നിലമ്പൂർ
കഴിഞ്ഞവർഷം സെപ്തംബർ 21ന് നാവികൻ അഭിലാഷ് ടോമി ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് 3704 കിലോമീറ്റർ ദൂരെ കൊടുങ്കാറ്റിൽ തകർന്ന പായ്വഞ്ചിയിലാണ്. ശരീരമാകെ പരിക്കേറ്റ് ആഞ്ഞടിക്കുന്ന കാറ്റിലും തിരമാലയിലും രക്ഷാപ്രവർത്തകരെ കാത്തിരുന്ന നിമിഷങ്ങൾക്ക് ഒരുവർഷം ഇപ്പുറം ശനിയാഴ്ച അദ്ദേഹം ചാലിയാർ പുഴയിൽ തുഴയെറിഞ്ഞു. "മാലിന്യമുക്ത ചാലിയാർ' എന്ന ലക്ഷ്യത്തോടെയുള്ള കയാക്കിങ് യാത്ര ‘ചാലിയാർ റിവർ പാഡിലി’ന്റെ രണ്ടാംദിവസമാണ് തുഴയെറിയാൻ അഭിലാഷ് ടോമിയെത്തിയത്.
ലോകംചുറ്റിയുള്ള ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി പ്രയാണത്തിനിടെയുണ്ടായ അപകടത്തെ അതിജീവിച്ചെത്തിയ അദ്ദേഹം സഞ്ചാരികൾക്ക് ആവേശമായി. എടവണ്ണ സീതിഹാജി പാലത്തിനുസമീപം പി കെ ബഷീർ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. എടവണ്ണമുതൽ മുറിഞ്ഞമാട് വരെ 25 കിലോമീറ്റർ അഭിലാഷ് ടോമി തുഴഞ്ഞു. ഞായറാഴ്ച അദ്ദേഹം കയാക്കിങ് സംഘത്തോടൊപ്പം 30 കിലോമീറ്റർ സഞ്ചരിക്കും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ജെല്ലി ഫിഷ് വാട്ടർ സ്പോർട്സ് ക്ലബ്ബാണ് യാത്ര നടത്തുന്നത്. ചാലിയാറിലെ മാലിന്യം സംഘം ശേഖരിക്കുന്നുണ്ട്. ഞായറാഴ്ച പകൽ രണ്ടിന് കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലി ഫിഷ് വാട്ടർ സ്പോർട്സ് ക്ലബ്ബിൽ യാത്ര സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..