17 June Monday
ദേശാഭിമാനി വാർത്ത തുണയായി

പൊന്നുവിന‌് പഠിക്കാം; ഡിവൈഎഫ‌്ഐ തണലേകും

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019
പൂക്കോട്ടുംപാടം
പൊന്നുവിന‌് ഇനി തളരാതെ പഠിക്കാം. താങ്ങും തണലുമായി പുരോഗമന യുവജന പ്രസ്ഥാനമുണ്ടാകും. ആദിവാസി ഗോത്രവിഭാഗത്തിലെ അറനാടൻ വിഭാഗത്തിലെ അംഗമായ  പൊന്നുവിന‌് സാമ്പത്തിക പരാധീനതയാൽ ഉപരിപഠനം അസാധ്യമായത‌് ‘ദേശാഭിമാനി’ വാർത്ത നൽകിയിരുന്നു. ഇത‌് ശ്രദ്ധയിൽപ്പെട്ടതോടെയാണ‌് ഡിവൈഎഫ‌്ഐ അമരമ്പലം മേഖലാ കമ്മിറ്റി ഈ മിടുക്കിയുടെ വിദ്യാഭ്യാസ ചെലവ‌് ഏറ്റെടുക്കാൻ സന്നദ്ധരായി മുന്നോട്ടുവന്നത‌്. 
എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയമാണ‌് ഈ ആദിവാസി പെൺകുട്ടി നേടിയത‌്. 
കോളനിയിൽ എസ്എസ്എൽസി പരീക്ഷ  വിജയിച്ച ഏക വിദ്യാർഥിയും പൊന്നുവാണ്. അച്ഛനും അമ്മയും മറ്റൊരു വിവാഹംകഴിച്ച് വേറെ താമസമാക്കിയതോടെ മുത്തശ്ശി ചാത്തിക്കൊപ്പമാണ് പൊന്നുവിന്റെ താമസം. 
ചെറുപ്പംമുതൽ ചാത്തിയാണ് പൊന്നുവിനെ പഠിപ്പിച്ചത്.  വനവിഭവം ശേഖരിച്ചാണ‌് ചാത്തി നിത്യവൃത്തി നടത്തിയിരുന്നത‌്. വാർധക്യമായതോടെ ജോലി ചെയ്യാനാകാതായി. 
ഇതോടെ  പൊന്നുവിന്റെ പഠനവും പ്രതിസന്ധിയിലായി. പൂക്കോട്ടുംപാടം ഗവ. ഹൈസ‌്കൂളിലെ അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്നാണ് പൊന്നുവിന്റെ എസ‌്എസ‌്എൽസി പഠനം സാധ്യമാക്കിയത‌്. 
പ്ലസ‌്‌ വൺ പഠനം പ്രതിസന്ധിയിലായ വിവരമറിഞ്ഞ‌് ഡിവൈഎഫ‌്ഐ നേതാക്കൾ വീട്ടിലെത്തിയാണ‌് സഹായവാഗ‌്ദാനം അറിയിച്ചത‌്.  
ആദ്യഘട്ടത്തിൽ പഠനോപകരണങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണംചെയ്തു. 
അമരമ്പലം  പഞ്ചായത്ത് അംഗം മീനാക്ഷി, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി മഞ്ഞളാരി സുജീഷ്, പ്രസിഡന്റ് നെല്ലേങ്ങര ശിവൻ, ട്രഷറർ അനീഷ് കവളമുക്കട്ട, വി പി ഉണ്ണിമൊയ്തീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ‌് വീട്ടിലെത്തിയത‌്.

 

പ്രധാന വാർത്തകൾ
 Top