22 October Tuesday

പ്രളയബാധിതർക്ക് സൗജന്യ റേഷനരി നൽകിയത്‌ 7531 മെട്രിക് ടണ്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019
മലപ്പുറം
പ്രളയം ബാധിച്ച 138 വില്ലേജുകളിൽ ഓണത്തോടനുബന്ധിച്ച്   നടത്തിയ സൗജന്യ റേഷൻ വിതരണം ഭാഗികമായി പൂർത്തിയായി. 7531 മെട്രിക് ടൺ അരിയും 1235 മെട്രിക് ടൺ ഗോതമ്പുമാണ് ഇതുവരെ നൽകിയത്.  പ്രളയം കൂടുതൽ ബാധിച്ച നിലമ്പൂരിൽമാത്രം  1081 മെട്രിക് ടൺ അരിയും 172 മെട്രിക് ടൺ ഗോതമ്പും വിതരണംചെയ്തു.  
സൗജന്യ റേഷൻ വിഹിതം  30 വരെ നൽകും.  ഇനിയും വാങ്ങാത്തവർ റേഷൻ കടകളിൽനിന്ന്  30നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. റേഷൻ കൈപ്പറ്റുന്ന ഉപഭോക്താക്കൾ റേഷൻകട ഉടമകളിൽനിന്ന്  നിർബന്ധമായി ബില്ല്  ചോദിച്ചുവാങ്ങി സൗജന്യ റേഷൻ ഉറപ്പുവരുത്തണം.  സൗജന്യ റേഷന് വില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണിത്.
പ്രളയം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച പ്രദേശങ്ങളിലെ മുഴുവൻ റേഷൻ ഉടമകൾക്കും സെപ്തംബറിൽ അനുവദിച്ച റേഷൻവിഹിതത്തിൽനിന്ന്  അരി, ഗോതമ്പ് എന്നിവ സൗജന്യമായി നൽകാൻ സർക്കാർ നിർദേശിച്ചിരുന്നു. 
അതുപ്രകാരം ജില്ലയിലെ മുഴുവൻ വില്ലേജുകളെയും പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് സൗജന്യ വിതരണം നടത്തുകയായിരുന്നു.
ഏഴുമുതലാണ് ജില്ലയിൽ റേഷൻ കടകളിലൂടെ സൗജന്യ റേഷൻ വിതരണം ആരംഭിച്ചത്. എന്നാൽ അതിനുമുൻപുതന്നെ ഉപഭോക്താക്കൾ വില നൽകി റേഷൻ വാങ്ങിയിരുന്നു. 
അത്തരത്തിൽ വില നൽകി റേഷൻ വാങ്ങിയവരുടെ സൗജന്യ റേഷൻ വിഹിതവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെ ഉപഭോക്താക്കളെ ഉടൻ അറിയിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top