15 November Friday

തൊഴിലോ? പഴി വേണ്ട

സ്വന്തം ലേഖകന്‍Updated: Monday Oct 21, 2019
 
മലപ്പുറം
ജില്ലയിലെ ഉദ്യോഗാർഥികളുടെ തൊഴിൽ സ്വപ്‌നം യാഥാർഥ്യമാക്കി ജില്ലാ എംപ്ലോയബിലിറ്റി സെന്റർ. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളെ തൊഴിൽ നൈപുണ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച എംപ്ലോയബിലിറ്റി  സെന്ററിലൂടെ ഒന്നരവർഷത്തിനിടെ ജില്ലയിൽ 538 പേർക്ക്‌ ജോലി ലഭിച്ചു. ബാങ്കിങ്, ഓട്ടോമൊബൈൽ, ഹോസ്‌പിറ്റൽ, ഹോസ്‌പിറ്റാലിറ്റി, വിദ്യാഭ്യാസ മേഖലകളിലാണ്‌ ഭൂരിഭാഗവും നിയമനം നേടിയത്‌.
2018 ജനുവരിയിലാണ്‌ ജില്ലയിൽ എംപ്ലോയബിലിറ്റി സെന്റർ പ്രവർത്തനമാരംഭിച്ചത്‌. 7101 പേർ രജിസ്‌റ്റർചെയ്‌തതിൽ 6259 പേരെ പരിശീലനം നൽകി അഭിമുഖത്തിൽ പങ്കെടുപ്പിച്ചു.
149ലധികം തൊഴിൽദാതാക്കളെ പങ്കെടുപ്പിച്ച്‌ നാല്‌ മിനി ജോബ്‌ ഫെയറും രണ്ട്‌ മെഗാ ജോബ്‌ ഫെയറും സംഘടിപ്പിച്ചു. ബാങ്കിങ്, ഹോസ്‌പിറ്റാലിറ്റി, ഓട്ടോമൊബൈൽ മേഖലയിലെ പ്രമുഖ കമ്പനികൾ പങ്കെടുത്തു.
തൊഴിൽതേടുന്ന ആർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്‌റ്റർചെയ്യാം. അഭിമുഖങ്ങളെ നേരിടാനുള്ള ഭാഷ സ്വായത്തമാക്കൽ, വ്യക്തിത്വ വികസന പരിശീലനം എന്നിവ  ‌സെന്ററിൽനിന്ന്‌ ലഭിക്കും. പ്രാഥമിക കംപ്യൂട്ടർ പരിശീലനവും നൽകും. 
എംപ്ലോയബിലിറ്റി സെന്ററിന്റെ ഓൺലൈൻ അക്കൗണ്ടിലൂടെ ഉദ്യോഗാർഥികൾക്ക്‌ ഒഴിവുകൾ അറിയാനും അപേക്ഷ  അയക്കാനും സാധിക്കും. മറ്റ്‌ ജില്ലകളിൽ സംഘടിപ്പിക്കുന്ന തൊഴിൽമേളകളുടെ വിവരങ്ങളും അറിയാം.
പ്രധാന വാർത്തകൾ
 Top