്ഷവും നൽകി. ഇതോടെ ഗീത ശിവദാസ് വീടിനോട് ചേർന്ന്‌ മൂന്ന് സെന്റ്‌ സ്ഥലം വിട്ടുനൽകുകയായിരുന്നു. പഞ്ചായത്ത് നൽകിയ ആറ് ലക്ഷത്തിനൊപ്പം ബാഗ് നിർമാണത്തിലൂടെ കിട്ടിയ നാല് ലക്ഷവും ചേർത്താണ് കെട്ടിടം പൂർത്തീകരിച്ചത്. പുതിയ കെട്ടിടം 23ന് പി നന്ദകുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്യും.

ഉൽപ്പന്നങ്ങൾ കടൽകടന്നു

വിവിധ തരം മാസ്ക്കുകൾ, തുണിസഞ്ചി, പേപ്പർ ബാഗ്, ജൂട്ട് ബാഗ്, മാക്സി, നിസ്ക്കാര കുപ്പായം, ട്രോഫികൾ, ടീ ഷർട്ട്, ഐഡി കാർഡ് തുടങ്ങിയാണ്‌ സ്നേഹ ബാഗ്സിലെ പ്രധാന ഉൽപ്പന്നങ്ങൾ. 
   ജില്ലക്കകത്തും പുറത്തുംമാത്രമല്ല ഗൾഫ് നാടുകളിൽവരെ ഇവയെത്തി. സ്വന്തം കെട്ടിടവും യന്ത്രസാമഗ്രികളും എത്തിയതോടെ പദ്ധതി കൂടുതൽ വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇവർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top