28 November Saturday
മലയോരത്ത്‌ ഉയരുന്നു മിനി സിവിൽ സ്‌റ്റേഷൻ

ചുറ്റിക്കറങ്ങേണ്ട; എല്ലാം ഈ സമുച്ചയത്തിൽ

എം സനോജ്‌Updated: Sunday Nov 22, 2020

പ്രവൃത്തി പുരോ​ഗമിക്കുന്ന നിലമ്പൂർ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം

നിലമ്പൂർ

സർക്കാർ ഓഫീസുകൾതേടി ഇനി അലയേണ്ട. മലയോരത്തിന്റെ ദീർഘനാളത്തെ ആഗ്രഹമായ നിലമ്പൂർ മിനി സിവിൽ സ്‌റ്റേഷൻ സഫലം. നിലമ്പൂർ ഗവ. ഐടിഐക്കുസമീപത്തെ ഒരേക്കറിലാണ് മിനി സിവിൽ സ്‌റ്റേഷൻ.  നാലുനില കെട്ടിട നിർമാണം 99 ശതമാനവും  തീർന്നു. യുഡിഎഫ് ഭരണകാലത്ത് പ്രതിസന്ധിയിലായ പദ്ധതി പി വി അൻവർ എംഎൽഎയുടെ നിരന്തര ഇടപെടലിലാണ്‌ ജീവൻവച്ചത്. 15 കോടി 25 ലക്ഷം രൂപ പൊതുഭരണവകുപ്പ് നിർമാണത്തിനും ഇലക്ട്രിക്കൽ ജോലികൾക്കുമായി അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിനുകീഴിലെ ബിൽഡിങ് സെക്ഷനാണ് ചുമതല. സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റാണ് രൂപരേഖ തയാറാക്കിയത്. മുഴുവൻ നടപടിക്രമങ്ങളും ഏകോപിപ്പിക്കുന്നത്  കലക്ടറാണ്. 

18 ഓഫീസുകൾ 
പകിട്ടോടെ

മിനി സിവിൽ സ്‌റ്റേഷനിൽ 18 ഓഫീസുകൾ പ്രവർത്തിക്കും. സബ്ട്രഷറി, വിൽപ്പനനികുതി ഓഫീസ്, സർവേ സൂപ്രണ്ട് ഓഫീസ്, അസി. എഡ്യു. ഓഫീസ്, ഐടിഡിപി ഓഫീസ്, എക്സൈസ് റേഞ്ച് ഓഫീസ്, എക്സൈസ് സർക്കിൾ ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ്, ലേബർ ഓഫീസ്, അഗ്രികൾച്ചർ അസി. ഡയറക്ടർ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, കെഎസ്ഇബി, കെഎസ്എഫ്ഇ, ചാലിയാർ നദീതടവികസന ഓഫീസ്, അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസ്, കേരള വാട്ടർ അതോറിറ്റി, എംപ്ലോയ്‌മെന്റ്‌ ഓഫീസ് എന്നിവ ഇങ്ങോട്ട്‌ മാറും.

""ഇനിയെങ്കിലും  എല്ലാ കാര്യങ്ങളും ഒരിടത്ത് നടക്കുമല്ലോ. വില്ലേജ് ഓഫീസ് നിലമ്പൂർ ടൗണിലാണെങ്കിൽ താലൂക്ക് ഓഫീസ് നാല് കിലോമീറ്റർ അപ്പുറത്താണ്. വാട്ടർ അതോറിറ്റി ഓഫീസാണെങ്കിൽ മറ്റൊരിടത്തും. വിദ്യാർഥികളും യുവതി–- യുവാക്കളും ഏറെ ആശ്രയിക്കുന്ന എംപ്ലോയ്മെ​ന്റ് ഓഫീസാണെങ്കിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്നു. ഇതിനെല്ലാം പരിഹാരമാണ്‌ മിനി സിവിൽ സ്‌റ്റേഷൻ.''   –-യൂനസ് രാമൻക്കുത്ത് ട്രോമാ കെയർ പ്രവർത്തകൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top