19 September Thursday
13 പാലങ്ങൾ നശിച്ചു

500 കിലോമീറ്റർ റോഡ്‌ തകർന്നു

സ്വന്തം ലേഖികUpdated: Wednesday Aug 21, 2019

 

മലപ്പുറം
കനത്ത മഴയിലും ഉരുൾപൊട്ടലിലും ജില്ലയിലെ ഗതാഗത മേഖലക്ക്‌ കനത്ത നാശം. റോഡുകളും പാലങ്ങളും ദേശീയ–സംസ്ഥാന പാതകളും തകർന്നു.-  ആദ്യഘട്ട കണക്ക്‌ പ്രകാരം ജില്ലയിലെ  500 കിലോമീറ്റർ റോഡും 13 പാലങ്ങളും തകർന്നിട്ടുണ്ട്‌. ബ്രിഡ്ജ് വിഭാഗത്തിന് 13 കോടി രൂപയും റോഡ് വിഭാഗത്തിന് 300 കോടി രൂപയുടെയും നഷ്ടം കണക്കാക്കി. പിഡബ്ല്യുഡി പരിധിയിൽ സംസ്ഥാന പാതകൾ, പ്രധാന ജില്ലാ റോഡുകൾ ഉൾപ്പെടെ  2732 കിലോമീറ്റർ റോഡ് ജില്ലയിലുണ്ട്. പേമാരിയിൽ  500 കിലോമീറ്റർ റോഡിലും നാശം നേരിട്ടു. ചെറുതും വലുതുമായി 126 റോഡുകൾ തകർന്നു. പരപ്പനങ്ങാടി–-നാടുകാണി പാതയിൽ ചുരം ഭാഗത്താണ് കനത്ത നഷ്ടം.  പല ഭാഗങ്ങളിലും വിള്ളൽ കണ്ടെത്തി. ചാലിയാർ കരകവിഞ്ഞൊഴുകിയതോടെ കൊയിലാണ്ടി–--എടവണ്ണ,  കമ്പാടം- പാതാർ റോഡ്  ഒലിച്ചുപോയി. 
പലയിടങ്ങളിലായി കലുങ്കുകളും ഓടകളും നശിച്ചു. കൈതിരിക്കടവ് പാലം ഒലിച്ചുപോയി. കരുളായി, എടവണ്ണ, അരീക്കോട് പാലങ്ങളും നശിച്ചു. കരുളായി, എടവണ്ണ പാലങ്ങളുടെ പ്രധാന സ്ലാബുകൾ  നീങ്ങിയതായി കണ്ടെത്തി. അരീക്കോട് പാലത്തിന്റെ ഇരുകരകളിലും  മണ്ണിടിച്ചിലുണ്ടായി. അപകടാവസ്ഥയിലായ പാലങ്ങളിലൂടെ വലിയ വാഹനങ്ങളുടെ പ്രവേശനം തടഞ്ഞു. 
ദേശീയപാതക്ക്‌ 21 കോടിയുടെ നഷ്ടം  കണക്കാക്കി. ഉരുൾപൊട്ടലിലും മഴവെള്ളം കുത്തിയൊലിച്ചുമാണ്  പാതകൾ തകരാറിലായത്‌. പല ഭാഗങ്ങളിലും വലിയ ഗർത്തങ്ങൾ ഉണ്ടായി. കോഴിക്കോട്–--നിലമ്പൂർ, കോഴിക്കോട്‌–-പാലക്കാട്‌ (966), കീരൻകുണ്ട്‌–-കൂട്ടിലങ്ങാടി പാതകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ദേശീയപാത (66) കുറ്റിപ്പുറം, പൊന്നാനി പാതകളും വെള്ളം കയറി തകർന്നു. പ്രദേശത്ത്‌ ഗതാഗതം ഭാഗികമായി നിർത്തിവച്ചിരുന്നു. അഴുക്കുചാലുകൾ കൈയേറിയതും ഇല്ലാതായതുമാണ്‌   വെള്ളക്കെട്ടിന്‌ കാരണമായത്‌. 
കുറ്റിപ്പുറം പാലം, കുറ്റിപ്പുറം–-പൊന്നാനി, പുതു-പൊന്നാനി–-പാലക്കാട്‌, കുറ്റിപ്പുറം –-വളാഞ്ചേരി, കൊണ്ടോട്ടി–-വള്ളുമ്പ്രം പാതകളും തകർന്നു. താഴ്‌ന്ന നിലയിലുള്ള റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. ഈ പാതകൾ ഉയർത്തിയുള്ള പുനർനിർമാണം ആവശ്യമാണ്‌. നിലമ്പൂർ, കരുളായി, നെടുങ്കയം ഭാഗങ്ങളിൽ സിആർഎഫ്‌ ഭാഗമായി നിർമിച്ച റോഡുകളും തകർന്നു. പ്രളയത്തെ അതിജീവിക്കുന്ന തരത്തിൽ റോഡുകളും പാലങ്ങളും പുനർനിർമിക്കാനാണ് സർക്കാർ നിർദേശമെന്ന്‌ വകുപ്പ് അധികൃതർ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top