പൊന്നാനി
മുഴുവൻ പാടശേഖരങ്ങളിലെ പമ്പ് ഹൗസുകളിലും സോളാർ പാനൽ സ്ഥാപിക്കുമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. പൊന്നാനി കോളിലെ പെരുമ്പടപ്പ് പഴഞ്ചിറ പാടശേഖരത്തിലെ പമ്പ് ഹൗസ് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാർ സംവിധാനം വന്നാൽ കർഷകർക്ക് ഏറെ ഗുണംചെയ്യും. അൽപ്പസമയത്തെ പമ്പ് ഹൗസ് പ്രവർത്തനം കഴിഞ്ഞാൽ ബാക്കി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് കൈമാറാം. ഇതിലൂടെ കറന്റ് ബില്ല് ഒഴിവായികിട്ടുന്നതോടൊപ്പം വൈദ്യുതി വിറ്റ് വരുമാനമുണ്ടാക്കാനും കഴിയും. പുരപ്പുറ സോളാർ പാനൽ സബ്സിഡി ഗ്രൂപ്പ് സംരംഭങ്ങൾക്കും നൽകാനാണ് സർക്കാർ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
പി നന്ദകുമാർ എംഎൽഎ, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനിഷ മുസ്തഫ, കെഎൽഡിസി അസി.എൻജിനിയർ പി ബാബു, കൃഷി ഓഫീസർ അരുൺകുമാർ, എം സുനിൽ എന്നിവർ ഒപ്പമുണ്ടായി.
ഉദ്യോഗസ്ഥരെ
കൃഷിരീതി
പഠിപ്പിച്ച് മന്ത്രി
പൊന്നാനി
ശാസ്ത്രീയ കൃഷിരീതിയെക്കുറിച്ച് കർഷകരെ പഠിപ്പിക്കാറുണ്ടോ? വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ചോദ്യത്തിൽ അമ്പരന്ന് ഉദ്യോഗസ്ഥർ.
പെരുമ്പടപ്പ് പഴഞ്ചിറ പാടശേഖരത്തിലെ പമ്പ് ഹൗസ് സന്ദർശനശേഷം സ്വകാര്യ വ്യക്തിയുടെ തോട്ടം കണ്ടപ്പോഴാണ് ഈ ചോദ്യം ഉന്നയിച്ചത്. തെങ്ങും കവുങ്ങും മറ്റ് മരങ്ങളും കൂടിച്ചേർന്ന് കിടക്കുന്നത് മന്ത്രി ഉദ്യോഗസ്ഥരെ കാണിച്ചു.
കൃഷി ശാസ്‌ത്രീയമായി ചെയ്‌താൽ ഇരട്ടിഫലം കിട്ടും. കൃഷിരീതിയെപ്പറ്റി അറിയാൻ നെൻമാറയിലേക്ക് വരൂവെന്നും അദ്ദേഹം കൃഷി ഉദ്യോഗസ്ഥരോട് പറഞ്ഞു. കൃഷി ഉദ്യോഗസ്ഥർ ഓഫീസിൽമാത്രം ഇരുന്നാൽ പോര കൃഷിയിടങ്ങളിൽ ചെന്ന് കർഷകരെ നേരിൽകണ്ട് ഇത്തരം കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..