26 February Wednesday

"ദേശീയഗാനം വിരഹഗാനമായിക്കൂടാ'

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

ഗിരിജ പാതേക്കര (കവി, അധ്യാപിക)

ഇന്ത്യ മതേതര രാജ്യമാണ്, ജനാധിപത്യ രാഷ്ട്രമാണ്, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം ഇവയെല്ലാം ഉറപ്പുവരുത്തുന്ന ഒന്നാണ് ഇന്ത്യൻ ഭരണഘടന എന്നൊക്കെ കേട്ടും പഠിച്ചും അഭിമാനിച്ചും കഴിഞ്ഞിരുന്നവരാണ് നമ്മൾ  ഈയടുത്ത കാലംവരെ. ആ അഭിമാന ബോധത്തിനേറ്റ വലിയ ആഘാതമാണ് പുതിയ പൗരത്വനിയമം. 
ജനഹൃദയങ്ങളെ മതാടിസ്ഥാനത്തിൽ ധ്രുവീകരിച്ച് രാജ്യത്ത് കലാപവും അതുവഴി ഫാസിസവും നടപ്പാക്കാനുള്ള ഈ നീക്കത്തിനെതിരെ രാജ്യസ്നേഹികളായ ഇന്ത്യക്കാർ ഒറ്റക്കെട്ടായിത്തന്നെ നിലകൊള്ളുന്നു എന്നതാണ് ഈ ദിവസങ്ങളിലത്രയും ലോകജനത കണ്ടുകൊണ്ടിരിക്കുന്നത്. മനുഷ്യത്വ വിരുദ്ധതയ്ക്കും വർഗീയതയ്ക്കുമെതിരെ രാജ്യമെമ്പാടും നമ്മൾ നടത്തിവരുന്ന  സമരങ്ങളുടെ ഭാഗമായി  26ന് നടക്കാൻ പോകുന്ന മനുഷ്യ മഹാശൃംഖലയിൽ ജാതി–-മത രാഷ്ട്രീയങ്ങൾക്കതീതരായി നമ്മൾ ഒന്നിക്കേണ്ടതുണ്ട്.
ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 14 അനുസരിച്ച് നിയമത്തിന് മുൻപിൽ എല്ലാവരും തുല്യരാണ്. ഇന്ത്യൻ പൗരത്വത്തിനുള്ള യോഗ്യതയിൽ ചില വിഭാഗക്കാരെ ഒഴിവാക്കുന്നത് അതിനാൽത്തന്നെ ഭരണഘടനാ ലംഘനവുമാണ്. കൂടാതെ, വകുപ്പ് 19ഉം 20ഉം സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ഇന്ത്യൻ പൗരന് അവകാശം നൽകുന്നുണ്ട്. എന്നാൽ ഇപ്പോൾ നടക്കുന്നത് ഇതിന്റെ ലംഘനംകൂടിയാണ്. സവർണ ഭാരതം നിർമിക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരേ നാം ജാഗരൂകരാവേണ്ടതുണ്ട്. ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. പ്രശസ്ത കവി റഫീക് അഹമ്മദ് പറഞ്ഞ പോലെ, ഭാവിയിൽ നമ്മുടെ ദേശീയഗാനം ഒരു വിരഹഗാനമായി മാറിക്കൂടാ. -
 
പ്രധാന വാർത്തകൾ
 Top