വേങ്ങര
കീരിയും പാമ്പും പോലെയാണ് ബസ് ജീവനക്കാരും വിദ്യാർഥികളും. വഴക്കാണ് എന്നും. സ്റ്റോപ്പിൽ ബസ് നിർത്തിയില്ല, വിദ്യാർഥികൾ ബസിന്റെ ചില്ല് എറിഞ്ഞുടച്ചു. നൂറുനൂറ് പരാതികളാണ് ദിവസവും. എന്നാൽ മറ്റൊരു കഥ പറയുകയാണ് ഇവിടെ ഒരുകൂട്ടം ബസ് ജീവനക്കാർ. പ്രളയബാധിത വിദ്യാർഥികൾക്ക് നേരെ കാരുണ്യത്തിന്റെ കൈനീട്ടിയിരിക്കുയാണ് അവർ.
തിങ്കളാഴ്ചയാണ് എകെപിബിഎം ട്രസ്റ്റിന്റെ വേങ്ങര–-- കുന്നുംപുറം റൂട്ടിൽ ഓടുന്ന തക്ബീർ, വേങ്ങര–-- കുന്നുംപുറം–- കോട്ടുമല റൂട്ടിലെ അൻസാർ എന്നീ ബസുകൾ കാരുണ്യ സർവീസ് നടത്തിയത്. ഇന്ധനച്ചെലവ് ഉടമകൾ വഹിച്ചപ്പോൾ വേതനം ദുരിതാശ്വാസത്തിന് നൽകി തൊഴിലാളികൾ. ഇങ്ങനെ ലഭിച്ച 21,130 രൂപകൊണ്ട് പഠനോപകരണങ്ങളുടെ കിറ്റ് വാങ്ങി വേങ്ങരയിലെ അർഹതയുള്ള വിദ്യാർഥികൾക്ക് എത്തിക്കും. മുനീർ, ഫാസിൽ, മഹേഷ്, റിയാസ് എന്നീ ജീവനക്കാരാണ് വേതനം ഉപേക്ഷിച്ച് കാരുണ്യ യാത്രക്ക് നേതൃത്വം നൽകിയത്. തിങ്കളാഴ്ച രാവിലെ വേങ്ങര ബസ് സ്റ്റാന്‍ഡ് പരിസരത്ത് എസ്ഐ മുഹമ്മദ് റഫീക് കാരുണ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..