06 December Sunday

കേരള ബാങ്കിൽ ചേരേണ്ടെന്ന നിലപാട് തിരുത്തണം നബാർഡ്‌ വായ്‌പ നഷ്ടമാക്കിയത്‌ യുഡിഎഫും ലീഗും: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020
മലപ്പുറം
സുഭിക്ഷം പദ്ധതിയിൽ കർഷകർക്ക്‌ ആശ്വാസമാകുമായിരുന്ന നബാർഡ്‌ വായ്‌പ മലപ്പുറത്തിന്‌ നഷ്ടപ്പെടുത്തിയത്‌ കേരള ബാങ്കിനോട് മുഖംതിരിഞ്ഞ മുസ്ലിംലീഗിന്റെയും യുഡിഎഫിന്റെയും സങ്കുചിത നിലപാടെന്ന്‌ സിപിഐ എം. നിക്ഷിപ്‌ത താൽപ്പര്യങ്ങൾക്കായി പാവപ്പെട്ട കർഷകരെ ശിക്ഷിക്കുന്ന നിലപാട്‌ യുഡിഎഫ്‌, മുസ്ലിംലീഗ്‌ നേതൃത്വങ്ങൾ തിരുത്തണമെന്ന്‌ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. 
നബാർഡിന്റെ 1500 കോടി രൂപയുടെ വായ്‌പാ പദ്ധതി 13 ജില്ലകളിലും പ്രയോജനപ്പെടുത്താനാകുമ്പോൾ മലപ്പുറത്തെ കർഷകർക്ക്‌ ഈ ആനുകൂല്യം നിഷേധിക്കപ്പെടുന്ന അസാധാരണ സാഹചര്യമാണ്‌. കുറഞ്ഞ പലിശയ്‌ക്ക്‌ രണ്ടു ലക്ഷം രൂപവരെ വായ്‌പ ലഭ്യമാകുന്നതാണ്‌‌ ഇല്ലാതാകുന്നത്‌.  ഭക്ഷ്യദൗർലഭ്യമുണ്ടായാൽ മറികടക്കാനും കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനുമായി ആവിഷ്‌കരിച്ച പദ്ധതിയാണ്‌ സുഭിക്ഷ കേരളം. നബാർഡിന്റെ 1500ൽ 150 കോടിയെങ്കിലും മലപ്പുറത്തിന്‌ വിഹിതമായി കിട്ടേണ്ടതായിരുന്നു. 
ഭാവിയിൽ കേന്ദ്ര, സംസ്ഥാന പദ്ധതികൾക്ക്‌ നബാർഡ്‌ മുഖേനയും മറ്റും ലഭിക്കേണ്ട ആനുകൂല്യങ്ങൾ കേരള ബാങ്കിന്റെ ഭാഗമല്ലാത്തതിനാൽ മലപ്പുറത്തിന് നിയമപരമായി തന്നെ നഷ്ടമാകുമെന്നാണ്‌ വ്യക്തമാകുന്നത്‌. കാർഷിക, സാമൂഹ്യമേഖലയിൽ സാധാരണക്കാർക്ക്‌ കൈത്താങ്ങാകേണ്ട ജില്ലയിലെ സഹകരണ മേഖലയെ അസ്ഥിരപ്പെടുത്തുന്ന പിടിവാശികളിൽനിന്ന്‌ ലീഗ്‌, യുഡിഎഫ്‌ നേതൃത്വങ്ങൾ ഇനിയെങ്കിലും പിന്തിരിയണം. റിസർവ്‌ ബാങ്കിന്റെ അനുമതിയോടെ രൂപീകൃതമായ കേരള ബാങ്ക്‌ സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹ്യപുരോഗതിക്ക്‌ അടിത്തറയാകുമ്പോൾ ആ സഹായ, സേവനങ്ങൾ മലപ്പുറത്തിന്‌ നിഷേധിക്കുന്നവർക്ക്‌ നാട്‌ മാപ്പുതരില്ല. ജില്ലയിലെ സഹകരണമേഖല കേരള ബാങ്കിന്റെ ഭാഗമായി വികസനരംഗത്ത്‌ മുന്നേറുന്നതിന്‌ ഇടങ്കോലിടുന്ന നീക്കങ്ങളിൽനിന്ന്‌ നാടിന്റെ ഭാവിയെ കരുതി യുഡിഎഫ്‌, ലീഗ്‌ നേതൃത്വം പിന്മാറണമെന്നും ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി
മലപ്പുറം
സുഭിക്ഷ പദ്ധതിയിൽ നബാർഡിന്റെ കാർഷിക വായ്‌പ മലപ്പുറത്തെ കർഷകർക്കും ലഭ്യമാക്കാൻ‌ ഇടപെടണമെന്ന്‌ അഭ്യർഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ സിപിഐ എം ജില്ലാ കമ്മിറ്റി നിവേദനം നൽകി. 
 ജില്ലയിലെ ലക്ഷക്കണക്കിന്‌ കൃഷിക്കാർക്ക്‌ വലിയ ആശ്വാസമാകുന്ന ഈ വായ്‌പാസഹായം മലപ്പുറത്തെ കൃഷിക്കാർക്കും ലഭ്യമാക്കുന്നതിന്‌ സത്വര നടപടി സ്വീകരിക്കണമെന്ന്‌ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ മുഖ്യമന്ത്രിയോട്‌ അഭ്യർഥിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top