17 September Tuesday

നാശമുണ്ടായവർക്ക്‌ തൊഴിൽ ഉറപ്പാക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
മലപ്പുറം
പ്രളയക്കെടുതിയെത്തുടർന്ന് വീടും ജീവനോപാധികളും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലും വരുമാനവും ഉറപ്പുവരുത്താൻ പദ്ധതി ആരംഭിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ കാർഡ് നഷ്ടപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും ക്യാമ്പുകൾ  സംഘടിപ്പിച്ച് തൊഴിൽ കാർഡ് വിതരണവും തൊഴിലിനുള്ള അപേക്ഷ സ്വീകരിക്കലും പുരോഗമിക്കുന്നു.
 പ്രളയവും ഉരുൾപൊട്ടലുംമൂലം തകർന്ന റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് പുനഃസ്ഥാപനത്തിനായി തൊഴിലുറപ്പ് പദ്ധതിയിൽ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌. ഗ്രാമീണ റോഡുകൾ, കലുങ്കുകൾ എന്നിവയുടെ പുനഃസ്ഥാപനം,  പുഴ, തോട്, കനാൽ, പൊതു കിണർ തുടങ്ങിയവയുടെ പുനരുദ്ധാരണം, പാർശ്വഭിത്തി പുനഃസ്ഥാപനം/ ബലപ്പെടുത്തലും  പൊതു കുളങ്ങൾ, ജലസേചന കനാൽ പുനർനിർമാണം, അറ്റകുറ്റപ്പണികൾ, വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓവുചാലുകളുടെ പുനർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുക. 
പ്രളയം, ഉരുൾപൊട്ടൽ എന്നിവമൂലം തകർന്ന ഭൂപ്രദേശങ്ങളുടെ പുനഃസ്ഥാപനവും  ഭൂമി കൃഷിക്ക് ഉപയുക്തമാക്കൽ തുടങ്ങിയ പ്രവൃത്തികളും വാർഡ്തലത്തിൽ കണ്ടെത്തി ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന്  തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ  അറിയിച്ചു.
പ്രധാന വാർത്തകൾ
 Top