31 October Saturday

കർഷക ബിൽ: പ്രതിഷേധിച്ച്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ സിപിഐ എം മലപ്പുറത്ത് നടത്തിയ ബഹുജന കൂട്ടായ്മ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്യുന്നു

തിരുവനന്തപുരം
ഭരണഘടനയെയും പാർലമെന്ററി കീഴ്‌വഴക്കങ്ങളെയും വെല്ലുവിളിച്ച്‌ കാർഷികമേഖല കോർപറേറ്റുകൾക്ക്‌ തീറെഴുതിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായ പ്രതിഷേധത്തിൽ അണിചേർന്ന്‌ കേരളവും. കേന്ദ്ര സർക്കാർ തുടരുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം ആഹ്വാനംചെയ്‌ത രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ ജില്ലാ കേന്ദ്രങ്ങളിലാണ്‌ ബഹുജന കൂട്ടായ്‌മകൾ സംഘടിപ്പിച്ചത്‌. 
കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ നടത്തിയ പ്രതിഷേധത്തിൽ ഓരോ കേന്ദ്രത്തിലും നൂറിൽ താഴെപേർ അണിചേർന്നു‌. 
ജനദ്രോഹ കർഷക ബിൽ പിൻവലിക്കുക, ആദായനികുതി കൊടുക്കാത്ത എല്ലാ കുടുംബങ്ങൾക്കും 7,500 രൂപവീതം അക്കൗണ്ടിൽ നിക്ഷേപിക്കുക,  ആവശ്യക്കാർക്ക്‌ മാസം 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക,  തൊഴിലുറപ്പിൽ വർഷം 200 തൊഴിൽ ദിനമെങ്കിലും  ലഭ്യമാക്കുക,  നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക,  എല്ലാ തൊഴിൽരഹിതർക്കും തൊഴിലില്ലായ്മ വേതനം നൽകുക, എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള  നീക്കം ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ്‌ പ്രതിഷേധം. 
തിരുവനന്തപുരം ജിപിഒക്ക്‌ മുന്നിൽ പ്രതിഷേധ കൂട്ടായ്‌മ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. 
മലപ്പുറം കോട്ടപ്പടിയിൽ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ നടന്ന സമരം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോൻദാസ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജയൻ, ജില്ലാ കമ്മിറ്റിയംഗം കെ പി സുമതി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ മജ്‌നു സ്വാഗതവും ലോക്കൽ സെക്രട്ടറി സി എം നാണി നന്ദിയും പറഞ്ഞു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top